വിദേശ തൊഴില്‍ വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

199
0
Share:

കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ വായ്പ നല്‍കുന്നതിന് അര്‍ഹതയുളള പട്ടികജാതി യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിനു ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുളളവരും ആകണം.

ഭാരത സര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് പെര്‍മിറ്റ് നല്‍കിയിട്ടുളള തൊഴില്‍ദാതാക്കളോ അഥവാ റിക്രൂട്ട്‌മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴില്‍ ലഭിച്ചു പോകുന്നവരുടെ അപേക്ഷകള്‍ മാത്രമേ വായ്പക്കായി പരിഗണിക്കുകയുളളൂ. മാത്രമല്ല, നോര്‍ക്ക റൂട്ട്‌സ്, ഒടേപെക് എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും.

അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 18 വയസു മുതല്‍ 55 വയസു വരെയുളള പ്രായപരിധയില്‍പ്പെട്ടവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപ അധികരിക്കാന്‍ പാടില്ല. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപയും അതില്‍ ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയുമാണ്. വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്.

അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുളളവര്‍ക്ക് എഗ്രിമെന്റ്, വിസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍ അത് എന്നിവ ലഭിച്ചിരിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

Share: