ഓൺലൈൻ പഠനവും പരീക്ഷകളും 

Share:
ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍(യു.ജി.സി) തീരുമാനിച്ചത് രാജ്യത്തു വിദ്യാഭ്യാസ -തൊഴിൽ രംഗങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നുള്ളത് തീർച്ചയാണ്. ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ, രാജൻ പി തൊടിയൂർ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.
മുംതാസ് രഹാസ് : ഓൺലൈൻ പരീക്ഷക്ക് ഇന്ത്യയിൽ യു ജി സി യുടെ അംഗീകാരം. ഏതു രീതിയിലാണിത് നമ്മുടെ വിദ്യാഭ്യാസ – തൊഴിൽ രംഗത്ത് ഇത് സ്വാധീനിക്കാൻ പോകുന്നത്?
രാജൻ പി തൊടിയൂർ: ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി) തീരുമാനിച്ചത് രാജ്യത്തു വിദ്യാഭ്യാസ -തൊഴിൽ രംഗങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നുള്ളത് തീർച്ചയാണ്.എന്‍ജിനീയറിങ്, മെഡിസിന്‍ എന്നിവ ഒഴിച്ചുള്ള വിഷയങ്ങളില്‍ ഓണ്‍ ലൈന്‍ വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും, യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ഇത്തരം കോഴ്‌സുകള്‍ക്കും അംഗീകാരം നല്‍കാനാണ് നീക്കം. ഇന്ത്യയിലെ 15 ശതമാനം യുണിവേഴ്‌സിറ്റികള്‍ക്ക് ഇത്തരം കോഴ്‌സുകള്‍ നടത്താന്‍ അനുമതി നല്‍കാനും പദ്ധതിയുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലുള്ള കോഴ്‌സുകള്‍ ആരംഭിക്കാനാണ് അനുമതി നല്‍കുക. ഇതിനുള്ള ചട്ടങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് യുജിസി അധികൃതര്‍ അറിയിച്ചു.
മുംതാസ് രഹാസ് : ഇന്ത്യയില്‍ ഇതാദ്യമായാണ് ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിൽ വർഷങ്ങൾ മുൻപ് തന്നെ ഇതാരംഭിച്ചു ?
രാജൻ പി തൊടിയൂർ: ഇന്ത്യയില്‍ ഇതാദ്യമായാണ് ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. നിലവില്‍, ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് യു.ജിസിയോ, സര്‍ക്കാരുകളോ അംഗീകാരം നല്‍കിയിരുന്നില്ല. ആദ്യ ഘട്ടത്തില്‍  എ പ്ലസ് അംഗീകാരമുള്ള യുണിവേഴ്‌സിറ്റികള്‍ക്കാണ് ഓണ്‍ ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുക. മറ്റു യൂണിവേഴ്‌സിറ്റികള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ അംഗീകാരം നേടിയാല്‍ അനുമതി ലഭ്യമാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചിട്ടുള്ളത്. സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നതിന് യു.ജി.സി. അപേക്ഷ ക്ഷണിച്ചു. പല പദ്ധതികളും വിദേശ രാജ്യങ്ങളിൽ ആരംഭിച്ചു ഒരു ദശബ്ദമെങ്കിലും കഴിയുമ്പോഴാണ് നാം ചിന്തിച്ചു തുടങ്ങുന്നത്.
മുംതാസ് രഹാസ് : ആരംഭിക്കുവാൻ എന്തുമാത്രം സമയമെടുക്കും? ഓൺലൈൻ പഠനം ഗുണകരമാകുമോ ?
രാജൻ പി തൊടിയൂർ: അംഗീകാരം ലഭിക്കുന്നവയ്ക്ക് 2019 -20 അധ്യയനവര്‍ഷത്തില്‍ത്തന്നെ കോഴ്‌സുകള്‍ തുടങ്ങാനുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് പുറമെ ആവശ്യമായ രേഖകളും  യു.ജി.സി.യുടെ ന്യൂഡല്‍ഹിയിലുള്ള വിദൂരവിദ്യാഭ്യാസ ബ്യൂറോയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
സാങ്കേതികവിദ്യയുടെ വളര്‍ച്ച വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ കോഴ്‌സുകളുടെ രംഗപ്രവേശം അതില്‍ പ്രധാനമാണ് . പരമ്പരാഗത രീതിയില്‍ കോളേജ്, സര്‍വകലാശാല വിദ്യാഭ്യാസം നേടാനാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ മുന്നോട്ടുവെക്കുന്നത് വലിയ സാധ്യതകളാണ്. വേണമെങ്കില്‍ ജോലിയോടൊപ്പം തന്നെ കോഴ്‌സുകള്‍ ചെയ്യാമെന്ന സൗകര്യവും ഓണ്‍ലൈന്‍ പഠനരീതിയെ ആകര്‍ഷകമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്.
മുംതാസ് രഹാസ് : കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ?
രാജൻ പി തൊടിയൂർ: വിവിധ സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജന്‍സികളും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ .ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുമുണ്ട്. അഭിരുചിക്ക് യോജിച്ചതാവണം കോഴ്‌സ്.  നിലവില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ തൊഴിലില്‍ ഓരോദിവസവും വരുന്ന വെല്ലുവിളികളെ നേരിടാനുള്ള കഴിവ് ഉണ്ടോയെന്ന് സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും. ജോലി എളുപ്പമാക്കാനോ സ്ഥാനക്കയറ്റത്തിനോ ആവശ്യമായ എന്ത് കഴിവാണോ ആവശ്യം, അത് ആര്‍ജിച്ചെടുക്കാന്‍ സഹായിക്കുന്ന ധാരാളം ഓണ്‍ലൈന്‍ കോഴ്സുകള്‍ ലഭ്യമാണ്.
സാങ്കേതികേതര വിഷയങ്ങളിലാണ് ഓൺലൈൻ ബിരുദ പഠനത്തിന് അവസരമൊരുക്കുന്നതെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എൻജിനിയറിങ്, മെഡിക്കൽ പോലുള്ള സുപ്രധാന കോഴ്സുകൾക്ക് ഈ തീരുമാനം ബാധകമാകില്ലെന്ന് കരുതണം. എന്നാൽ വിദേശ രാജ്യങ്ങൾ എൻജിനീയറിംഗ്‌ പോലുള്ള പ്രൊഫഷണൽ കോഴ്സുകൾക്കും ഓൺലൈൻ പഠന സൗകര്യം നടപ്പാക്കിക്കഴിഞ്ഞു എന്ന് നാം മനസ്സിലാക്കണം.
മുംതാസ് രഹാസ് : ഇപ്പോൾ സർക്കാർ കൈക്കൊണ്ടിരിക്കുന്ന തീരുമാനം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. എത്രമാത്രം ശരിയാണ്?
രാജൻ പി തൊടിയൂർ: രാജ്യത്ത് വിദൂരവിദ്യാഭ്യാസമെന്ന പേരിൽ നടത്തുന്ന കോഴ്സുകളെ ഇത് എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാന ആശങ്ക. പഠനസാമഗ്രികൾ സർവ്വകലാശാലകൾ നേരിട്ട് നല്കുകയും അനുബന്ധമായി ക്ലാസുകൾ നടത്തിയുമുള്ള വിദൂര വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ചു പലതരത്തിലുള്ള ആക്ഷേപങ്ങൾ നിലവിലുണ്ട്. പ്രധാനമായും അതിന്റെ ഗുണനിലവാരത്തെ കുറിച്ചുതന്നെ. ചില സ്ഥാപനങ്ങളെങ്കിലും വിദൂര വിദ്യാഭ്യാസത്തെ കച്ചവടക്കണ്ണോടെ കാണുന്നതായും അതിൻറെ ഫലമായി ബിരുദങ്ങളുടെയും സാങ്കേതിക യോഗ്യതകളുടെയും ഗുണനിലവാരം കുറയുന്നതായും പരാതികളുമുണ്ട്.  ഈയൊരു പശ്ചാത്തലത്തിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുമ്പോൾ അതിന്റെ ഗുണനിലവാരം എങ്ങനെ പരിരക്ഷിക്കപ്പെടുമെന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ ഐ ടി മേഖലയിലെ അഭൂത പൂർവമായ വളർച്ച നാം കാണാതെ പോകരുത്. ഐ ഓ ടി , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡീപ് ലേർണിംഗ് തുടങ്ങിയവ പുതിയ സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കുകയാണ്. ധന വിനിമയത്തിന് എ ടി എം കൊണ്ടുവന്നപ്പോൾ അതിൽ ഭയക്കുകയും എതിർക്കുകയും ചെയ്തവരാണ് നമ്മൾ. ഓൺലൈൻ ബിസിനസിനെ നാം എതിർത്തു. എന്തിനു കമ്പ്യൂട്ടറിനെപ്പോലും എതിർത്തവരാണ് നമ്മൾ.

മുംതാസ് രഹാസ് : ഇപ്പോൾത്തന്നെ വിദ്യാഭ്യാസം കച്ചവടമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്ക്കരണം പ്രോത്സാഹിപ്പിക്കാനും വിദ്യാഭ്യാസ വ്യാപാരികളെ സഹായിക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന വിമർശനത്തെക്കുറിച്ചു എന്താണ് പറയാനുള്ളത്?

രാജൻ പി തൊടിയൂർ: ഓരോ വർഷവും മൂന്നരകോടിയോളം പേർ വിവിധ കോഴ്സുകൾ പൂര്ത്തിയാക്കി പുറത്തിറങ്ങുന്നുണ്ട് . പുതിയ സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം എങ്ങനെ പുതിയ തലമുറക്ക് നൽകാൻ കഴിയും എന്നാണ് നാം ചിന്തിക്കേണ്ടത്. അവർക്ക് തൊഴിൽ നല്കുന്നതിനുള്ള പുതിയ സംവിധാനങ്ങളെ കുറിച്ചാണ് ആലോചിക്കേണ്ടത്.

വിവരസാങ്കേതിക വിദ്യയുടെ ഫലം പ്രയോജനപ്പെടുത്തി നിരവധി വിദേശ സർവ്വകലാശാലകൾ ഓൺലൈൻ കോഴ്സുകൾ നടത്തുന്നുണ്ട്. എം ഒ സി (മൂവ് ഓൺ ടു ഓപ്പൺ ഓൺലൈൻ കോഴ്സസ്) എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. അമേരിക്കയിലെ ഹാവാര്ഡ്, സ്റ്റാൻസ് ഫോർഡ് , ഫ്ളോറിഡ ഇൻറർനാഷണൽ തുടങ്ങിയ വിദേശ സര്‍വകലാശാലകൾ ഓൺലൈൻ വഴിയുളള വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരം കോഴ്സുകളിൽ ഏതു ബിരുദധാരിക്കും ചേരാവുന്ന മാനേജ്മെൻറ് , കംപ്യൂട്ടർ ആപ്ലിക്കേഷൻസ്‌ , സോഷ്യൽ സയൻസ്, ഡെവലപ്മെൻറ് സയൻസ്, തുടങ്ങിയ കോഴ്സുകളുണ്ട്. നാട്ടിലിരുന്നുകൊണ്ട് ബിരുദവും ബിരുദാന്തര ബിരുദവും സ്വന്തമാക്കാം എന്നതാണ് ഇതിന്റെ ഗുണം. ഇതിനു നൽകുന്ന അംഗീകാരം നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികൾക്ക് പോലും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് വഴിയൊരുക്കും.

കാലത്തിൻറെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം . എങ്കിൽ മാത്രമേ ആഗോള ഗ്രാമത്തിൽ നമുക്ക് നിലനിൽപ്പുള്ളൂ.

www.careermagazine.in

Tagstalks
Share: