ഓഖി: 1843 കോടി രൂപയുടെ കേന്ദ്ര സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായ നഷ്ടങ്ങള്‍ കണക്കിലെടുത്ത് 1843 കോടി രൂപയുടെ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് നിവേദനം നല്‍കി. ഡല്‍ഹിയിലെത്തിയാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് നിവേദനം സമര്‍പ്പിച്ചത്.
ദേശീയ ദുരന്ത പ്രതികരണ നിധി മാനദണ്ഡപ്രകാരമുള്ള നിവേദനം സംസ്ഥാനം പ്രത്യേകമായി സമര്‍പ്പിക്കുന്നുണ്ട്. എന്നാല്‍, ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ പരിഹരിക്കാനും മത്‌സ്യത്തൊഴിലാളി സമൂഹത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അധിക കേന്ദ്ര സഹായം അനിവാര്യമാണ്. ദുരന്ത തീവ്രത കണക്കിലെടുത്ത് നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രോജക്ടിലേതിന് സമാനമായി ദീര്‍ഘകാല സാമ്പത്തിക പാക്കേജ് അനുവദിക്കണം.
നിലവില്‍ 38 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 771 ബോട്ടുകളെ ദുരന്തം ബാധിച്ചു, 2035 ഹെക്ടര്‍ കൃഷി നാശമുണ്ടാകുകയും 15,104 കര്‍ഷകരെ ബാധിക്കുകയും ചെയ്തു. 207 വീടുകള്‍ പൂര്‍ണമായും 2753 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 5656 മത്‌സ്യത്തൊഴിലാളികളെ രക്ഷിക്കാനായി. 159 പേര്‍ ഗുരുതര പരിക്കേറ്റ് ചികിത്‌സയിലാണ്. 96 മത്‌സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ട്. ത്വരിത വിലയിരുത്തലില്‍ ലഭ്യമായ കണക്കുകളാണിത്.
ദുരന്തത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമായി കണക്കിലെടുക്കണം. ഇതനുസരിച്ചുള്ള ദീര്‍ഘകാല പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസഹായം തേടുന്നത്.
മൂന്നുഘട്ടങ്ങളായി തിരിച്ചാണ് നിവേദനം തയാറാക്കിയിരിക്കുന്നത്. ഹ്രസ്വകാല (രണ്ടുവര്‍ഷം), മധ്യക്കാല (ആറുവര്‍ഷം), ദീര്‍ഘകാല (10 വര്‍ഷം) പദ്ധതികള്‍ക്കുള്ള സഹായത്തിന് തരംതിരിച്ചാണ് തുക ആവശ്യപ്പെട്ടിരിക്കുന്നത്.
ഹ്രസ്വകാല സഹായത്തിന് 256 കോടിയും, മധ്യക്കാല സഹായത്തിന് 792 കോടിയും ദീര്‍ഘകാലസഹായമായി 795 കോടിയും ഉള്‍പ്പെടെയാണ് 1843 കോടി രൂപ അഭ്യര്‍ഥിച്ചുള്ള നിവേദനമാണ് കേരളം സമര്‍പ്പിച്ചത്.
രക്ഷാപ്രവര്‍ത്തനവും അടിയന്തര സഹായവും, ഭവനമേഖല, ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, സാമൂഹ്യക്ഷേമം, തീരദേശ പോലീസ്, വിനോദസഞ്ചാരം, ദുരന്ത മുന്നറിയിപ്പ്, റോഡുകളും പാലങ്ങളും, ജലവിതരണ പദ്ധതികള്‍, കടലെടുപ്പും കടല്‍ഭിത്തിയും, വൈദ്യുതി മേഖല, തുറമുഖങ്ങളും ഫിഷ്‌ലാന്റിംഗ് സെന്ററുകളും തുടങ്ങിയ വിഭാഗങ്ങളിലായി തരംതിരിച്ചാണ് മൂന്നു ഘട്ടങ്ങളായി പ്രത്യേക സാമ്പത്തിക സഹായം കേരളം തേടിയിരിക്കുന്നത്.
വിവിധ മേഖലകളില്‍ സംസ്ഥാനത്തുണ്ടായ നഷ്ടം തരംതിരിച്ചും, സംസ്ഥാനത്ത് ഇത്തരം ദുരന്തങ്ങള്‍ നേരിടാന്‍ നടപ്പിലാക്കാവുന്ന പദ്ധതികളും നിവേദനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.