ഒ.ബി.സി വിഭാഗത്തിന് പ്രത്യേക നിയമം : പരിഗണിക്കാമെന്ന് പിന്നോക്ക വിഭാഗ കമ്മീഷന്‍
കൊച്ചി: പട്ടികജാതി വിഭാഗത്തിനുള്ളതുപോലെ പ്രത്യേക നിയമം ഒ.ബി.സിക്ക് വേണ്ടിയും നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കി കൃത്യമായ നടപടിക്രമങ്ങളിലൂടെ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകുമെന്ന് പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ അഭിപ്രായപ്പെട്ടു. മിശ്ര വിവാഹിതരായവരുടെ മക്കള്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിശ്രവിവാഹത്തില്‍ ജനിക്കുന്ന കുട്ടിയുടെ ജാതിക്ക് ഭരണഘടനയുടെ വകുപ്പുകള്‍ പ്രകാരം പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടോ എന്ന വിഷയമാണ് അദാലത്തില്‍ ചര്‍ച്ച ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആറ് പരാതികളാണ് ലഭിച്ചത്.
സുപ്രീം കോടതിയുടേയും കേരള ഹൈക്കോടതിയുടേയും വിധിന്യായ പ്രകാരം മിശ്രവിവാഹിതരായവരുടെ കുട്ടികളുടെ ജാതി പേഴ്‌സണല്‍ ലോ പ്രകാരം അച്ഛന്റെ ജാതിയാണെങ്കിലും പിന്നോക്ക വിഭാഗങ്ങളുടെ ജോലി, വിദ്യാഭ്യാസ സംവരണങ്ങള്‍ക്ക് അതു മാത്രം മതിയാവില്ല. കുട്ടികള്‍ ആരുടെ കൂടെയാണ് ജീവിക്കുന്നതെന്നും പിന്നോക്കാവസ്ഥയുടെ എല്ലാ സാഹചര്യങ്ങളും അനുഭവിക്കുന്നുണ്ടോ എന്നും പരിഗണിക്കണമെന്നാണ് സുപ്രീം കോടതി അനുശാസിക്കുന്നത്. ഈ തീരുമാനങ്ങള്‍ക്ക് അനുസൃതമായി കേരള സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതും അതിപ്പോള്‍ നിലവിലുള്ളതുമാണ്. എന്നാല്‍ ഈ വിഷയത്തെ സംബന്ധിച്ച് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പല സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തത വേണമെന്ന് ഗവണ്‍മെന്റ് തലത്തിലും കമ്മീഷന്‍ മുമ്പാകെ ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ഉദ്യോഗസ്ഥരേയും പരാതിക്കാരേയും കേട്ടതിന് ശേഷം നിയമം അനുശാസിക്കുന്ന തരത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെയും അതിന്റെ പ്രായോഗിക വശങ്ങളെപ്പറ്റിയും വ്യക്തത ലഭിക്കുന്നതിനായി ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ വിഷയത്തെ സംബന്ധിച്ച് അരൂര്‍ എം.എല്‍.എ എ.എം ആരിഫ് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്മീഷന്‍ ഗവണ്‍മെന്റിലേക്ക് നല്‍കുകയും നിയമസഭയില്‍ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ മറുപടി നല്‍കിയിട്ടുള്ളതുമാണെന്നും കമ്മീഷന്‍ അറിയിച്ചു.