നൈപുണ്യവികാസം വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കണം – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
നൈപുണ്യ വികാസവും തൊഴില്‍ വൈദഗ്‌ധ്യ പരിശീലനവും വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ടി. കെ. എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ അസാപ് സംഘടിപ്പിച്ച ലോക നൈപുണ്യ ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓരോരുത്തരുടേയും കഴിവും താത്‌പര്യവും തിരിച്ചറിഞ്ഞ് തൊഴില്‍ മേഖല തെരഞ്ഞെടുക്കാന്‍ കഴിയണം. പഠനകാലത്ത് തന്നെ ഭാവി പ്രവര്‍ത്തന മേഖല കണ്ടെത്തുന്നതിന് വ്യക്തമായ മാര്‍ഗ നിര്‍ദേശമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത് . മത്സരാധിഷ്‌ഠിതമായ ഇന്നത്തെ ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടുന്ന തലമുറയാണ് നമുക്ക് വേണ്ടത്. ഇംഗ്‌ളിഷ് ഉള്‍പ്പടെയുള്ള ഭാഷകളില്‍ പ്രാവീണ്യം നല്‍കുന്നതിലും പുതിയ അവസരങ്ങളിലേക്ക് നയിക്കുന്നതിലും അസാപിന്റെ സേവനം ശ്രദ്ധേയമാണ്. അസാപിന്റെ പ്രവര്‍ത്തന മേഖല കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ആശയവിനിമയത്തിനുള്ള കഴിവ് വര്‍ധിപ്പിക്കാനുതകുന്ന പദ്ധതികള്‍ വിപുലീകരിക്കേണ്ടത് അനിവാര്യതയാണെന്ന് അധ്യക്ഷനായ എം. നൗഷാദ് എം. എല്‍. എ പറഞ്ഞു.
അസാപ് കമ്യൂണിക്കഷന്‍ മേധാവി എം. കെ. വിവേകാനന്ദന്‍ നായര്‍ പദ്ധതി അവതരിപ്പിച്ചു. ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രതിനിധി കെ. പി. രാമചചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, അസാപ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ഷോബിദാസ്, കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫസര്‍ ഹഷിമുദീന്‍, അസാപ് പരിശീലകരായ എസ്. ശ്രീനിവാസന്‍, ബാലു വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: അസാപിന്റെ ആഭിമുഖ്യത്തിലുള്ള ലോക യുവനൈപുണ്യ ദിനാഘോഷം ടി. കെ. എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യുന്നു