സൈനിക മെഡിക്കൽ കോളേജിൽ നഴ്സിംഗ് പ്രവേശനം
സൈനിക മെഡിക്കൽ കോളജുകളിൽ 2019 ജൂലൈ/ ഒക്ടോബറിൽ ആരംഭിക്കുന്ന നാലുവർഷത്തെ ബിഎസ്സി നഴ്സിംഗ് കോഴ്സിനും മൂന്നുവർഷത്തെ ജനറൽ നഴ്സിംഗ് കോഴ്സിനും അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പെണ്‍കുട്ടികൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. 210 സീറ്റുകളാണുള്ളത്.പൂർണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കരസേനയിൽ കമ്മീഷൻഡ് ഓഫീസർ റാങ്കിൽ സ്ഥിരനിയമനം ലഭിക്കും.
യോഗ്യത: 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ടു/ തത്തുല്യം. റെഗുലർ രീതിയിൽ പഠിച്ച് ആദ്യത്തെ അവസരത്തിൽ തന്നെ പാസായവർക്കും അവസാന വർഷക്കാർക്കും അപേക്ഷിക്കാം. ഇവർ പ്രവേശനം നേടുന്നതിനു മുന്‍പ് പ്ലസ്ടു രേഖകൾ ഹാജരാക്കണം.
ശാരീരിക യോഗ്യത: ഉയരം ചുരുങ്ങിയത് 148 സെമീ. 38 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കണം. വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷമാണ് തെരഞ്ഞെടുപ്പ്.
പ്രായം: 01.10.1994 നും 30.09.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 2019 ജനുവരിയിലായിരിക്കും എഴുത്തുപരീക്ഷ. 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ ഏഴിമല എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രമുള്ളത്.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.