‘മലയാളം മിഷന്‍’ – ഭൂമിമലയാളം – തുടക്കമായി

379
0
Share:

മലയാളികളുടെ ഐക്യം ഏറെ ആവശ്യമുള്ള ഈ കാലഘട്ടത്തില്‍ ഭാഷാടിസ്ഥാനത്തില്‍ കേരളീയരെ ഒരു വേദിയില്‍ സംഘടിപ്പിക്കുന്ന മലയാളം മിഷന്റെ ഭൂമിമലയാളം പോലെയുള്ള പദ്ധതികള്‍ക്ക് നവകേരളനിര്‍മിതിയില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയാനന്തര കേരളം സാക്ഷ്യം വഹിച്ചത് മനസുകളുടെ അപൂര്‍വമായ ഒരുമയുടെ കാഴ്ചയ്ക്കാണ്. മലയാളി എന്ന ഭാഷാസമൂഹത്തിന്റെ ഐക്യവും സാധ്യതകളും നാടിന്റെ സര്‍വതോന്‍മുഖ വികാസത്തിനുവേണ്ടി ഉപയോഗിക്കണം. ലോകത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഭാഷാ, സാംസ്‌കാരിക പഠനപ്രവര്‍ത്തന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശൃംഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്‌കാരികവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന ഭാഷാപ്രചരണ പരിപാടിയായ ‘ഭൂമിമലയാളം’ ക്യാമ്പയിനും കേരളപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന ലോകമലയാളദിനാചരണവും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മലയാളം മിഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി.

ലോകത്ത് എവിടെയായാലും നമ്മുടെ അടിസ്ഥാനപരമായ മേല്‍വിലാസം മലയാളി എന്നതാണ്. അതുകൊണ്ടുതന്നെ ഭാഷയ്ക്കും ഭാഷാബോധത്തിനും വലിയ പ്രാധാന്യമുണ്ട്. സ്വന്തമായ ഭാഷയും സംസ്‌കാരവും ഇല്ലാത്തവരെ രണ്ടാംതരം പൗരന്‍മാരായി പരിഷ്‌കൃതലോകം കണക്കാക്കുന്നത്. നമുക്കാകട്ടെ, ലോകത്തിന്റെ മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ കരുത്തുപകരുന്ന അതിസമ്പന്നമായ ഒരു ഭാഷയും സംസ്‌കാരവുമാണുള്ളത്. എന്തിന്റെ പേരിലായാലും അതിനെ കൈവെടിഞ്ഞാല്‍ വേരുകളറ്റ ഒരു സമൂഹമായി നമ്മള്‍ മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. മലയാളിയുടെ കൂട്ടായ്മ കാല-ദേശ അന്തരമില്ലാതെ സുസ്ഥിരമാക്കാന്‍ ഭൂമിമലയാളം ക്യാമ്പയിന്‍ വഴി ഉദ്ദേശിക്കുന്നതായി മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

നമ്മുടെ ഭാഷയേയും പ്രകൃതിയേയും സംരക്ഷിക്കുന്നതിനുള്ള അവബോധം പ്രവാസി മലയാളികളുടെ പുതിയ തലമുറയിലേക്ക് പകര്‍ന്നുകൊടുക്കേണ്ട ചുമതല മലയാളം മിഷന്‍ പോലെയുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കൊപ്പം, പ്രവാസികളായ മലയാളി രക്ഷിതാക്കള്‍ക്കുകൂടിയാണെന്ന് കവയിത്രിയും മലയാളം മിഷന്‍ ഭരണസമിതി അംഗവുമായ സുഗതകുമാരി പറഞ്ഞു. മലയാളം മിഷന്റെ ഭൂമിമലയാളം പ്രതിജ്ഞ തയ്യാറാക്കിയ കവി കെ.സച്ചിദാനന്ദനെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. കവി പ്രഭാവര്‍മയുടെ കാല്‍ച്ചിലമ്പ് എന്ന പുസ്തകം കവയിത്രി സുഗതകുമാരിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു. സാംസ്‌കാരികകാര്യ സെക്രട്ടറി റാണി ജോര്‍ജ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ്, മലയാളം മിഷന്‍ ഭരണസമിതി അംഗങ്ങളായ കെ. പി. രാമനുണ്ണി, എസ്. ശാരദക്കുട്ടി, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ബുക്ക്മാര്‍ക്ക് സെക്രട്ടറി ഗോകുലേന്ദ്രന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. രാജ്‌മോഹന്‍, പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി വി. എന്‍. മുരളി , മഹേഷ് പഞ്ചു, വിധു വിന്‍സന്റ്, മനോജ് പുതിയവിള, മലയാളം മിഷന്‍ രജിസ്ട്രാര്‍ എം. സേതുമാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആറ് ഭൂഖണ്ഡങ്ങളിലായി അന്‍പതോളം രാജ്യങ്ങളില്‍ നവംബര്‍ ആദ്യവാരം ലോകമലയാളദിനാചരണം നടക്കും. ഇതുകൂടാതെ, വരും ദിവസങ്ങളിലും കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ള മലയാളി സംഘടനകളുടെ പങ്കാളിത്തം ഭൂമിമലയാളം പദ്ധതിയിലുണ്ടാകും.

Share: