ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം

Share:

കേരളത്തിലെ സർക്കാർ, സർക്കാർ എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് ജൂലൈ നാല് വൈകിട്ട് നാല് വരെ അപേക്ഷിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളായി പഠിച്ച് പ്ലസ്ടു വിജയിച്ചവർക്ക്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒരുമിച്ച് 50 ശതമാനം മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം. ഈ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇക്കാർക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാം. ഒന്നാംവർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള നിശ്ചിതയോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇപ്പോൾ പോളിടെക്‌നിക്കുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല.

ലാറ്ററൽ എൻട്രിവഴി പ്രവേശനം നേടുന്നവർ എൻജിനീയറിംഗ് ഗ്രാഫിക്‌സ്, ജനറൽ വർക്ക്‌ഷോപ്പ്, ഓരോ ബ്രാഞ്ചിനോടും ബന്ധപ്പെട്ട ബേസിക് തിയറി, പ്രാക്ടിക്കൽ എന്നിവ നിശ്ചിത സമയത്തിനകം വിജയിക്കണം.

300 രൂപയാണ് അപേക്ഷാ ഫീസ് (എസ്.സി., എസ്.ടി വിഭാഗക്കാർക്ക് 150 രൂപ). www.polyadmission.org -ൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷകൾ പൂരിപ്പിച്ച് വേണ്ട രേഖകൾ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന പോളിടെക്‌നിക്കുകളിൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം.
സ്വാശ്രയ കോളേജുകളിലേക്ക് അപേക്ഷിക്കുന്നവർ 0202-02-800-94-other receipts എന്ന ഹെഡിൽ ട്രഷറിയിൽ പണമടച്ച് ചലാൻ രശീത് അപേക്ഷയോടൊപ്പം ഹാജരാക്കണം.

ഇൻഡക്‌സ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്കുകൾ തയാറാക്കുന്നത്. റാങ്കുകളുടെ അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ വഴിയായിരിക്കും തിരഞ്ഞെടുപ്പ്. അർഹതയുള്ളവർക്ക് ജാതി സംവരണവും ലഭിക്കും. ജൂലൈ അഞ്ചിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ എട്ടിന് അഡ്മിഷൻ നടത്തും.

Share: