സഹകരണ സംഘത്തിൽ ജൂനിയർ ക്ലർക് : 194 ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 82 സഹകരണ സംഘം/ബാങ്കുകളിലെ ജൂനിയർ ക്ലർക്/ കാഷ്യർ (കാറ്റഗറി നമ്പർ: ‐ 1/2020) തസ്തികയിലെ 194 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്ത് പരീക്ഷയുടേയും സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിൻറെയും അടിസ്ഥാനത്തിൽ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്നും സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്നാണ് നിയമനം.
ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകളാണ് നിയമനാധികാരി.
യോഗ്യത: എസ്എസ്എൽസി, അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ ഓപറേറ്റീവ്ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപറേഷൻ) അടി-സ്ഥാന യോഗ്യതയായിരിക്കും.
കാസർകോട് ജില്ലയിലെ ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ്- (ജിഡിസി), കേരള സംസ്ഥാന സഹകരണ യൂണിയന്റെ ജൂനിയർ ഡിപ്ലോമ ഇൻ കോ -ഓപറേഷന് (ജെഡിസി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. എന്നാൽ സഹകരണം ഐശ്ചികവിഷയമായി എടുത്ത ബികോം ബിരുദവും ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർഡിപ്ലോമയും ( കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ‐ ഓപറേറ്റീവ് ട്രെയിനിങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്-ഡി-എം), കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി (സഹകരണം ആൻഡ് ബാങ്കിങ്-) ഉളളവർക്കും അപേക്ഷിക്കാം.
പ്രായം :18–-40. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും.
ഒരു സംഘം/ ബാങ്കിൻറെ യോഗ്യത ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് അതത് സംഘത്തിലെ അഭിമുഖം 20 മാർക്കിനായിരിക്കും.
അഭിമുഖത്തിന് ഹാജരായാൽ മൂന്ന് മാർക്കും സ്വന്തം ജില്ലയിൽ അഭിമുഖത്തിന് ഹാജരാകുന്നവർക്ക് അഞ്ച് മാർക്കും ലഭിക്കും.
അപേക്ഷാഫോറത്തിൽ സ്വന്തം ജില്ല വ്യക്തമാക്കേണ്ടതും അഭിമുഖ സമയത്ത്, ബന്ധപ്പെട്ട റവന്യൂ അധികാരികളിൽനിന്നും ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്. എന്നാലേ നേറ്റിവിറ്റി മാർക്ക് ലഭിക്കൂ. ഒരാൾക്ക്ഒരു ജില്ലയുടെ നേറ്റിവിറ്റി മാർക്കിന് മാത്രമേ അർഹതയുണ്ടാകൂ ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം/ ബാങ്കുകളിലേക്ക് അപേക്ഷിക്കാം. ഒന്നിൽ കൂടുതൽസംഘം/ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷ ഫോറവും ഒരു ചെലാൻ/ഡിമാൻഡ് – ഡ്രാഫ്റ്റും മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ.
വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും http://www.csebkerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച് 31 വൈകിട്ട് അഞ്ച്.
അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ് , ജനറൽ പോസ്റ്റ് ഓഫീസ്-, തിരുവനന്തപുരം 695001 എന്ന വിലാസത്തിലാണ് ലഭിക്കേണ്ടത്.