ഹോംഷോപ്പ് പദ്ധതിയില്‍ വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍
കോഴിക്കോട് : ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലേയും മുഴുവന്‍ വാര്‍ഡുകളിലേക്കും ഹോംഷോപ്പ് പദ്ധതി വ്യാപിപ്പിക്കുന്നു. തദ്ദേശീയമായ ഉല്‍പ്പാദനവും പ്രാദേശിക വിപണനവും ഏകോപിപ്പിച്ചു കൊണ്ട് ജില്ലയില്‍ ഇതിനകം തന്നെ 1600 ഓളം കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കി വിജയഗാഥ രചിക്കുന്ന പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഉണ്ണികുളം, ബാലുശ്ശേരി, പനങ്ങാട്, ഉള്ളിയേരി, നടുവണ്ണൂര്‍, കോട്ടൂര്‍, കൂരാച്ചുണ്ട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ നിലവില്‍ ഷോപ്പുകള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ച് ഹോംഷോപ്പ് ഓണര്‍മാരെ നിയമിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.
കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയ വനിതകളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ വഴിയായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ചക്കാലത്തെ പരിശീലനം ജില്ലാമിഷന് നേതൃത്വത്തില്‍ നല്‍കും. മൂന്ന് മാസക്കാലത്തെ പ്രൊബേഷന്‍ പിരീഡ് കഴിഞ്ഞ ഹോംഷോപ്പ് ഓണര്‍മാര്‍ക്കായി നിരവധി സാമൂഹ്യക്ഷേമ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കൂടാതെ സൗജന്യമായി ബാഗ്, ഐഡി കാര്‍ഡ്, യൂണിഫോം എന്നിവയും ജില്ലാമിഷന് അനുവദിക്കും.
സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ഹോംഷോപ്പ് ഓണര്‍മാര്‍ക്കായി പലിശ രഹിത വായ്പയില്‍ ടൂവീലറുകള്‍ അനുവദിക്കുന്ന പദ്ധതിയും നിലവിലുണ്ട്. താല്പര്യമുള്ളവര് ഫെബ്രുവരി 15 നകം അതാത് കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.