ഉന്നത വിദ്യാഭ്യാസ രംഗം ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചതായിയിരിക്കണം : മുഖ്യമന്ത്രി
കൊച്ചി: സ്വതന്ത്രവും ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചതുമായിരിക്കണം ഉന്നത വിദ്യാഭ്യാസ രംഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഇതിന് അനുയോജ്യമായ സാഹചര്യമല്ല രാജ്യത്ത് നിലനില്‍ക്കുന്നത്. ഇന്ത്യയിലെ കലാലയങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങള്‍ ഇതു സൂചിപ്പിക്കുന്നു. ഭാഷയ്ക്കും മാനവിക വിഷയങ്ങള്‍ക്കും പ്രാധാന്യം കുറയ്ക്കുകയും കമ്പോള ശക്തികള്‍ക്ക് അനുയോജ്യമായ പൗരന്മാരെ സൃഷ്ടിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം.
ഇരുട്ട് അകറ്റി വെളിച്ചം പകരുന്ന യാത്രയാണ് സര്‍വകലാശാലകള്‍ നടത്തേണ്ടത്. സംസ്‌കൃതത്തില്‍ അവഗാഹമുള്ളവരുടെ എണ്ണം കുറയുകയാണ്. സംസ്‌കൃത ഭാഷിലെ കൃതികളുടെ വെളിച്ചം മലയാളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയണം. സംസ്‌കൃതത്തിന്റെ പ്രാധാന്യം വിദേശ പണ്ഡിതര്‍ മനസിലാക്കുകയും അവ അവരുടെ മൗലിക അറിവുകളാക്കി ഇവിടെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് നമ്മുടെ സ്വന്തം അറിവുകളാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള സമീപനം സര്‍വകലാശാല സ്വീകരിക്കണം. സംസ്‌കൃത ഭാഷയെ നിരാകരിക്കുന്ന സമീപനം പുരോഗമന പ്രസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ടതില്ല. മാത്രമല്ല ബ്രാഹ്മണ്യവുമായി സംസ്‌കൃതത്തെ ചേര്‍ത്തുവെക്കേണ്ടതിന്റെ ആവശ്യവുമില്ല. സംസ്‌കൃത ഭാഷയും സംസ്‌കൃത കൃതികളും പൊതു സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാണ്. ആ അറിവിന്റെ വെളിച്ചം ഏവര്‍ക്കും അവകാശപ്പെട്ടതാണ്. ആ അറിവിനെ അകറ്റി നിര്‍ത്തിയാല്‍ വര്‍ഗീയ ശക്തികളുടെ താത്പര്യമാകും സംരക്ഷിക്കപ്പെടുക. സംസ്‌കൃതം ബ്രാഹ്മണ ഭാഷയാണെന്ന ചിന്താഗതി ശരിയല്ല. വാത്മീകി, വ്യാസന്‍ തുടങ്ങിയവര്‍ രാമായണവും മഹാഭാരതവുമെല്ലാം സംസ്‌കൃതത്തിലാണ് രചിച്ചത്. പക്ഷേ അവര്‍ ബ്രാഹ്മണ വിഭാഗത്തിലുള്ളവരായിരുന്നില്ല.
സാഹിത്യഭാഷയെ സമീപിക്കുമ്പോള്‍ ജാതി, മത ചിന്തകള്‍ മാനദണ്ഡമാകരുത്. അത്തരം അറിവുകള്‍ തങ്ങളുടേത് മാത്രമാണെന്ന് കരുതുന്ന വരേണ്യ വര്‍ഗവും ഇവിടെയുണ്ട്. വിജ്ഞാന ഉത്പാദനത്തിലും സമൂഹത്തിന്റെ ഭാവിയും ദിശയും നിര്‍ണ്ണയിക്കുന്നതിലും വലിയ പങ്കാണ് സര്‍വകലാശാലകള്‍ക്ക് നിര്‍വഹിക്കാനുള്ളത്. വ്യത്യസ്ത അഭിപ്രായങ്ങളിലൂടെയും സംവാദങ്ങളിലൂടെയുമാണ് പുതു ചിന്തകള്‍ക്ക് തുടക്കമാകുന്നത്. വ്യത്യസ്തവും വിരുദ്ധവുമായ അഭിപ്രായങ്ങള്‍ക്ക് സര്‍വകലാശാലകളില്‍ ഇടമുണ്ടാകണം. ഏകശിലാ രൂപത്തിലുള്ള ചിന്തകള്‍ മാത്രം അനുവദിക്കപ്പെടുമ്പോള്‍ യുവാക്കളുടെ ബുദ്ധിയും ഭാവനയും അടയ്ക്കി വെക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, ജാദവ്പൂര്‍ സര്‍വകലാശാല തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് പ്രകടമായതാണ്. ഈ സ്ഥിതി ക്യാപസുകളിലെ ജനാധിപത്യം ഇല്ലാതാക്കുന്നു. ഇതിനെതിരായ പോരാട്ടമാണ് കനയ്യകുമാറും രോഹിത് വെമുലയും നടത്തിയത്. മതം അതിരുവിട്ട് ശാസ്ത്ര വിജ്ഞാന മേഖലയില്‍ ഇടപെടുമ്പോള്‍ പുതുചിന്തകള്‍ ഉണ്ടാകില്ല. നിര്‍ഭയമായി സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകണം.
മതത്തിന്റെ കല്‍പ്പനകള്‍ ശാസ്ത്രത്തിന്റെ മേല്‍ വിലപ്പോകുമായിരുന്നവെങ്കില്‍ ഗലീലിയോയ്ക്ക് ശേഷം മറ്റൊരു ശാസ്ത്രജ്ഞനുണ്ടാകുമായിരുന്നില്ല. മതം ശാസ്ത്ര തലങ്ങളിലേക്ക് കടന്നു കയറി അവസാന വാക്ക് പറഞ്ഞു തുടങ്ങിയാല്‍ സമസ്ത പുരോഗതിയും സ്തംഭിക്കും. ശാസ്ത്രവിരുദ്ധ കാര്യങ്ങള്‍ പല സംസ്ഥാനങ്ങളിലെയും മന്ത്രിമാര്‍ പോലും പ്രചരിപ്പിക്കുന്നു. എന്നാല്‍ സംസ്‌കൃതത്തിനും വിജ്ഞാന ശാഖയ്ക്കും യുക്തിഹരിതമായ അസംബന്ധങ്ങളുടെ പിന്‍ബലം ആവശ്യമില്ല.
നവോത്ഥാന മൂല്യങ്ങള്‍ക്ക് പകരം തീവ്ര ഹിന്ദുത്വ നിലപാടുകളാണ് ദേശീയ വിദ്യാഭ്യാസ രേഖയുടെ കരടില്‍ വ്യക്തമാകുന്നത്. മൂലധനത്തില്‍ കേന്ദ്രീകരിക്കുന്നതും കമ്പോള വ്യവസ്ഥയ്ക്ക് അനുകൂലവുമായ പൗരന്മാരെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഈ ദേശീയ നയത്തിന്റെ ലക്ഷ്യം. സംസ്‌കൃതത്തിന്റെ വൈജ്ഞാനിക സമ്പത്ത് ആധുനിക കാലത്തിനു യോജിക്കുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തണം.
പഠന-ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് സര്‍വകലാശാലകള്‍ പ്രാധാന്യം നല്‍കണം. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഒഴിവുള്ള അധ്യാപകരുടെ തസ്തികകളില്‍ ഉടന്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനധ്യാപകരുടെ കുറവ് നികത്തുന്നതിനും നടപടി സ്വീകരിക്കും. സര്‍വകലാശാലയുടെ പശ്ചാത്തല സൗകര്യ വികസനത്തിന് സമഗ്ര പദ്ധതി ആസൂത്രണം ചെയ്യാന്‍ സര്‍വകലാശാല ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരിതബാധിതര്‍ക്കായി സര്‍വകലാശാല അധ്യപകരും അനധ്യാപകരും ഒരു ദിവസത്തെ ശമ്പളം നീക്കി വെക്കുമെന്ന് വിസി അറിയിച്ചു.
സര്‍വകലാശാല വിസി ഡോ. ധര്‍മ്മരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. റോജി ജോണ്‍ എം എല്‍ എ, മുന്‍ എംപി പി. രാജീവ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റിയറിംഗ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. എസ്. മോഹന്‍ദാസ് ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.
മുന്‍ വൈസ് ചാന്‍സിലര്‍മാരായ ആര്‍.രാമചന്ദ്രന്‍ നായര്‍, ഡോ.എന്‍.പി.ഉണ്ണി, കെ.എന്‍.പണിക്കര്‍, കെ.എസ്.രാധാകൃഷ്ണന്‍, ജെ.പ്രസാദ്, എം.സി.ദിലീപ്കുമാര്‍ എന്നിവരെ ആദരിച്ചു. ചടങ്ങില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.കെ.ജി.രാമദാസന്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍ & സ്വാഗത സംഘം സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.വിശ്വനാഥന്‍, പെയിന്റിംഗ് വിഭാഗം ഗസ്റ്റ് ലക്ചറര്‍ പി. അജിതന്‍, രജത ജൂബിലി സ്റ്റിയറിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രൊഫ.തോമസ് ജോബ് കാട്ടൂര്‍, സ്റ്റിയറിംഗ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ.എസ്.മോഹന്‍ദാസ്, ആര്‍.വെങ്കിട്ടകൃഷ്ണന്‍, സ്റ്റിയറിംഗ് കമ്മിറ്റി ഫിനാന്‍സ് കണ്‍വീനര്‍ ഡോ.ടി.മിനി തുടങ്ങിയവര്‍ പങ്കെടുത്തു.