കേന്ദ്ര സര്‍ക്കാര്‍ ജോലിക്ക് ഇനി പൊതുപരീക്ഷ
കേന്ദ്ര സര്‍ക്കാര്‍ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൊതുപരീക്ഷയെഴുതാൻ സൗകര്യമൊരുക്കി ദേശീയ റിക്രൂട്ട്മെൻറ് എജൻസിയുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭ മന്ത്രിസഭ അംഗീകാരം നൽകി. ഗസറ്റഡ് ഇതര തസ്തികകളിലായിരിക്കും പൊതുപരീക്ഷ.
സര്‍ക്കാര്‍ ജോലികള്‍ക്കായി ധാരാളം പരീക്ഷ എഴുതേണ്ട സാഹചര്യമാണിപ്പോഴുള്ളത്. യുപിഎസ്സി, എസ്എസ് സി തുടങ്ങി 15 കമ്പനികളാണ് തൊഴില്‍ നിയമനത്തിനായി ദേശീയ തലത്തില്‍ പരീക്ഷകള്‍ നടത്തുന്നത്.
ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുന്ന പൊതു പരീക്ഷ വഴിയായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുക.
ഇതിനായി ആദ്യഘട്ടത്തില്‍ ഒരു പൊതു പ്രാഥമിക പരീക്ഷ നടത്തും. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് റിക്രൂട്ട്‌മെൻറ് ഏജന്‍സി നടത്തുന്ന ഏത് ഉന്നത പരീക്ഷകളിലേക്കും അപേക്ഷ നല്‍കാം.
ഈ വര്‍ഷം കേന്ദ്ര ബജറ്റില്‍ എന്‍ആര്‍എ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ തീരുമാനം രാജ്യത്ത് തൊഴില്‍ തേടുന്ന യുവാക്കളെ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി എന്‍ആര്‍എ ഒരൊറ്റ പ്രവേശന പരീക്ഷ നടത്തും.