നിങ്ങളുടെ ആശയം; ഒരു യാഥാര്‍ത്ഥ്യത്തിൻറെ തുടക്കം

Share:

എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍ – 15

എം ആർ കൂപ് മേയർ പരിഭാഷ : എം ജി കെ നായർ

ഒരാശയം ഒരു യാഥാര്‍ത്ഥ്യത്തിൻറെ തുടക്കമാണ് – അല്ലെങ്കില്‍ ആദ്യമായി ഒരാശയം മനസ്സില്‍ സങ്കല്പിക്കുവാന്‍ കഴിയുമായിരുന്നില്ല.

മനസ്സില്‍ സങ്കല്പിക്കുവാന്‍ കഴിയുന്നത് നേടാനും കഴിയുമെന്നത് പ്രകൃതിനിയമമാണ്. യാഥാര്‍ത്ഥ്യമാക്കാനുള്ള മാര്‍ഗ്ഗമില്ലാത്ത – ഏതെങ്കിലും വിധത്തില്‍ – ഒരാശയവും ഇല്ല.

ഒരാശയം തുടക്കമാണ്. വികസിപ്പിക്കുകയും കുറ്റമറ്റതാക്കുകയും ചെയ്യുന്ന പ്രക്രിയയില്‍ അതു രൂപാന്തരപ്പെടുത്തുകയും മാറ്റുകയും ചെയ്യാം. എന്നാല്‍ എന്തിൻറെയും തുടക്കത്തില്‍, ആദ്യം ഒരാശയം ഉണ്ടായിരുന്നാലേ മതിയാവൂ!

നിങ്ങളുടെ ആശയം ഒരു യാഥാര്‍ത്ഥ്യത്തിൻറെ തുടക്കമാണെന്ന അറിവ് അതു വികസിപ്പിച്ചെടുക്കാന്‍ തുടങ്ങുന്നതിനുള്ള ധൈര്യം നിങ്ങള്‍ക്കു തരണം. കാരണം, മഹാനായ ജര്‍മ്മന്‍ തത്ത്വചിന്തകന്‍ ഗെയ്ഥേ എഴുതിയതുപോലെ.

“നിങ്ങള്‍ക്കു ചെയ്യാവുന്നത്, അല്ലെങ്കില്‍ സ്വപ്നം കാണാവുന്നത്, ആരംഭിക്കുക! പ്രതിഭയും ശക്തിയും മാജിക്കും ധീരതയില്‍ത്തന്നെയുണ്ട്.”

തെറ്റുവരാന്‍ സാദ്ധ്യമല്ലാത്ത ഒരു കാര്യകാരണ നിയമം ഉണ്ട്. ഒരാശയം ഒരു കാരണമാണ്; അതുണ്ടാക്കുന്നത് അതിൻറെ ഫലവും… നിങ്ങളുടെ ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും എന്നറിയുക.

‘അനന്തമായ അറിവ് (അഥവാ ഈശ്വരന്‍) നിങ്ങളുടെ ഭാവനയില്‍ ഒരാശയം നട്ടത് നിങ്ങളെ വിഡ്ഢിയാക്കാനല്ല.

ഒരാശയത്തില്‍ അന്തര്‍ഹിതമായിരിക്കുന്ന ശക്തി നിങ്ങള്‍ അറിഞ്ഞെന്നുവരില്ല. എന്നാല്‍ അതവിടെയുണ്ട്, എങ്ങനെയായാലും. അതിനാല്‍ ഒരിക്കലും ഒരാശയത്തെ തള്ളിക്കളയരുത്. 61 മാന്ത്രിക ചോദ്യങ്ങളിലൂടെ അതിൻറെ ശക്തി പരീക്ഷിക്കുക.

ഓരോ ആശയവും ഒരു യാഥാര്‍ത്ഥ്യത്തിൻറെ തുടക്കമാണ് – നിങ്ങള്‍ക്ക് തോന്നുന്ന ഓരോ ആശയവും വികസിപ്പിച്ചെടുക്കുകയെന്നത് നിങ്ങള്‍ക്ക് വലിയ നേട്ടമാണ് – അതു യാഥാര്‍ത്ഥ്യമാക്കുന്നതിനു മുമ്പ്‌ രൂപാന്തരവും മാറ്റവും അതിനാവശ്യമായി വന്നേക്കാമേങ്കിലും നമുക്കതിനെ നേരിടാം! ആശയങ്ങളുടെ നിരന്തരമായ പ്രവാഹാമില്ലെങ്കില്‍, നിങ്ങള്‍ ഒരിടത്ത് ഉറച്ചുപോകുന്നു! കാരണം വിജയത്തിൻറെ ‘സ്പാര്‍ക്ക് പ്ലഗുകള്‍’ ആശയങ്ങളാണ്. ആശയങ്ങളുടെ നിരന്തരജ്വലനമില്ലെങ്കില്‍ നിങ്ങളുടെ വിജയമോട്ടോര്‍യന്ത്രം പ്രവര്‍ത്തിക്കുകയില്ല – എത്ര ഇന്ധനം (പണം) ഉണ്ടെങ്കിലും.

ആശയങ്ങളുടെ നിരന്തര സ്ഫുലിംഗങ്ങള്‍ ഇല്ലെങ്കില്‍, ഇന്ധനം (പണം) ഊര്‍ജ്ജം ഉല്പാദിപ്പിക്കുകയില്ല.

ഒരു ബിസിനസ്സിന്, അല്ലെങ്കില്‍ ഏതു പദ്ധതിക്കും പ്രയോജനപ്രദമായ ആശയങ്ങളുടെ നിരന്തരപ്രവാഹം എത്ര പ്രധാനമാണെന്ന് ഇതില്‍നിന്നും നിങ്ങള്‍ക്കു മനസ്സിലാക്കാം.

അത്തരം പ്രയോജനപ്രദങ്ങളായ ആശയങ്ങളുടെ നിരന്തരപ്രവാഹം നിങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കില്‍, നിങ്ങള്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത വ്യക്തി ആയിത്തീരുന്നു! നിങ്ങളുടെ സ്വന്തം ശമ്പള ചെക്കില്‍ തുക എത്രയെന്ന് നിങ്ങള്‍ക്കുതന്നെ എഴുതാന്‍ കഴിയും!

ഒരാശയത്തിന് നിങ്ങളെ സമ്പന്നനാക്കാന്‍ സാധിക്കും. ഒരു ഡസന്‍ ആശയങ്ങള്‍ നിങ്ങളെ കൂടുതല്‍ സമ്പന്നനാക്കും…. എളുപ്പത്തില്‍!

( തുടരും )

Share: