പ്രളയ ദുരന്തം ; ദുരിതവും- നാം ഒത്തൊരുമിച്ചു പ്രവർത്തിക്കണം – രാജൻ പി തൊടിയൂർ
ഗ്രാമീണ-തീരദേശ കേരളത്തിന് തൊഴിൽപരവും വിദ്യാഭ്യാസപരവുമായ പുരോഗതി എന്ന ലക്ഷ്യത്തോടെ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിൻറെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ‘എൻറെ റേഡിയോ’ 91. 2 എഫ് എം ൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂരുമായി, മുംതാസ് രഹാസ് ‘ഇത്തിരി നേരം; ഒത്തിരിക്കാര്യം’ പരിപാടിയിൽ സംസാരിക്കുന്നു:
മുംതാസ് രഹാസ്: സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിനെ ‘സ്വയം കൃതാനർത്ഥമെന്ന്’ പറയുന്നവരുണ്ട്. എന്താണഭിപ്രായം?
രാജൻ പി തൊടിയൂർ : പ്രകൃതി ദുരന്തമെന്നത് ആരെക്കൊണ്ടെങ്കിലും സൃഷ്ടിക്കാനോ , പൂർണ്ണമായും ഒഴിവാക്കാനോ കഴിയുന്ന ഒന്നല്ല. വികസിത രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിൻറെ പല ഭാഗങ്ങളിലും പ്രകൃതി ക്ഷോഭത്താൽ അനേകായിരങ്ങൾ മരിക്കുകയും വൻ നാശ – നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്ത ചരിത്രം നമുക്ക് മുന്നിലുണ്ട്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നാമിന്ന് അനുഭവിക്കുന്നത്. മുന്നൂറോളം ജീവൻ നഷ്ടമായി.വീടുകൾ തകർന്നു. കൃഷിനാശമുണ്ടായി. നാം പ്രകൃതിയോട് കാട്ടിയ ക്രൂരതക്ക് കിട്ടിയ ശിക്ഷയായി ഇതിനെ കണക്കാക്കാം. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തുന്ന രീതിയിലുള്ള നിർമ്മിതികൾ. ജലപ്രവാഹം തടഞ്ഞുനിർത്തുന്ന അണക്കെട്ടുകൾ. വ്യാപകമായി നശിപ്പിക്കപ്പെട്ട തോടുകളും പുഴകളും കുളങ്ങളും മരങ്ങളും.പാറമടകൾ. ഇതൊക്കെ ഒരുതരത്തിൽ ദുരന്തത്തിന് കാരണമായിട്ടുണ്ടാകും. അതേക്കുറിച്ചു വിദഗ്ദ്ധ പഠനം ആവശ്യമാണ്.
എന്തുതന്നെയായാലും അണക്കെട്ടുകൾ കൂട്ടമായി തുറന്നുവിട്ടത്, പേമാരി കൊണ്ടുവന്ന ദുരന്തത്തിൻറെ ആക്കം കൂട്ടി. നാശനഷ്ടങ്ങൾ വർധിപ്പിച്ചു. ഇത്രയധികം അണക്കെട്ടുകൾ കേരളത്തെപ്പോലെ ഒരു ചെറിയ സംസ്ഥാനത്തിന് ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യം ശക്തമാകുമ്പോൾ , പുതിയ അണക്കെട്ടുകളെക്കുറിച്ചു രണ്ടാമതൊന്ന് ചിന്തിക്കാൻ ഈ ദുരന്തം വഴിയൊരുക്കുന്നു. കായലോരങ്ങളിലും പുഴയോരങ്ങളിലും ഉണ്ടാകുന്ന നിർമ്മിതികൾ, പാറമടകൾ , ഇതൊക്കെ നാം വരുത്തിവെച്ച വിനകളാണ്.
മുംതാസ് രഹാസ്: അപകടം മുൻകൂട്ടികാണുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും സർക്കാർ സംവിധാനം വേണ്ടരീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്ന ആരോപണം ഉയരുന്നുണ്ടല്ലോ ?
രാജൻ പി തൊടിയൂർ : നമ്മുടെ സർക്കാർ സംവിധാനം മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും അപകടങ്ങൾ മുൻകൂട്ടിക്കാണുന്നതിൽ പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും. നമുക്കൊരു ദുരന്തനിവാരണ സംവിധാനമുണ്ട്. എന്നാൽ അത് എത്രത്തോളം കാര്യക്ഷമമാണ് എന്നതിൽ ഒരു വ്യക്തതയുമില്ല.
തീരുമാനങ്ങൾ എടുക്കുന്നതിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നമുക്ക് ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല. ദുരന്തമുണ്ടാകാൻ സാധ്യതയില്ലെന്ന് ജനങ്ങളെ പറഞ്ഞു വിശ്വപ്പിച്ച മന്ത്രിമാർ, ദുരന്തമുഖത്തെത്തുവാൻ പോലും മടി കാട്ടിയത് നാം കണ്ടു. എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞത് വിശ്വസിച്ചവർ വീടുകളിൽ കുടുങ്ങി. ഒരു വൻദുരന്തത്തെ നേരിടാൻ നാം സജ്ജരല്ല എന്ന് മനസ്സിലാക്കിയാണ് സൈന്യത്തിൻറെ സഹായം സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്. നമ്മുടെ സൈന്യം ഇത്തരം പ്രതിസന്ധികൾ നേരിടാൻ പരിശീലനം ലഭിച്ചവരാണ്. അത് പ്രയോജനപ്പെടുത്താൻ നാം ശ്രമിക്കാതിരുന്നത് ദുരന്തത്തിൻറെ ശക്തി കൂട്ടി.
മുംതാസ് രഹാസ്: നമ്മുടെ മൽസ്യത്തൊഴിലാളികൾ നൽകിയ സേവനം ?
രാജൻ പി തൊടിയൂർ : തീർച്ചയായും ഉദാത്തമായ സേവനമാണ് അവർ നൽകിയത്.
മൂവായിരത്തോളം മൽസ്യത്തൊഴിലാളികൾ ജീവൻ പണയം വെച്ച് ദുരിതാശ്വാസത്തിനിറങ്ങിയതും അനേകായിരം പേരെ രക്ഷപ്പെടുത്തിയതും നാം കണ്ടു. പരമ്പരാഗത തൊഴിലാളികളായ അവരുടെ ആത്മ ധൈര്യവും സഹജീവികളോടുള്ള കാരുണ്യവും കൊണ്ടാണ് അത് സാധിതമായത്. കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾക്ക് പ്രതിസന്ധികളെ, അപകടങ്ങളെ നേരിടുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ആരും നൽകുന്നില്ല. അത്തരം പരിശീലന പരിപാടികൾ ഇനിയെങ്കിലും ആരംഭിക്കേണ്ടതിൻറെ ആവശ്യകതയിലേക്ക് കൂടിയാണ് ഈ ദുരന്തം വഴി കാട്ടുന്നത്. ദുരന്തത്തിനിരയായവരെ സംരക്ഷിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി സർക്കാർ പദ്ധതിയിടുന്നതായി കേട്ടു . നല്ലകാര്യം. എന്നാൽ അതോടൊപ്പം പരമ്പരാഗത തൊഴിലാളികളായ അവർക്ക് അപകടങ്ങളെയും പ്രതിസന്ധികളെയും നേരിടുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നൽകാൻ കൂടി സർക്കാർ തയ്യാറാകണം. ആധുനിക രക്ഷാമാർഗ്ഗങ്ങളും സുരക്ഷാ സംവിധാനങ്ങളും അവർക്ക് നൽകുകയും അതുപയോഗിക്കുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്‌താൽ സ്വയ രക്ഷക്കും മറ്റുള്ളവരെ രക്ഷപ്പെടുത്തുന്നതിനും അതുപകരിക്കും.
മുംതാസ് രഹാസ്: ദുരിതങ്ങളും മാലിന്യങ്ങളും ജീവിതം ദുസ്സഹമാക്കിയ കേരളത്തിന് എങ്ങനെയാണ് മുക്തി?
രാജൻ പി തൊടിയൂർ: വീടുകൾ നഷ്ടപ്പെട്ടവർ, മാലിന്യം അടിഞ്ഞുകൂടിയ വീടുകൾ. ലക്ഷങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ. പുനരധിവാസം കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. വീടുകളിലും റോഡുകളിലും കനാലുകളിലുമുള്ള മാലിന്യം, ചെളി എന്നിവ നീക്കം ചെയ്യുമ്പോൾ പരിസ്ഥിതിയെക്കുറിച്ചുള്ള കരുതൽ അത്യാവശ്യമാണെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കും മാലിന്യങ്ങളും പുഴയിലും നദിയിലും തള്ളുന്നതിനെക്കുറിച്ചും കോടതി വിമർശിച്ചിട്ടുണ്ട്. കാലങ്ങളായി നാം നദികളിലേക്കും തോടുകളിലേക്കും വലിച്ചെറിഞ്ഞ മാലിന്യങ്ങളും പ്ലാസ്റ്റിക്കുമാണ് പ്രളയം നമുക്ക് മടക്കിത്തന്നത്. അത് തിരിച്ചെറിയുമ്പോൾ മറ്റൊരു ദുരന്തത്തെയാണ് നാം മാടിവിളിക്കുന്നത്.
അണക്കെട്ടുകളിൽ അടിഞ്ഞു കൂടിയ ചെളിയും മണലും നിർമ്മാണ പ്രവർത്തനങ്ങൾക്കായി ശേഖരിക്കുന്ന ഒരു പദ്ധതിയെക്കുറിച്ചു 2010 ൽ നാം ആലോചിച്ചിരുന്നു. അന്ന് മണൽ വിൽപ്പനയിലൂടെ 15,000 കോടി രൂപ സർക്കാരിന് വരുമാനമുണ്ടാക്കാമെന്നും ധന മന്ത്രിയായിരുന്ന തോമസ് ഐസക് പറഞ്ഞിരുന്നു. ഡാമിലെ മണലും ചെളിയും നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ ‘കെംഡെല്ലി’നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇന്നിപ്പോൾ ഡാമുകളിലെ ചെളിയും മാലിന്യങ്ങളും നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. വീടുകളിലും പറമ്പുകളിലും അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യാനും വ്യാവസായികാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്താനും ശ്രമിച്ചാൽ വീണ്ടും പുഴയിലേക്ക് തള്ളുന്നത് ഒഴിവാക്കാം. മാത്രമല്ല. വീട്ടിനുള്ളിലെ ചെളി നീക്കം ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായകമാവുകയും ചെയ്യും.
ഇനിയും ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തെക്കുറിച്ചു നാം ചിന്തിക്കുന്നില്ല. പ്രളയ ബാധിത പ്രദേശങ്ങളും വീടുകളും ശുചിയാക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണവും നമ്മുടെ ഉത്തരവാദിത്തമാണെന്ന് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രളയക്കെടുതി നൽകുന്ന പാഠവുമതാണ്.
ദുരന്തത്തിനിരയായവരെ കൈ പിടിച്ചുയർത്താൻ നാമോരോരുത്തരും മുന്നിട്ടിറങ്ങണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നത്ര സംഭാവന നൽകാൻ ഏവരും ശ്രമിക്കണം. ദുരിത ബാധിതർക്കുവേണ്ടി ജീവൻ നൽകിയും പ്രവർത്തിച്ചവരെ ഓർക്കുമ്പോൾ നമ്മുടെ ഉത്തരവാദിത്തം ഏറുകയാണ്. ആഘോഷ പരിപാടികൾ നാം മാറ്റി വെക്കുകയാണ്. പെയ്തൊഴിഞ്ഞ മഹാമാരി, വാരിവിതച്ച ദുരന്തത്തിൽ കേരള ജനത ഒന്നായി നിന്നു. മഹാപ്രളയത്തിൽ തകർന്ന കേരളത്തിൻറെ പുനർ നിർമ്മാണത്തിന് നമുക്കൊന്നായി പ്രവർത്തിക്കാം. കക്ഷി-രാഷ്ട്രീയ -ജാതി-മത ഭേദമില്ലാതെ പ്രവർത്തിച്ചു മഹാ പ്രളയത്തെ നാം അതിജീവിച്ചു. കേരളത്തിൻറെ പുനർ നിർമ്മാണത്തിനായി നമുക്ക് അണിചേരാം.
- എൻറെ റേഡിയോ : 91. 2 എഫ് എം
എല്ലാ ബുധനാഴ്ചയും രാവിലെ പതിനൊന്നിന് സംപ്രേക്ഷണം ചെയ്യുന്ന ‘ഇത്തിരി നേരം; ഒത്തിരിക്കാര്യം’ പരിപാടിയിൽ ഉദ്യോഗാർത്ഥികൾക്കും വിദ്യാർഥികൾക്കും പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ രാജൻ പി തൊടിയൂർ ചർച്ച ചെയ്യുന്നു.
കേരള റൂറൽ ഡെവലപ്മെൻറ് ഏജൻസി ( KRDA ) യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘എൻറെ റേഡിയോ’ 91. 2 എഫ് എം കരുനാഗപ്പള്ളിയിലും 30 കിലോമീറ്റർ ചുറ്റളവിലും ഉള്ള ഗ്രാമീണ ജനതയുടെ ആശയ വിനിമയത്തിനുള്ള മാർഗ്ഗമായി പ്രവർത്തിച്ചു തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് മലയാളത്തിലെ ആദ്യത്തെ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ കരിയർ മാഗസിൻറെ ഡിജിറ്റൽ പ്രസിദ്ധീകരണമായ www.careermagazine.in നുമായി സഹകരിച്ചു തൊഴിൽ വിദ്യാഭ്യാസ മേഖലയിലെ പുത്തൻ പ്രവണതകൾ ഗ്രാമീണ ജനങ്ങളിൽ എത്തിക്കുന്നതിനായി ഇത്തരമൊരു പരിപാടി.
“അന്തരിച്ച മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാമിൻറെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു തൊഴിൽ – വിദ്യാഭ്യാസ ബോധവൽക്കരണം ഗ്രാമങ്ങളിൽ എന്നത്. കരിയർ മാഗസിൻറെ അത്തരം പരിപാടികളിൽ ഞാനും ഒപ്പമുണ്ടാകും എന്ന് 2002 ൽ ചെന്നൈ അണ്ണാ സർവകലാശാലയിൽ വെച്ച് നടത്തിയ അഭിമുഖത്തിനിടയിൽ അദ്ദേഹം പറഞ്ഞു. ഇപ്പോൾ അതിൻറെ സാക്ഷാൽക്കാരമാണ് ‘എൻറെ റേഡിയോയിലൂടെ നിർവഹിക്കുന്നത്.” രാജൻ പി തൊടിയൂർ പറഞ്ഞു.
തൊഴിൽ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ, ഉദ്യോഗാർഥികളും വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, രക്ഷിതാക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ വിദ്യാഭ്യാസം, സ്റ്റാർട്ടപ്പ് രംഗത്തെ പുത്തൻ പ്രവണതകൾ തുടങ്ങി ഒരു പുതിയ സമൂഹത്തെ വാർത്തെടുക്കുന്നതിനുള്ള വിഷയങ്ങൾ ഇതിലൂടെ അവതരിപ്പിക്കാനാണ് ‘എൻറെ റേഡിയോ’ 91. 2 എഫ് എം ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ 34 വർഷങ്ങളായി ഇന്ത്യക്കത്തും പുറത്തും തൊഴിൽ – വിദ്യാഭ്യാസ ബോധവക്കരണ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായ രാജൻ പി തൊടിയൂർ ഉദ്യോഗാർഥികളുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് ഈ പരിപാടിയിലൂടെ മറുപടി പറയും. “സാമൂഹിക മാറ്റം, സമൂഹത്തിൻറെ പങ്കളിത്തത്തോടെ” എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ‘എൻറെ റേഡിയോ’ 91. 2 എഫ് എം ഒരുക്കുന്ന ഈ അവസരം എല്ലാ മലയാളികളും പ്രയോജനപ്പെടുത്തണമെന്ന് സ്റ്റേഷൻ ഡയറക്ടർ അറിയിച്ചു.