ഫയർഫോഴ്‌സ് : തൊഴിലധിഷ്ഠിത കോഴ്‌സുകൾ

319
0
Share:

കേരള ഫയർ ആൻറ് റെസ്‌ക്യു അക്കാഡമിയിൽ തൊഴിലധിഷ്ഠിത സെൽഫ് ഫിനാൻസിംഗ് കോഴ്‌സുകൾ ആരംഭിക്കുന്നു.

നാല് മാസം ദൈർഘ്യമുള്ള അഡ്വാൻസ്്ഡ് കോഴ്സ് ഓൺ ഫയർ ആൻറ് സേഫ്ടി, ഫീൽഡ് തലത്തിൽ പ്രാവീണ്യം ഉറപ്പാക്കുന്ന രണ്ടു മാസത്തെ ബേസിക് കോഴ്സ് ഓൺ ഫയർ ആൻറ് സേഫ്ടി, ബേസിക് കോഴ്സ് ഓൺ ഫയർ പ്രിവൻഷൻ എന്നിവയാണ് തൃശൂരിലെ അക്കാഡമിയിൽ പഠിപ്പിക്കുക.

അടിയന്തര ഘട്ടങ്ങളിൽ സുരക്ഷിതമായ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതാണ് ബേസിക് കോഴ്സ് ഓൺ ഫയർ പ്രിവൻഷൻ. ഒരാഴ്ചയാണ് ഇതിന്റെ പഠനകാലാവധി. കോഴ്‌സുകളുടെ സിലബസ് അപേക്ഷകരുടെ ആവശ്യാനുസരണം മാറ്റം വരുത്താവുന്ന തരത്തിലാണ് ക്രമീകരിക്കുക.

സ്ത്രീ പുരുഷ ഭേദമന്യേ പൊതുജനങ്ങൾക്കായി ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 20 വയസ്സ് പൂർത്തിയായ, 35 വയസ്സു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ സ്ഥാപനങ്ങളിൽ ഫയർ ആൻറ് സേഫ്റ്റി ഓഫീസർ ഉൾപ്പെടെയുള്ള വിവിധ തൊഴിലിന് പ്രാപ്തമാക്കുന്ന നൂതന കോഴ്സുകളാണ് അക്കാഡമി ആവിഷ്‌കരിച്ചിരിക്കുന്നത്.

എല്ലാ വർഷവും ജനുവരി ആദ്യം പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയും വിധത്തിലാവും മൂന്നു കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിക്കുക. കോഴ്സ് പ്രവേശനത്തെ കുറിച്ചുള്ള വിവരങ്ങൾ fire.kerala.gov.in ൽ പ്രസിദ്ധീകരിക്കും. സർട്ടിഫിക്കറ്റ് കോഴ്സുകളായ ആഡ്വാൻസ്ഡ് കോഴ്സ് ഓൺ ഫയർ ആൻറ് സേഫ്ടി, ബേസിക് കോഴ്സ് ഓൺ ഫയർ ആൻറ് സേഫ്ടി എന്നിവയ്ക്ക് പ്‌ളസ് ടു, വി. എച്ച്. എസ്. സി, തത്തുല്യ യോഗ്യതയുണ്ടായിരിക്കണം.

ബേസിക് കോഴ്സ് ഓൺ ഫയർ പ്രിവൻഷന് ഏഴാം ക്ലാസിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത വേണം. മെഡിക്കൽ, ഫിസിക്കൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടഫിക്കറ്റുകൾ, സ്വയം സാക്ഷ്യപത്രം എന്നിവ അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം. അപേക്ഷകർ ശാരീരിക യോഗ്യതാ പരീക്ഷ പാസാകണം. പ്രവേശനം ലഭിക്കുന്നവർ അക്കാദമിയിൽ താമസിച്ച് പരിശീലനം നേടണം. കോഴ്സ് പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫയർ ആന്റ് റെസ്‌ക്യു വകുപ്പ് സർട്ടിഫിക്കറ്റ് നൽകും.

Share: