ജ്വലിപ്പിക്കുന്ന ഉത്സാഹമാകട്ടെ മുഖമുദ്ര

784
0
Share:

നിങ്ങൾ ഉത്സാഹത്താൽ ജ്വലിച്ചില്ലെങ്കിൽ, ആരുടെയെങ്കിലും ജ്വലിക്കുന്ന കോപത്തിനിരയാകേണ്ടി വരും. അലസർക്കും ഉന്മേഷമില്ലാത്തവർക്കുമുള്ള മുന്നറിയിപ്പാണിത്‌.

പലരുടെയും ജീവിത വിജയത്തിനുള്ള മുഖ്യതടസം താത്പര്യക്കുറവും ഉന്മേഷമില്ലായ്മയുമാണ്‌. ഒന്നിലും താത്പര്യമില്ലാത്ത അനേകം വിദ്യാർഥികളെ ഞാൻ ജീവിതയാത്രയിൽ കണ്ടുമുട്ടിയിട്ടുണ്ട്‌. അവരോടു ചോദിച്ച ചോദ്യങ്ങൾക്കു ലഭിച്ച ഉത്തരങ്ങൾ രസകരമാണ്‌. എന്തിനാണു കോളജിൽ ചേർന്നത്‌? വീട്ടുകാർ നിർബന്ധിച്ചിട്ട്‌. എന്തിനാണു പഠിക്കുന്നത്‌ ? സമയം കളയാൻ. എന്താണു പഠനത്തിൽ പിറകോട്ടു പോകുന്നത്‌ ? താത്പര്യമില്ല. എന്തുകൊണ്ടാണ്‌ ഉഴപ്പുന്നത്‌ ? താത്പര്യംകൊണ്ട്‌. ശ്രദ്ധിക്കുക – വേണ്ടതിൽ താത്പര്യമില്ല, വേണ്ടാത്തതിന്‌ അത്‌ ഉണ്ടുതാനും.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നാം ഏറ്റെടുക്കേണ്ട ചില ഉത്തരവാദിത്തങ്ങളുണ്ട്‌. അതു ഗൗരവം കൂടുതൽ ഉള്ളതും കുറവുള്ളതുമായിരിക്കും. എന്തായിരുന്നാലും ഏറ്റെടുക്കുന്ന കാര്യത്തിൽ നാം കാണിക്കുന്ന താത്പര്യവും, തീഷ്ണതയും അതിന്റെ ഫലപ്രാപ്തി വർധിപ്പിക്കും. നമ്മുടെ സ്വീകാര്യതയും. ലോകത്തിന്‌ ഗണ്യമായ സംഭാവനകൾ നൽകിയ മഹദ്‌ വ്യക്തികളെ ശ്രദ്ധിക്കുക. അവരെല്ലാവരും ഏറ്റെടുത്ത ഉത്തരവാദിത്തം ആത്മാർഥതയോടും ശുഷ്കാന്തിയോടും നിർവഹിച്ചവരാണ്‌. ഫലമോ ചരിത്രത്തിലും, അനേകരുടെ സ്മരണകളിലും അവർ മിഴിവോടെ നിലകൊള്ളുന്നു. ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്തവരെ, ഖലീൽ ജിബ്രാൻ പറയുന്നതുപോലെ, കാലം, മഷിക്കു പകരം വെള്ളംകൊണ്ട്‌ പേരെഴുതി വിസ്മൃതിയിലേക്കു തള്ളും.

അമ്മമാരെ ശ്രദ്ധിക്കുക. എത്ര അത്യുത്സാഹത്തോടെയാണ്‌ അവർ അവരുടെ കർമങ്ങൾ നിർവഹിക്കുന്നത്‌. വീട്ടു ജോലിയിലും, മക്കളെ വളർത്തുന്ന കാര്യത്തിലും അവർ കാണിക്കുന്ന ഉത്സാഹവും, ആവേശവും മാതൃകാപരമാണ്‌. അതിനുള്ള പ്രതിഫലമാണു നാം അവർക്കു കൊടുക്കുന്ന സ്നേഹം. അതു നിഷേധിക്കുമ്പോൾ അവർക്കുണ്ടാകുന്ന വേദനയും രോഷവും ഒരുപക്ഷേ കോപവും നമ്മെ ദഹിപ്പിച്ചുകളയും. ഒരു ജോലിയുടെ ഭാഗമായി നാം ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച വരുത്തിയാലും ഫലം സമമാണ്‌.

ഉത്സാഹം നമ്മെ ജ്വലിപ്പിക്കട്ടെ. തീക്ഷ്ണത നമ്മെ ചലിപ്പിക്കട്ടെ.

Share:

Leave a reply