എമിഗ്രേഷൻ രജിസ്‌ട്രേഷൻ നടപടികൾ ഇന്ത്യയിൽനിന്ന് മാത്രം

Share:

എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴിൽവിസയിൽ പോകുന്ന എമിഗ്രേഷൻ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ പാസ്‌പോർട്ട് ഉടമകൾക്ക് ഇന്ത്യയിൽനിന്ന് മാത്രമേ എമിഗ്രേഷൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാവൂ എന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. 2019 ജനുവരി ഒന്നുമുതൽ എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി കേന്ദ്രസർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

ഇന്ത്യയിലെ മൊബൈൽ നമ്പർ ഉപയോഗിച്ചുമാത്രമേ രജിസ്‌ട്രേഷൻ സാധ്യമാകൂ. വിദേശയാത്രയ്ക്ക് 21 ദിവസം മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഓൺലൈനായി സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം. ഇതിനായി www.emigrate.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. രജിസ്‌ട്രേഷൻ നടത്തുമ്പോൾ മൊബൈൽ ഫോണിൽ ലഭിക്കുന്ന പാസ്‌വേഡ് ഉപയോഗിച്ച് നടപടി പൂർത്തിയാക്കാം. രജിസ്‌ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന സന്ദേശമാണ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ കാണിക്കേണ്ടത്. തൊഴിൽ ദാതാവ്, തൊഴിൽ സ്ഥാപനം എന്നിവ മാറുന്ന മുറയ്ക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ടിവരും. ഇ.സി.ആർ പാസ്‌പോർട്ട് ഉള്ളവർ തൊഴിൽ വിസയിൽ മൂന്നുവർഷം പൂർത്തിയാക്കി ഇ.സി.എൻ.ആർ പാസ്‌പോർട്ടിലേയ്ക്ക് മാറുമ്പോൾ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്. ഒരിക്കൽ നടത്തുന്ന രജിസ്‌ട്രേഷൻ റദ്ദാക്കാനാവില്ല. തൊഴിൽ വിസ ഇല്ലാത്ത കുടുംബാംഗങ്ങൾ, ഔദ്യോഗികവിസ, സന്ദർശകവിസ, ബിസിനസ്സ് വിസ എന്നിവയിൽ പോകുന്നവർക്കും രജിസ്‌ട്രേഷൻ ആവശ്യമില്ല. പാസ്‌പോർട്ട് ഉടമയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. വിദേശത്തു ജോലി ചെയ്യുന്നവർ നാട്ടിൽവന്നു മടങ്ങുന്നതിനുമുൻപ് രജിസ്‌ട്രേഷൻ നടത്തണം.

അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, ഇൻഡോനേഷ്യ, ഇറാഖ്, ജോർദ്ദാൻ, കുവൈറ്റ്, ലെബനൻ, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സുഡാൻ, സൗത്ത് സുഡാൻ, സിറിയ, തായ്‌ലാൻഡ്, യു.എ.ഇ, യെമൻ എന്നീ രാജ്യങ്ങളിലേയ്ക്ക് തൊഴിൽവിസയിൽ പോകുന്ന എമിഗ്രേഷൻ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ പാസ്‌പോർട്ട് ഉടമകൾക്കാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ തൊഴിൽവിസയിൽ നിലവിൽ ജോലി ചെയ്യുന്ന ഇതുവരെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലാത്തവർ ഇനി നാട്ടിൽവന്ന് മടങ്ങുന്നതിനുമുൻപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

കൂടുതൽ വിവരങ്ങൾ പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ 1800 11 3090 എന്ന നമ്പറിൽ ലഭിക്കും.

ഇ-മെയിൽ വിലാസം: helpline@mea.gov.in

Share: