വിദ്യാഭ്യാസ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

261
0
Share:

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ നല്‍കുന്നതിന് കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/ ടെക്‌നിക്കല്‍ കോഴ്‌സുകളിലും ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സിലും പഠനം നടത്തുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 18നും 35നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബവാര്‍ഷിക വരുമാനം 1,50,000 രൂപയില്‍ കവിയരുത്. അപേക്ഷകര്‍ പഠനം നടത്തുന്ന സ്ഥാപനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ സര്‍ക്കാര്‍ അംഗീകൃതമോ ആയിരിക്കണം. മുഴുവന്‍ സമയ റഗുലര്‍ കോഴ്‌സുകള്‍ മാത്രമേ വായ്പയ്ക്കായി പരിഗണിക്കുകയുള്ളൂ. തിരഞ്ഞെടുത്ത കോഴ്‌സ് എ.ഐ.സി.ടി.ഇ, യു.ജി.സി, നഴ്‌സിംഗ് കൗണ്‍സില്‍ തുടങ്ങിയ ബന്ധപ്പെട്ട ഏജന്‍സികള്‍ അംഗീകരിച്ചതായിരിക്കണം. കോഴ്‌സില്‍ പ്രവേശനം ലഭിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ ബന്ധപ്പെട്ട കോളേജധികൃതരുടെ സാക്ഷ്യപത്രം സഹിതം അപേക്ഷയോടൊപ്പം ഹാജരാക്കണം. മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈ ആവശ്യത്തിന് വായ്പ ലഭിച്ചവരെ വീണ്ടും പരിഗണിക്കുന്നതല്ല. (ഇന്ത്യയ്ക്കകത്ത് പഠനം നടത്തുവാന്‍ പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും) വായ്പാ തുക പഠനം കഴിഞ്ഞ് ആറുമാസത്തിനു ശേഷം അഥവാ ഉദ്യോഗം ലഭിക്കുമ്പോള്‍ (ഏതാണോ ആദ്യം ആ ക്രമത്തില്‍) നിശ്ചിത ശതമാനം പലിശ നിരക്കില്‍ അഞ്ചു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. പലിശ നിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നാലു ശതമാനവും വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്നര ശതമാനവും ആയിരിക്കും.

വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷകര്‍ വായ്പാ സംബന്ധമായി കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കണം.

അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

Share: