‘ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ’
-പ്രൊഫ. ബലറാം മൂസദ്
സാക്ഷാത്ക്കരിക്കപ്പെടെണ്ട ഒരു സ്വപ്നമാണ് പലര്‍ക്കുമിന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കല്‍.
കേരളത്തിന്‍റെ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ നൈപുണ്യമെന്ന പാസ്പോര്‍ട്ട് കൂടിയേ കഴിയൂ.
ഇംഗ്ലീഷ് അറിയുന്നവന് ഇന്ന് ലോകം തന്‍റെ കൈപ്പിടിയിലാണ്, അഥവാ തന്‍റെ കാല്‍ക്കീഴില്‍!
പക്ഷെ ഒരു ബാലികേറാമലയായി ഇംഗ്ലീഷിനെ പലരും കല്പ്പിക്കുന്നു.
ഈ ധാരണ തിരുത്തലും , ആര്‍ക്കും കയറിച്ചെന്ന് ആധിപത്യമുറപ്പിക്കാവുന്ന ഒരു തുറന്ന ലോകമാണ് ഇംഗ്ലീഷ് ഭാഷ എന്ന് സ്ഥപിക്കലുമാണ് ഈ പരമ്പരയുടെ മുഖ്യ ലലക്‌ഷ്യം.
ഇംഗ്ലീഷ് പഠിക്കാനിറങ്ങിത്തിരിക്കുന്ന മലയാളി നേരിടുന്ന പ്രത്യേക പ്രശ്നങ്ങളില്‍ നിന്നാരംഭിച്ച് പടിപടിയായുള്ളതാണിവിടെ മലകയറ്റം. ചെത്തിമിനുക്കി ആകര്‍ഷകമാക്കപ്പെട്ട വ്യാകരണമുണ്ട് ഊന്നുവടിയായി. Essential vocabulary, ഉച്ചാരണ സഹായി, സ്പെല്ലിംഗ് സഹായി എന്നിവ ഈ പരമ്പരയുടെ പ്രായോഗിക മൂല്യത്തിന് മാറ്റ് കൂട്ടേണ്ടതാണ്.
ഉപചാര പദങ്ങളുടെ പ്രയോഗം, പെരുമാറ്റരീതി എന്നീ അധ്യായങ്ങ ള്‍ വ്യക്തിത്വവികസനത്തിന്‍റെ ഗായത്രി മന്ത്രങ്ങളത്രെ.
ഇവയെല്ലാം ചേര്‍ന്നാലും പൂര്‍ണത എന്ന ലക്ഷ്യം എത്രയോ അകലെത്തന്നെ.
ആ ലക്ഷ്യത്തിലേക്ക് ഞങ്ങളെ നയിക്കാന്‍ പറ്റിയ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യപ്പെടും.
ഈ ഇനത്തില്‍പ്പെട്ട പല പുസ്തകങ്ങളും പദങ്ങളുടെയും വാചകങ്ങളുടെയും ‘ഗുഡ്സ് ട്രെയിന്‍’ പട്ടികകള്‍ മാത്രമാണ്.
ഒരു പുതിയ ലോകം വെട്ടിപ്പിടിക്കുന്നതിന്‍റെ ആവേശത്തുടിപ്പുകള്‍ അവയിലെ അവതരണരീതി ഉള്‍ക്കൊള്ളാറില്ല.
ഈപരമ്പരയുടെ കഥയോ? അത് വായനക്കാരാണ് തീരുമാനിക്കേണ്ടത്.
വായനക്കാരാണല്ലോ ഇത്തരം പാരമ്പരകളുടെ അന്തിമ വിധി കര്‍ത്താക്കള്‍.
പതിനേഴ് വർഷക്കാലം കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലെ ഇംഗ്ലീഷ് വകുപ്പദ്ധ്യക്ഷനായി സേവനം അനുഷ്ഠിച്ച , പ്രൊഫ. ബലറാം മൂസദ്, ‘കരിയർ മാഗസിനി’ ൽ തുടർച്ചയായി എഴുതുകയും പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തതാണ് , ‘ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ’.
പുതിയ തലമുറയിൽപ്പെട്ട വായനക്കാർക്കായി ഡിജിറ്റൽ പതിപ്പ് www.careermagazine.in പരമ്പരയായി പ്രസിദ്ധീകരിക്കുന്നു.