ഡിജിറ്റൽ മാർക്കറ്റിംഗ് : വളരുന്ന തൊഴിൽ സാദ്ധ്യതകൾ
റിഷി പി. രാജൻ
പരമ്പരാഗത മാര്‍ക്കറ്റിംഗ് ശൈലി ക്രമേണ കാലഹരണപ്പെടുകയാണ്. അതിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളുടെ അവസ്ഥ, ഉപഭോക്താക്കളിൽ എത്തുന്നതിനുള്ള അതിൻറെ സാദ്ധ്യതകൾ കുറഞ്ഞു എന്ന് വ്യക്തമാക്കുന്നു. ലക്ഷങ്ങൾ അച്ചടിക്കുന്നു എന്നവകാശപ്പെടുന്ന പത്രങ്ങളിൽ പരസ്യം ചെയ്യുമ്പോൾ ലഭിക്കുന്ന പ്രതികരണം പരസ്യദാദാക്കളെ നിരാശപ്പെടുത്തുന്നു എന്നതാണ് യാഥാർഥ്യം.
പരസ്യങ്ങളിൽ നിന്നുള്ള ഫലപ്രാപ്തി, ജനങ്ങളുടെ താത്പര്യം എന്നിവ നിര്‍ണയിക്കുക എന്നതു ക്ലേശകരവുമായിരിക്കുന്നു. എന്നാല്‍ നവമാധ്യമ സാങ്കേതികത പ്രയോജനപ്പെടുത്തിയുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് യഥാര്‍ഥ ആവശ്യക്കാരിലേക്ക് മാത്രമാണ് വിവരങ്ങള്‍ എത്തിക്കുന്നത്. ആവശ്യക്കാര്‍ തങ്ങല്ക്കാവശ്യമായ ഉത്പന്നങ്ങളെക്കുറിച്ചോ, സേവനങ്ങളെക്കുറിച്ചോ വിവരങ്ങള്‍ സെര്‍ച്ച് എന്‍ജിനുകളിലോ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലോ ചികയുമ്പോള്‍ മാത്രമാണ് ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്നത്. ആ വിവരങ്ങളില്‍ ആവശ്യക്കാര്‍ ക്ലിക്ക് ചെയ്യുമ്പോഴാണു പരസ്യം ചെയ്യുന്ന ആളില്‍ നിന്ന് കാശ് ഈടാക്കുന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായി ഇത്തരം മാര്‍ക്കറ്റിംഗ് തന്ത്രം കൂടുതല്‍ ലാഭകരമാണ്.
ഡിജിറ്റൽ മാർക്കറ്റിംഗ് വളരുന്നതോടൊപ്പം സാങ്കേതിക വിദഗ്ധരുടെ ദൗര്‍ലഭ്യം ഈ മേഖലയില്‍ ഒരു വലിയ വിടവായി നിലനില്ക്കുന്നു. മാർക്കറ്റിംഗിന്റെ ലക്ഷ്യം തന്നെ തെറ്റിപ്പോകാൻ മാനവ വിഭവ ശേഷിയുടെ ഈ കുറവ് ഒരു കാരണമായേക്കാം. ഈ മേഖലയില്‍ ശരിയായ പരിശീലനത്തിലൂടെ പുതിയ ഡിജിറ്റൽ കഴിവുകൾ സ്വായത്തമാക്കിയാല്‍ മാത്രമേ തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും വാര്‍ത്തകളും യഥാര്‍ഥ ഉപയോക്താക്കളില്‍ എത്തിക്കാന്‍ കഴിയുകയുള്ളു.
ഇതിന് ഒരു സ്ഥാപനത്തില്‍ പരമ്പരാഗത ശൈലി അവലംബിക്കുന്നവരെക്കൂടി ഈ മേഖലയിലെ സാധ്യതകളിലേക്ക് കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ശരിയായ അനലിറ്റിക്സ്, മൊബൈൽ, സോഷ്യൽ മീഡിയ, പ്രോഗ്രമാറ്റിക് സാങ്കേതികത, ഓണ്‍ലൈന്‍ പത്ര മാധ്യമങ്ങള്‍ വഴിയുള്ള മാര്‍ക്കറ്റിംഗ് തന്ത്രം, സെര്‍ച്ച് എന്ജിന് ഒപ്റ്റിമൈസേഷന്‍, ഇൻ സ്റ്റോർ മാർക്കറ്റിംഗ്, ലൊക്കേഷൻ ടാർജെറ്റിംഗ്, ഓണ്‍ലൈന്‍ വിവരങ്ങള്‍ വ്യക്തിഗതമായും, ഇച്ഛാനുസൃതമായും വേര്‍തിരിക്കല്‍, ഒമ്നി ചാനൽ ഏകീകരണം, ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുകളുടെ സംയോജനം എന്നിവയും ഈ നേട്ടത്തിന് അനിവാര്യഘടകമാണ്.
സോഷ്യല്‍ മീഡിയ
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണ തന്ത്രങ്ങള്‍ ഇന്ന് സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്, കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആള്‍ക്കാരില്‍ വിവരങ്ങള്‍ എത്തിക്കുവാനുള്ള സോഷ്യല്‍ മീഡിയാ ന്യൂസ് ഫീഡുകള്‍ വഴിയുള്ള ശ്രമങ്ങള്‍ പലപ്പോഴും ഗുണത്തെക്കാളെറെ ദോഷകരമായി ഭവിക്കുന്നതിനു പ്രധാന കാരണം സാങ്കേതിക വിദ്യയുടെ തെറ്റായ വിനിയോഗമാണ്. ബ്രാൻഡ് ഉത്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോക്താക്കൾക്ക് ഓഫറുകൾ നൽകുക എന്നതാണ് മറ്റൊരു രീതി, സാങ്കേതിക വിദ്യയുടെ നൂലാമാലകള്‍ ഇല്ലാതെയുള്ള ഈ പ്രചാരണ രീതി സാധാരണക്കാര്‍ക്കും ചെയ്യാമെന്നതിനുള്ള ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഉപഭോക്താക്കൾ അവരുടെ ഡൈനിംഗ് അനുഭവത്തിന്റെ ഫോട്ടോകൾ പങ്കു വയ്ക്കുമ്പോൾ റസ്റ്ററന്റുകള്‍ നല്കുന്ന ഓഫറുകളും, ഡിസ്കൗണ്ടുകളും നൽകുന്നത് ഒരു വിപണന തന്ത്രമാണ്.
വീഡിയോ മാര്‍ക്കറ്റിംഗ്
ശരിയായ ആശയം ദൃശ്യവത്കരിക്കാൻ കഴിഞ്ഞാൽ ഫലം ഉറപ്പുലഭിക്കുന്ന മേഖലയാണ് വീഡിയോ മാർക്കറ്റിങ്. നവമാധ്യമങ്ങൾ ഇന്ന് വിദേശ രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു. ഇലക്ഷന് പ്രചാരണനത്തിനും നവമാധ്യമങ്ങളെ ആശ്രയിക്കുന്ന അവസ്ഥ ഇന്നുണ്ട്. താരതമ്യേന കുറഞ്ഞ മുടക്കുമുതലിൽ കൂടുതൽ ഫലപ്രദമായി ചെയ്യാൻ കഴിയുന്നതാണ് നവമാദ്ധ്യമങ്ങളുടെ പ്രത്യേകത. സാങ്കേതികവിദ്യക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം കൃത്യത, സമയ ബന്ധിത വിനിമയം, ജനസമ്പര്‍ക്ക രീതി ഇവയൊക്കെ നവമാദ്ധ്യമങ്ങളുടെ ശക്തിയാണ്.
ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും മാര്‍ക്കറ്റിംഗിനു പുറമേ വെബ് ജേർണലിസം, ഓൺലൈൻ പബ്ലിക് റിലേഷൻസ്, ഓണ്‍ലൈന്‍ പരസ്യ മേഖലകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പല മേഖലയിലും ഈ സാങ്കേതിക വിദ്യ ഇന്ന് ഉപയോഗിച്ചുവരുന്നു. അതുകൊണ്ടു തന്നെ വരും കാലങ്ങളില്‍ ഈ മേഖലയിൽ ഉണ്ടാകാവുന്ന തൊഴില്‍ സാധ്യതകള്‍ അനന്തമാണ്. ക്യാമ്പയിൻ എക്സ്പർട്ട്സ്, ഓൺലൈൻ പബ്ലിക് റിലേഷൻ പ്രഫഷണൽ, ഡിജിറ്റൽ മാർക്കറ്റിംഗ് പ്രഫഷണൽ, സെർച്ച് ആൻഡ് ഡിസ്പ്ലെ അഡ്വർട്ടൈസിംഗ് ജോലികൾ, കാന്പയിൻ അനലിസ്റ്റ് തുടങ്ങിയവയാണ് ഇതുമായി ബന്ധപെട്ട തൊഴില്‍ മേഖലകള്‍.
പ്രായോഗിക പരിശീലനത്തിനു താരതമ്യേന ചെലവേറെ വരുമെങ്കിലും സൗജന്യമായി ഡിജിറ്റൽ മാർക്കറ്റിംഗിൽ അംഗീകൃത സർട്ടിഫിക്കേഷനുകൾ നൽകുന്ന പല ഓൺലൈൻ ദാതാക്കളുമുണ്ട്. ഗൂഗിള്‍ ഇത്തരത്തില്‍ ഒരു സൗജന്യ കോഴ്സ് ഓഫര്‍ ചെയ്യുന്നുണ്ട്, കൂടുതല്‍ വിവരങ്ങള്‍ക്ക് https://learndigital.withgoogle.com/digitalgarage എന്ന ലിങ്ക് സന്ദര്‍ശിക്കുക. പൊതു മേഖലയില്‍ കേരളത്തില്‍ ഇത്തരത്തില്‍ ഒരു തൊഴിലധിഷ്ഠിത കോഴ്സ് കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ഗ്രൂപ്പ് അവരുടെ തിരുവനന്തപുരം ഡിവിഷനില്‍ നടത്തുന്നുണ്ട്.