പത്താംക്ലാസ് പാസായവർക്ക് തപാൽ വകുപ്പിൽ 1193 ഒഴിവുകൾ
തപാൽ വകുപ്പിന്റെ കേരളാ സർക്കിളിൽ ഡാക് സേവക് തസ്തികയിലെ 1193 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇതേ ഒഴിവുകളിലേക്ക് ഈ വർഷം മേയിൽ തപാൽ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വെബ്സൈറ്റ് തകരാറിനെത്തുടർന്ന് അപേക്ഷ സ്വീകരിക്കുന്നത് പിന്നീട് നിർത്തിവച്ചതായിരുന്നു. അന്ന് അപേക്ഷിച്ചവർ അപേക്ഷാവേളയിൽ ലഭിച്ച രജിസ്ട്രേഷൻ നന്പറും മൊബൈൽ ഫോൺ നന്പറും ഉപയോഗിച്ച് തപാൽ വകുപ്പിന്റെ വെബ്സൈറ്റിൽ ( www.indiapost.gov.in ) പ്രവേശിച്ച് അപേക്ഷ സ്വീകരിക്കപ്പെട്ടോ എന്നുറപ്പ് വരുത്തണം. സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ വീണ്ടും അപേക്ഷിക്കണം.
ഗ്രാമീൺ ഡാക്സേവക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ജിഡിഎസ്-ബിപിഎം) തസ്തികയിലേക്ക് ഒഴികെയുള്ള അപേക്ഷകർ അതത് പോസ്റ്റൽ വില്ലേജ്/വിതരണ പരിധിക്കുള്ളിൽ താമസിക്കുന്നവരായിരിക്കണം.
ജിഡിഎസ്-ബിപിഎം തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ തെരഞ്ഞെടുക്കപ്പെടുന്നതിന് ഒരു മാസത്തിനുള്ളിൽ (ജോലിയിൽ പ്രവേശിക്കുന്നതിന് മുന്പ്) ബ്രാഞ്ച് പോസ്റ്റ് ഓഫീസ് വില്ലേജിലേക്ക് താമസം മാറണം. ഇതു സംബന്ധിച്ച സമ്മതപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
യോഗ്യത- പത്താംക്ലാസ് പാസായിരിക്കണം. ഉയർന്ന യോഗ്യതയുള്ളവർക്ക് ഒരു തരത്തിലുള്ള മുൻഗണനയും ഉണ്ടാകില്ല. അപേക്ഷകർക്ക് കംപ്യൂട്ടർ പരിജ്ഞാനം വേണം. കുറഞ്ഞത് 60 ദിവസം ദൈർഘ്യമുള്ള കംപ്യൂട്ടർ പരിശീലനം പാസായതിന്റെ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. പത്താം ക്ലാസിലോ പ്ലസ്ടുവിലോ അല്ലെങ്കിൽ ഉയർന്നതലങ്ങളിലോ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചവർക്ക് ഇളവ് ലഭിക്കും.
പ്രായം- 2017 നവംബർ 29ന് പതിനെട്ടും നാൽപ്പതിനും ഇടയിൽ. ഒബിസിക്കാർക്ക് മൂന്നു വർഷവും എസ്സി,എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഭിന്നശേഷിക്കാർക്ക് പത്തുവർഷവും ഉയർന്നപ്രായത്തിൽ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്- പത്താംക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒന്നിലധികം ഉദ്യോഗാർഥികൾക്ക് ഒരേ മാർക്കാണുള്ളതെങ്കിൽ ജനനത്തീയതി (ഉയർന്നപ്രായം), പട്ടികവർഗ വനിത, പട്ടികജാതി വനിത, ഒബിസി വനിത, ജനറൽ വനിത, പട്ടിക വർഗ പുരുഷൻ, പട്ടികജാതി പുരുഷൻ, ഒബിസി പുരുഷൻ, ജനറൽ പുരുഷൻ എന്നീ ക്രമത്തിലാണ് മുൻഗണന ലഭിക്കുക. അപേക്ഷാ സമയത്ത് ഉദ്യോഗാർഥികൾക്ക് മുൻഗണനാ ക്രമത്തിൽ അഞ്ച് തസ്തികകൾ തെരഞ്ഞെടുക്കാം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
സെക്യൂരിറ്റി തുക: ബിപിഎം തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ 25,000 രൂപയും മറ്റു തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ 10,000 രൂപയും സെക്യൂരിറ്റിയായി നല്കണം.
അപേക്ഷാ ഫീസ്- ജനറൽ, ഒബിസി വിഭാഗത്തിൽപ്പെടുന്ന പുരുഷൻമാർക്ക് 100 രൂപ. മറ്റു വിഭാഗക്കാർക്കും വനിതകൾക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം- www.indiapost.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ www.indiapost.gov.in , www.appost.in/gdsonline എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവാസന തീയതി നവംബർ 29.