കേരള ബാങ്ക് – സഹകരണ മേഖലയ്ക്ക് നേട്ടമാകും: മന്ത്രി

290
0
Share:

കേരള ബാങ്ക് രൂപീകരണം സാധ്യമാകുന്നതോടെ കേരളത്തിലെ പ്രാഥമിക, കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും സുഗമവുമാവുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സാധാരണ ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങളില്‍ കൈത്താങ്ങാകുന്ന സംസ്ഥാനത്തെ സഹകരണപ്രസ്ഥാനം രാജ്യത്തിനാകെ മാതൃകയാണ്. മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്കിന്റെ ആറാമത് ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നര ലക്ഷം കോടിയുടെ നിക്ഷേപവും മൂന്നരക്കോടിയിലേറെ നിക്ഷേപവുമുള്ള മഹാപ്രസ്ഥാനമാണ് സഹകരണമേഖല. ഈ മേഖല അതു നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ചു മുന്നോട്ടുപോകുകയാണ്.
വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തുമെല്ലാം നമ്മുടെ സംസ്ഥാനം രാജ്യത്തിനാകെ മാതൃകയാണെന്നും അബ്രാഹ്മണ ശാന്തി നിയമനം പോലുള്ള പുരോഗമനപരമായ തീരുമാനങ്ങള്‍ നമ്മുടേതുപോലെ സംസ്‌കാര സമ്പന്നമായ സംസ്ഥാനത്തു മാത്രമേ നടക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിലെ ചെയര്‍മാന്‍ വി. ശിവന്‍കുട്ടി, കൗണ്‍സിലര്‍മാരായ മേരി ലില്ലി രാജ, ഷാജിത നാസര്‍, ഷീബ പാട്രിക്, സഹകരണ ബാങ്ക് പ്രസിഡന്റ് എസ് സലിം, സെക്രട്ടറി എസ്. ബീന, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share: