ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം: അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (വനിത) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും, 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണ നിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും, കഴിവും, ആര്‍ജവവും ഉള്ളവരും ആയിരിക്കണം. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ, 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും, ജില്ലാ സപ്ലൈ ഓഫീസുകളിലും, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം, നിശ്ചിത അപേക്ഷാഫോറത്തില്‍ ഏപ്രില്‍ 25 ന് മുന്‍പ് ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
ജില്ലാ കളക്ടര്‍മാരില്‍ നിന്ന് ലഭ്യമാകുന്ന അപേക്ഷകളില്‍ നിന്ന് ചുരുക്കപ്പട്ടിക തയാറാക്കി സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്ക് യാത്രാബത്തയോ മറ്റു ചെലവുകളോ അനുവദിക്കുന്നതല്ല.