ഇന്ന് ഭരണഘടനാ ദിനം ( നവംബർ 26 )
ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിൻറെ എഴുപത്തഞ്ചാം വാർഷികദിനം ഇന്ന് ഇന്ത്യയിൽ ഭരണഘടനാദിനമായി ആചരിക്കുകയാണ് .
ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത് 1949 നവംബർ 26 ന് ആണ് .
1950 ജനുവരി 26 ന് ഇത് പ്രാബല്യത്തിൽ വന്നു.
ഭരണഘടനാദിനമായി ആഘോഷിക്കുന്ന ഇന്ന് സർക്കാർ, അർധസർക്കാർ, തദ്ദേശഭരണസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിച്ചു . പഴയ പാർലമെൻറ് മന്ദിരത്തിൻറെ സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു പാർലമെൻറിൻറെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. 75 രൂപയുടെ പ്രത്യേക നാണയം രാഷ്ട്രപതി പുറത്തിറക്കി.സംസ്‌കൃതത്തിലും മൈഥിലി ഭാഷയിലും തയ്യാറാക്കിയ ഭരണഘടനയും പുറത്തിറക്കി.
രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു…….
“75 വർഷം മുമ്പ് ഈ ദിവസം ഈ സെൻട്രൽ ഹാളിൽ, ഭരണഘടനാ നിർമ്മാണം എന്ന ബൃഹത്തായ ജോലി ഭരണഘടനാ നിർമ്മാണ സഭ നടത്തി. നമ്മുടെ ഭരണഘടന ജീവിക്കുന്നതും പുരോഗമനപരവുമായ ഒരു രേഖയാണ്. നമ്മുടെ ഭരണഘടനയിലൂടെ സാമൂഹ്യനീതിയുടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിൻ്റെയും ലക്ഷ്യങ്ങൾ നാം നേടിയെടുത്തു”.
സോഷ്യലിസം, മതനിരപേക്ഷത എന്നിവ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻറെ അവിഭാജ്യഘടകങ്ങളായി അടുത്ത ദിവസമുണ്ടായ കോടതി വിധിയിലൂടെ സ്ഥിരപ്പെട്ടിരിക്കുന്നു. ‘ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ’എന്നാണ് ആമുഖം തുടങ്ങുന്നത്. ആ വാചകങ്ങൾക്ക് തത്തുല്യമായ സ്വീകാര്യത സോഷ്യലിസം, മതനിരപേക്ഷത എന്നിവയ്‌ക്കും പൊതുസമൂഹത്തിൽ ലഭിച്ചിട്ടുണ്ട്.
‘മതനിരപേക്ഷത അടിസ്ഥാനഘടനയുടെ ഭാഗം’
മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗം തന്നെ. കേശവാനന്ദഭാരതി കേസിലും എസ് ആർ ബൊമ്മെ കേസിലും ഉയർത്തിപ്പിടിച്ചത് ഇതേനിലപാട്. ഭരണഘടന അംഗീകരിക്കപ്പെട്ട 1949 -ൽ മതനിരപേക്ഷത കൃത്യമായി നിർവചിച്ചിരുന്നില്ല. എന്നാൽ, ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമായ തത്വങ്ങൾക്ക് അടിയുറച്ച മതനിരപേക്ഷ സ്വഭാവമുണ്ടെന്നതിൽ സംശയമില്ല. മതനിരപേക്ഷത തുല്യതയ്‌ക്കുള്ള അവകാശത്തിൻറെ മറ്റൊരു മുഖം തന്നെ–- സുപ്രീംകോടതി നിരീക്ഷിച്ചു.
‘സോഷ്യലിസം ഇന്ത്യൻ കണ്ണിലൂടെ’
സോഷ്യലിസമെന്ന ആശയത്തെ ഇന്ത്യൻ കണ്ണിലൂടെ നോക്കിക്കാണണം. ക്ഷേമരാഷ്ട്രമായി നിലനിൽക്കുമെന്നും എല്ലാവർക്കും തുല്യഅവകാശങ്ങൾ ഉറപ്പാക്കുമെന്നുമുള്ള വാഗ്‌ദാനമായി സോഷ്യലിസത്തെ കാണാം. പൗരൻമാരെ സാമൂഹ്യമായും സാമ്പത്തികമായും അഭിവൃദ്ധിപ്പെടുത്താനുള്ള ഉദ്ദേശ്യത്തെ പ്രതിഫലിപ്പിക്കുന്ന വാക്കായി സോഷ്യലിസത്തെ കാണണം. അത് സ്വകാര്യസംരഭങ്ങളെ നിരുത്സാഹപ്പെടുത്തുന്നതോ ബിസിനസിൽ ഏർപ്പെടാനുള്ള അവകാശത്തെ ഹനിക്കുന്നതോ അല്ല–- സുപ്രീംകോടതി വിലയിരുത്തി.
ഭാരതത്തിൻറെ ഭരണഘടന
ഭാരതത്തിൻറെ ഭരണഘടനയെക്കുറിച്ചു ഏറെ ചർച്ച ചെയ്യുകയും അത് സാധാരണ ജനങ്ങളിലെത്തിക്കുവാൻ കേരള സർക്കാർ ഉൾപ്പെടെ നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുള്ള കാലഘട്ടത്തിലാണ് നാം ഇന്ന്.
നാൽപ്പത് വർഷങ്ങൾക്ക് മുൻപ് (1984 ) ‘കരിയർ മാഗസിൻ ‘ ആരംഭിക്കുമ്പോൾ ഭരണഘടനയെക്കുറിച്ചു ഒരു പരമ്പര അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചു. കോമ്പറ്റിഷൻ സക്‌സസ് റിവ്യൂ വിൽ അത് പരമ്പരയായി എഴുതിയിരുന്ന ഡോ. എം വി പൈലി സാറിൻറെ ചിത്രമാണ് പെട്ടെന്ന് തെളിഞ്ഞു വന്നത്. അന്നദ്ദേഹം കൊച്ചി സർവ്വകലാശാല വൈസ് ചാൻസിലറും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരനുമാണ്. ‘കരിയർ മാഗസിൻ’റെ പ്രതികളുമായി ഉൾഭയത്തോടെയാണ് അദ്ദേഹത്തെ കാണാനെത്തിയത്.
ഡൽഹിയിൽ നിന്നും ഇറങ്ങിയിരുന്ന ‘കോമ്പറ്റീഷൻ സക്‌സസ് റിവ്യൂ ‘ എന്ന പ്രസിദ്ധീകരണത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പരമ്പരയായിരുന്നു, ഭാരതത്തിൻറെ ഭരണഘടന. തുടർച്ചയായി ഇംഗ്ലീഷിൽ എഴുതിയിരുന്നത് അദ്ദേഹമായിരുന്നു.
പൈലി സാറുമായി സംസാരിച്ചപ്പോൾ , അദ്ദേഹം ചോദിച്ചു: ” അതിപ്പോൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. അവർ തരുന്ന റോയൽറ്റി നിങ്ങൾക്ക് തരാൻ പറ്റുമോ? ”
” സാറ് ചോദിക്കുന്ന റോയൽറ്റി” എന്ന് പറഞ്ഞപ്പോൾ അദ്ദേഹം സൂക്ഷിച്ചു നോക്കി.
അദ്ദേഹം ഒരിക്കൽപ്പോലും പിന്നീട് റോയൽറ്റിയെപ്പറ്റി സംസാരിച്ചില്ല. എല്ലാ ലക്കവും മലയാളത്തിൽ എഴുതിത്തന്നു.ലോട്ടസ് ക്ളബ്ബിൽ അദ്ദേഹത്തിൻറെ ആതിഥ്യം സ്വീകരിച്ചു ഒരുമിച്ചിരുന്ന ഒരു സായാഹ്നത്തിൽ മഹാപണ്ഡിതനും മാനേജ്മെൻറ് വിദഗ്ധനുമായ അദ്ദേഹം പറഞ്ഞു: ” രാജൻ , തൻറെ ആത്മവിശ്വാസമുണ്ടല്ലോ , അതുകൊണ്ടാണ് ഞാൻ തനിക്ക് മുടങ്ങാതെ എഴുതിത്തരുന്നത്. പിന്നെ, തൻറെ പ്രസിദ്ധീകരണം, അത് വരും തലമുറയ്ക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒന്നാണ്.”
കരിയർ മാഗസിൻെറ പതിനേഴാം വാർഷികപ്പതിപ്പിൽ ‘ വിദഗ്ദ്ധമായ സേവനം’ എന്ന തലക്കെട്ടിൽ അദ്ദേഹം എഴുതിയ ലേഖനം തൊഴിൽ- വിദ്യാഭ്യാസ പ്രസിദ്ധീകരണത്തോടുള്ള, കരിയർ മാഗസി’നോടുള്ള , അദ്ദേഹത്തിൻറെ ആഭിമുഖ്യം വ്യക്തമാക്കുന്നതാണ്. (അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ലേഖനം പുനഃ പ്രസിദ്ധീകരിക്കുന്നു.)
‘ വിദഗ്ദ്ധമായ സേവനം’
പ്രൊഫ. (ഡോ ) എം. വി. പൈലി
ഏതെങ്കിലും പരീക്ഷ പാസ്സാകുന്ന വിദ്യാർത്ഥിക്ക് പിന്നീടുള്ള ചിന്ത ഒരു ജോലിയെപ്പറ്റിയാണ്. വിദ്യാഭ്യാസത്തിന് ശേഷം ഉദ്യോഗാർത്ഥിയാകാൻ ആഗ്രഹിക്കാത്ത യുവാക്കൾ ഇന്നത്തെ കേരളത്തിൽ തുലോം വിരളമാണ്. സ്വന്തം ബിസിനസ്സുള്ള ഒരു കുടുംബത്തിലെ അംഗമാണെങ്കിൽ ഒരുപക്ഷെ ഉദ്യോഗത്തിന് വേണ്ടി ശ്രമിച്ചെന്ന് വരില്ല. പക്ഷെ അങ്ങനെയുള്ള കുടുംബങ്ങളിലെ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾ മിക്കവാറും ഉദ്യോഗാർത്ഥികൾ ആയിത്തന്നെയാണ് കണ്ടിട്ടുള്ളത്. മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിനും പരസ്യങ്ങളിൽ കാണുന്ന ഉദ്യോഗങ്ങൾക്ക് അപേക്ഷ അയക്കുന്നതിനും അവർ മറ്റാരുടെയും പിന്നിലല്ല.
മറ്റേതൊരു സംസ്ഥാനത്തെ അപേക്ഷിച്ചും കേരളത്തിലാണ് ഏറ്റവും കൂടുതൽ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർ. ലക്ഷക്കണക്കിനാണ് അവരുടെ സംഖ്യ. ഒരു ജോലിക്കു വേണ്ടിയുള്ള അവരുടെ പരക്കം പാച്ചിൽ ആരിലും സഹതാപമുണർത്തും. ഈ സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾക്ക് ആവശ്യമായ വിവരങ്ങളും പഠിക്കാൻ ആവശ്യമായ വിഷയങ്ങളും അവരെ ഇൻറർവ്യൂവിനും മറ്റും പ്രാപ്തരാക്കുന്ന കഴിവുകളെപ്പറ്റിയുള്ള അറിവും നൽകാൻ ഉപകരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ ആവശ്യകത. കഴിഞ്ഞ കാൽ ശതാബ്ദമായി ഈ രംഗത്ത് പ്രശസ്തിയാർജ്ജിച്ച പല പ്രസിദ്ധീകരണങ്ങളും ഇംഗ്ലീഷ് ഭാഷയിലുണ്ട്. എന്നാൽ ഈ രംഗത്ത് മലയാളത്തിൽ അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ വിടവ് നികത്താൻ ഉദ്ദേശിച്ച് രംഗപ്രവേശം ചെയ്ത മാസികയാണ് ‘കരിയർ മാഗസിൻ’. ഇപ്പോൾ അത് പതിനേഴാം വയസ്സിലേക്ക് കടക്കുകയാണ്.
ഒരു ദശാബ്ദത്തോളമായി ‘കരിയർ മാഗസി’നുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയെന്ന നിലയ്ക്ക് അതിൻറെ ഗുണനിലവാരത്തെപ്പറ്റി ആധികാരികമായിത്തന്നെ പറയുവാൻ എനിക്ക് അർഹതയുണ്ട്. പ്രത്യേകിച്ചും സി എസ് ആർ ( Competition Success Review ) പോലുള്ള ഉന്നത നിലവാരം പുലർത്തുന്ന അഖിലേന്ത്യ തലത്തിൽ പ്രചാരമുള്ള ഒരു മാഗസിനുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയ്ക്കും.
വ്യവസായ സംരംഭകത്വ രംഗത്ത് പ്രവർത്തിക്കുവാൻ കഴിവുള്ള ഒരാൾക്കേ ഇമ്മാതിരി ഒരു പ്രസിദ്ധീകരണത്തിന് മുന്നോട്ടിറങ്ങാൻ കഴിയുകയുള്ളു. കാരണം ഇത് സാമാന്യം നല്ല മൂലധനം മുടക്കുവാനും ഒട്ടേറെ പ്രയാസങ്ങൾ തരണം ചെയ്യുവാനും ആവശ്യമായ ഒരു ‘റിസ്കി’ ബിസിനസാണ്. നല്ല ചങ്കൂറ്റവും സംഘടനാ സാമർത്ഥ്യവും നേതൃത്വ പാടവവുമുള്ളവർക്ക് മാത്രമേ ഈ രംഗത്ത് പിടിച്ചുനിൽക്കാനും വിജയിക്കുവാനും കഴിയുകയുള്ളു.
പതിനേഴ് വർഷം നിർത്താതെ നിലനിന്നു എന്നത് തന്നെ വലിയൊരു വിജയമാണ്. അതുകൊണ്ടുമാത്രം ശ്രീ. രാജൻ പി തൊടിയൂർ തൻറെ കഴിവുകൾ വിജയകരമായി പ്രകടിപ്പിച്ചുകഴിഞ്ഞിരിക്കുന്
( കരിയർ മാഗസിൻ – ഓഗസ്റ്റ് 2000 )
ഈ ലോകത്തോട് വിടപറയുന്നതിനു ഏതാനും മാസങ്ങൾക്കു മുൻപ് ഓൺലൈൻ കരിയർ മാഗസിനെ കുറിച്ചും അദ്ദേഹം പറഞ്ഞു:
ഓൺലൈൻ പ്രസിദ്ധീകരണത്തിനുള്ള സാധ്യതകൾ നിരവധിയാണ്.ലോകത്തെവിടെയുമുള്ള വായനക്കാരുടെ അടുത്ത് എത്താൻ കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനം. വിഞ്ജാനം വിരൽത്തുമ്പിൽ എന്നതാണല്ലോ ഇന്നത്തെ മുദ്രാവാക്യം. വായനക്കാരുടെ വിരൽത്തുമ്പിൽ വിഞ്ജാനം എത്തിക്കാനുള്ള ശ്രമം അഭിനന്ദനീയം തന്നെ. തുടർന്നും ഈ -കരിയർ മാഗസിൻ ( www.careermagazine.in ) കേരളത്തിലെ ഉദ്യോഗാർത്ഥികളായ ഏവർക്കും വിദഗ്ദ്ധമായ സേവനം നൽകുന്ന ഒരുത്തമ പ്രസിദ്ധീകരണമായി മുന്നോട്ടു പോയിക്കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ഹൃദയപൂർവ്വമായ ആശംസകൾ.
‘കരിയർ മാഗസിൻ’ വായിച്ചു മത്സരപരീക്ഷ എഴുതിയ ധാരാളം ചെറുപ്പക്കാർക്ക് ജോലി ലഭിച്ചു. അതിന് നന്ദി പറഞ്ഞു കൊണ്ടെഴുതിയ ധാരാളം പേരുണ്ട്.
നിങ്ങൾ കരിയർ മാഗസിൻ വായിച്ചിട്ടുണ്ടെങ്കിൽ, ഏതെങ്കിലും രീതിയിൽ അത് പ്രയോജനപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു വരി എഴുതുമല്ലോ?
-രാജൻ പി തൊടിയൂർ