“നമുക്ക് ഒന്നും അസാദ്ധ്യമല്ല” – മുഖ്യമന്ത്രി

Share:

നമ്മുടെ കേരളം ലോകമെന്പാടുമായി വ്യാപിച്ചു കിടക്കുകയാണ്. അവരെല്ലാം ഒരു മാസത്തെ ശന്പളം നാടിനായി നല്‍കിയാലോ… ഒരു മാസത്തെ ശന്പളം ഒറ്റയടിക്ക് നല്‍കാനല്ല പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം, ഒരു മാസം മൂന്ന് ദിവസത്തെ വേതനം… അത് നല്‍കാനാകുമോ എന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നമ്മള്‍ എല്ലാവരും കൂടി ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ല.

തിരുവനന്തപുരം: പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ നിന്നും ഒരു നവകേരളം സൃഷ്ടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇതുവളരെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് പക്ഷേ അതെല്ലാം സാധ്യമാക്കാനുള്ള കരുത്ത് മലയാളി സമൂഹത്തിനുണ്ടെന്ന് ഏഷ്യനെറ്റ് ന്യൂസിന്‍റെ പുതിയ കേരളം സംവാദത്തില്‍ പങ്കെടുത്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ലെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവച്ചു.

പ്രളയക്കെടുതിയില്‍ പലതരം നാശനഷ്ടങ്ങളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായത്. ദുരിതബാധിതരെ സഹായിക്കാനായി പലതരം പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം വിഭാവന ചെയ്തിട്ടുണ്ട്. ചില വീടുകള്‍ക്ക് ചെറിയ അറ്റകുറ്റപ്പണി മതിയാവും. വലിയ അറ്റകുറ്റപ്പണിവേണ്ട വീടുകളുമുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യും ഇതോടൊപ്പം ജനങ്ങളെ സഹായിക്കാന്‍ തയ്യാറുള്ള എല്ലാവരേയും സര്‍ക്കാര്‍ ഒപ്പം നിര്‍ത്തും.

പ്രളയത്തില്‍ തകര്‍ന്നു പോയത് വീടുകള്‍ മാത്രമല്ല ഒരുപാട് നാടുകള്‍ കൂടിയാണ്. നഷ്ടപ്പെട്ടത് പുനര്‍നിര്‍മ്മിക്കുന്നതിനപ്പുറം ഒരു പുതിയ കേരളം സൃഷ്ടിക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഒരു നവകേരള സൃഷ്ടിക്കുള്ള അടിത്തറയായി ഇതിനെ കാണണം. കേരളത്തെ പുതുക്കി പണിയുന്നതില്‍ ദേശീയ-അന്തരാഷ്ട്രതലത്തിലുള്ള വിദഗ്ദ്ധരുടെ ഉപദേശം നാം തേടും. വലിയ വെല്ലുവിളിയാണ് മുന്നില്‍ പക്ഷേ എല്ലാരും കൂടി സഹകരിച്ചാല്‍ കാര്യങ്ങള്‍ സമയബന്ധിതമായി ലഭിക്കും.

എന്നാല്‍ പുറത്തുനിന്നുള്ളവരുടെ സഹായത്തിനപ്പുറം നമ്മുടെ ശക്തി നാം തിരിച്ചറിയണം. നമ്മുടെ നാടിനൊരു കരുത്തുണ്ട്. നമ്മുടെ കേരളം ലോകമെന്പാടുമായി വ്യാപിച്ചു കിടക്കുകയാണ്. അവരെല്ലാം ഒരു മാസത്തെ ശന്പളം നാടിനായി നല്‍കിയാലോ… ഒരു മാസത്തെ ശന്പളം ഒറ്റയടിക്ക് നല്‍കാനല്ല പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം, ഒരു മാസം മൂന്ന് ദിവസത്തെ വേതനം… അത് നല്‍കാനാകുമോ എന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നമ്മള്‍ എല്ലാവരും കൂടി ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ല.

Courtesy: Asianet

TagsCM
Share: