ചവറ പാറുക്കുട്ടി : കഥകളിയിലെ ചരിത്ര സാന്നിദ്ധ്യം

Share:

സൗമ്യസ്നേഹം : കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂരുമൊത്ത്

ഥകളിയിലെ ആദ്യ സ്ത്രീ സാന്നിദ്ധ്യം ചവറ പാറുക്കുട്ടി വിടപറഞ്ഞു.

പുരുഷന്‍മാര്‍ മാത്രം മികവ് തെളിയിച്ചിരുന്ന കഥകളി രംഗത്ത് വ്യത്യസ്തങ്ങളായ വേഷങ്ങൾ കൊണ്ട് അരനൂറ്റാണ്ടിലേറെക്കാലം അരങ്ങിലെ സജീവ സാന്നിധ്യമായി പാറുക്കുട്ടി.

സ്വര്‍ണപ്പണിക്കാരന്‍റെ മകളായി ജനിച്ച് കളിയരങ്ങിലെ വിസ്മയമായി വളര്‍ന്ന ചവറ പാറുക്കുട്ടി ചെറുപ്പം മുതലേ നൃത്തത്തില്‍ നിപുണയായിരുന്നു. കോളജ് പഠനകാലത്താണ് കഥകളി അഭ്യസിച്ച് തുടങ്ങിയത്. എഴുപത്തിയഞ്ചാം വയസ്സിൽ വിടപറയുമ്പോൾ കഥകളിയുടെ ചരിത്ര ഭാഗമാവുകയാണ് ചവറ പാറുക്കുട്ടി. പൂതനാമോക്ഷത്തിലെ ലളിത പൂതനയായി ആയി വന്ന് ദേവയാനി, ദമയന്തി, ഉര്‍വശി, സതി, കുന്തി തുടങ്ങി നിരവധി വേഷങ്ങൾ അനശ്വരമാക്കി.

വേഷങ്ങളുടെ ഔചിത്യബോധമാണ്‌ ചവറ പാറുക്കുട്ടിയെ വ്യത്യസ്തയാക്കിയത്. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ ശിഷ്യ എന്ന നിലയില്‍ അഭിനയത്തിൽ അസാധാരണ പാണ്ഡിത്യം അവര്‍ പ്രദര്‍ശിപ്പിച്ചു .

കേരളത്തിലെ മണ്‍ മറഞ്ഞവരും ജീവിച്ചിരിക്കുന്നതുമായ എല്ലാ പ്രസിദ്ധനടന്മാരോടുമൊപ്പം അവർ കൂട്ടുവേഷങ്ങള്‍ ചെയ്തു. ഗുരു ചെങ്ങന്നൂര്‍, രാമന്‍ പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, ഹരിപ്പാട്ട്‌ രാമകൃഷ്ണപ്പിള്ള, മങ്കൊമ്പ്‌ ശിവശങ്കരപ്പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍, ഇഞ്ചക്കാട്ട്‌ രാമചന്ദ്രന്‍ പിള്ള തുടങ്ങിയവരോടൊപ്പം ധാരാളം അരങ്ങുകളിൽ പ്രാഗൽഭ്യം തെളിയിച്ചു.

കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ സ്ത്രീവേഷങ്ങള്‍ക്കൊപ്പം പുരുഷവേഷങ്ങളിലും തിളങ്ങിയ പാറുക്കുട്ടിയുടെ ശ്രദ്ധേയമായ പുരുഷവേഷം, പരശുരാമനാണ്.

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ചവറ വില്ലേജില്‍ ചെക്കാട്ടു കിഴക്കതില്‍ എന്‍. ശങ്കരന്‍ ആചാരിയുടേയും നാണിയമ്മയുടേയും മകളായി 1118 കുംഭമാസത്തിലെ പൂയം നക്ഷത്രത്തില്‍ (21-03-1944) ജനിച്ചു. കാമന്‍ കുളങ്ങര എല്‍.പി. സ്ക്കൂളിലും ചവറ ഹൈസ്ക്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലം എസ്‌.എന്‍ വിമന്‍സ്‌ കോളേജില്‍ നിന്നും പ്രി-യൂണിവേഴ്സിറ്റിയും കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും ബി.എ (എക്കണോമിക്സ്‌) ബിരുദവും പാസ്സായി. സ്കൂള്‍ വിദ്യാഭ്യാസകാലം മുതൽ നൃത്തം പഠിച്ചു.
മുതുപിലാക്കാട് ഗോപാലപ്പണിക്കരാശാന്‍, പോരുവഴി ഗോപാലപ്പിള്ളയാശാന്‍, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവരാണ് ഗുരുക്കന്‍മാര്‍.

കഥകളി അരങ്ങിലെ കഴിഞ്ഞ അന്‍പതുവര്‍ഷക്കാലത്തെ സ്ത്രീ സാന്നിദ്ധ്യം ഇല്ലാതാവുകയാണ്.
കഥകളി പുരുഷൻറെ കലയാണ്‌ എന്ന് വിശ്വസിച്ചരുന്ന കാലഘട്ടത്തിലാണ് അവർ വേഷം കെട്ടിത്തുടങ്ങിയത്. കഴിഞ്ഞ അര നൂറ്റാണ്ടു കാലം അരങ്ങില്‍ ചവറ പാറുക്കുട്ടി നിറഞ്ഞാടി . സ്ത്രീവേഷം പുരുഷന്‍ തന്നെ കെട്ടിയാലേ നന്നാവൂ എന്ന രൂഢമൂലമായ വിശ്വാസപ്രമാണത്തെ തകര്‍ത്തെറിഞ്ഞ് കൊണ്ടാണ്‌ കേരളത്തിലെ കഥകളി അരങ്ങുകളില്‍ ചവറ പാറുക്കുട്ടി നിറസാന്നിദ്ധ്യമായത്. അരങ്ങിലെ അഭിനയചാതുര്യവും കഥകളിയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ്‌ അവരെ കഥകളിയുടെ ചരിത്രത്തിൽ അനശ്വരയാക്കുന്നത്.

Share: