കരിയേഴ്സ് ആപ്  : പേസ് ഹൈടെക് കരിയർ മാഗസിനുമായി കരാറിലായി 

637
0
Share:
മലയാളത്തിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ കരിയർ മാഗസിനുമായി ചേർന്ന് ‘കരിയേഴ്സ് മൊബൈൽ ആപ്’ ( www.careersapp.in ) വികസിപ്പിച്ചെടുക്കാൻ കേരളത്തിലെ ഏറ്റവും വലിയ ഐ ടി ബിസിനസ് സ്ഥാപനമായ പേസ് ഹൈടെക്  കരാറിലായി. 2800 കോടിയിലേറെ വിറ്റുവരവുള്ള ബീറ്റ ഗ്രൂപ്പിൻറെ സഹോദര സ്ഥാപനമായ പേസ് ഹൈടെക് സി ഇ ഒ ഗീതു ശിവകുമാറും കരിയർ മാഗസിൻ സി എം ഡി രാജൻ പി തൊടിയൂരും ഇത് സംബന്ധിച്ച എം ഒ യു ഒപ്പിട്ടു. തിരുവനന്തപുരം ബെൽഹാവൻ ഗാർഡൻസിലുള്ള ബീറ്റ ഗ്രൂപ്പ് ആസ്ഥാനത്തു നടന്ന ലളിതമായ ചടങ്ങിൽ ചെയർമാൻ ഡോ.ജെ. രാജ്‌മോഹൻ പിള്ള , മാനേജിങ് ഡയറക്ടർ ആർ ആർ നായർ , കോസ്മോപോളിറ്റൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ഡയറക്ടർ സനാ റെമീസ് തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ യുവതീ-യുവാക്കൾക്ക് തൊഴിൽ – വിദ്യാഭ്യാസ മാർഗ്ഗ ദർശനത്തിന്  തുടക്കം കുറിച്ച  ‘കരിയർ മാഗസി’നുമായി ചേർന്ന് വികസിപ്പിച്ചെടുക്കുന്ന  ‘കരിയേഴ്സ് മൊബൈൽ ആപ്’ പുത്തൻ തലമുറക്ക് വിരൽത്തുമ്പിൽ ജോലി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂർത്തീകരിക്കുകയെന്ന് ബീറ്റ ഗ്രൂപ്പ് ചെയർ മാൻ ഡോ.ജെ. രാജ്‌മോഹൻ പിള്ള പറഞ്ഞു.ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങൾ കരിയേഴ്സ് അപ് ഡൗൺ ലോഡ് ചെയ്യുന്ന മൊബൈൽ ഫോണിൽ യഥാസമയം സൗജന്യമായി എത്തും. മത്സര പരീക്ഷകൾക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും , തൊഴിൽ – വിദ്യാഭ്യാസ സംബന്ധിയായ ഇ -ബുക്കുകൾ , വീഡിയോ കോച്ചിങ് , മാതൃകാ പരീക്ഷ തുടങ്ങി നിരവധി വിഭവങ്ങൾ ഇതിലുണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള ഏറ്റവും നൂതനവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗമായിരിക്കും ‘കരിയേഴ്സ് അപ് ‘ – ഡോ.ജെ. രാജ്‌മോഹൻ പിള്ള വ്യക്തമാക്കി.
കഴിഞ്ഞ 34 വർഷങ്ങളായി ഇന്ത്യയിലും വിദേശത്തും പ്രസിദ്ധീകരിച്ചുവരുന്ന ‘കരിയർ മാഗസി’നിലെ ഈടുറ്റ വിഭവങ്ങൾ പുതിയ തലമുറയുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനും പുത്തൻ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിനും ലോകമെമ്പാടും വ്യവസായ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബീറ്റ ഗ്രൂപ്പുമായി ചേർന്ന് തയ്യാറാക്കുന്ന  ‘കരിയേഴ്സ് മൊബൈൽ ആപ്’ സഹായകമാകുമെന്ന് കരിയർ മാഗസിൻ സി എം ഡി രാജൻ പി തൊടിയൂർ പറഞ്ഞു. പുതിയ സാങ്കേതിക സൗകര്യങ്ങൾ തൊഴിൽ-വിദ്യാഭ്യാസ മേഖലയിൽ ഉപയോഗപ്പെടുത്തുന്നതിനും പുത്തൻ തലമുറയിൽ അതെത്തിച്ചുകൊടുക്കുന്നതിനും കരിയർ മാഗസിൻ പ്രതിജ്ഞാബദ്ധമാണെന്ന്  അദ്ദേഹം അറിയിച്ചു.
Photo caption: പേസ് ഹൈടെക് സി ഇ ഒ ഗീതു ശിവകുമാറും കരിയർ മാഗസിൻ സി എം ഡി രാജൻ പി തൊടിയൂരും തമ്മിൽ കരാർ കൈമാറുന്നു.ബീറ്റ ചെയർ മാൻ ഡോ .ജെ രാജ്‌മോഹൻ പിള്ള ,  കോസ്മോപോളിറ്റൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ഡയറക്ടർ സനാ റെമീസ്, മാനേജിങ് ഡയറക്ടർ ആർ ആർ നായർ എന്നിവർ സമീപം 
Share: