ബൈജു രവീന്ദ്രൻ : രണ്ടുലക്ഷത്തിൽനിന്നും രണ്ടായിരം കോടിയിലേക്ക് !

Share:

രണ്ടു ലക്ഷം രൂപയിൽ തുടങ്ങിയ ഒരു പദ്ധതി രണ്ടായിരം കോടി രൂപ വിദേശ നിക്ഷേപം സ്വീകരിച്ചു വളരുമ്പോൾ , കേരളത്തിലെ സംരംഭകർ ഉയർത്തുന്ന ഒരു ചോദ്യമുണ്ട്. കേരളത്തിലായിരുന്നെങ്കിൽ ബൈജുവിന് ‘ലക്ഷം’ രൂപയുടെ സഹായം ലഭിക്കുമായിരുന്നോ ?

സംരംഭത്തിൻറെ സാധ്യതകളെക്കുറിച്ചു പഠിക്കുവാനോ പ്രോത്സാഹനം നൽകാനോ തയ്യാറാകാത്ത ബാങ്കുകളും സർക്കാർ സംവിധാനങ്ങളും, മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാത്തിടത്തോളം കാലം കേരളത്തിലെ സംരംഭകർക്ക്‌ അത് പ്രതീക്ഷിക്കാനാവില്ല.

 

ണ്ടുലക്ഷം രൂപയിലാരംഭിച്ച ബൈജുവിൻറെ ഓൺലൈൻ വിദ്യാഭ്യാസ സംരംഭത്തിൽ വിദേശ സാമ്പത്തിക സഹായ സ്ഥാപനങ്ങൾ ( Venture Capital  Cos. ) നിക്ഷേപിച്ചത് രണ്ടായിരം കോടിയിലേറെ രൂപ ! കമ്പനിയുടെ മൂല്യം അയ്യായിരം കോടിയിലേറെ !

ഇതൊരു മലയാളിയുടെ വിജയഗാഥയാണ്. കുട്ടികളെ പഠിപ്പിച്ചുണ്ടാക്കിയ രണ്ടു ലക്ഷം രൂപ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയിൽ നിക്ഷേപിച്ചു ഇന്ത്യക്ക് മാതൃകയായ ‘ബൈജുസ് ലേർണിംഗ്’ എന്ന മൊബൈൽ ആപ്പിന്റെ സ്ഥാപകൻറെ വിജയഗാഥ !

ക്രിക്കറ്റിനെയും ഫുട്ബാളിനെയും സ്നേഹിക്കുകയും എൻജിനീയറിംഗ് പഠിക്കുകയും ഷിപ്പിംഗ് കമ്പനിയിൽ ജോലി നേടുകയും മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകുന്നതിനെ പ്രണയിക്കുകയും ചെയ്ത അഴീക്കോടുകാരൻ, ബൈജു രവീന്ദ്രൻ എന്ന ചെറുപ്പക്കാരൻറെ വിജയഗാഥ !

കേരളത്തില്‍ നിന്നുള്ള ഒരു സംരംഭകന് ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ വിദേശ നിക്ഷേപമാണ് ‘ബൈജൂസ് ലേണിങ് ആപ്പ്’ എന്ന വിദ്യാഭ്യാസ പഠന സഹായ പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. ഒന്നര കോടി വരിക്കാറുള്ള ‘ബൈജൂസ് ലേണിങ് ആപ്പ്’ മലയാളത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബൈജു രവീന്ദ്രന്‍. സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്‍റെ സിലബസ് അനുസരിച്ചു ആറുമുതല്‍ പന്ത്രണ്ടു വരെയുള്ള പാഠങ്ങളാണ് ലേര്‍ണിങ് ആപ്പില്‍ ഉള്‍പ്പെടുത്തുന്നത്. സൗജന്യമായോ ഏതെങ്കിലും സംഘടനകളുമായോ ചേര്‍ന്നോ വിദ്യാര്‍ഥികളിലേയ്ക്ക് എത്തിക്കുമെന്ന് ബൈജൂസ് ലേണിങ് ആപ്പിന്‍റെ സ്ഥാപകനും സി ഇ ഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. കുട്ടികളുടെ കഴിവിന് അനുസരിച്ചു വ്യക്തിഗതമായ പഠനസാഹചര്യം സൃഷ്ടിക്കുകയും അവരുടെ കഴിവിനും രീതിയ്ക്കും അനുസരിച്ചു പഠിക്കുന്നതിനു അവസരമൊരുക്കുകയുമാണ് പഠനസഹായിയിലൂടെ ചെയ്യുന്നതെന്നു ബൈജു പറഞ്ഞു.

പരമ്പരാഗത പഠനരീതിയെ മൊബൈല്‍ ട്യൂഷന്‍ ആപ്പിന്റെ രൂപത്തില്‍ സംയോജിപ്പിച്ച്‌ വിപ്ലവകരമായ മാറ്റം വരുത്തിയ ബൈജു രവീന്ദ്രന്‍, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സഹായകരമാകുന്ന വിധത്തില്‍ പുതിയ ആപ്പ് പുറത്തിറക്കുമെന്നും വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

“സ്‌കൂള്‍ പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കുന്നത് കാലതാമസമെടുക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ കുട്ടികളുടെ പഠനരീതി മാറ്റുന്നതാണ് അഭികാമ്യം. കാലക്രമേണ അധ്യാപകരെ ഉദ്ദേശിച്ച്‌ പ്രത്യേകമായ ആപ്പും പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്”. വിപണിയറിഞ്ഞ് വില്‍പ്പന നടത്തിയതാണ് വിജയരഹസ്യമെന്നും ബൈജു വ്യക്തമാക്കി. രാജ്യത്തെയല്ല, ലോകത്തെ മികച്ചതാകുകയെന്നതാണ് സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം കണക്കും പിന്നീട് ശാസ്ത്രവുമാണ് ബൈജൂസ് ആപ്പില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് ഇംഗ്ലീഷിനായും ആപ്പ് തുടങ്ങുകയും കമ്പനിയായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഉപഭോക്താവാരെന്ന് തിരിച്ചറിയലാണ് സംരംഭത്തിൻറെ പ്രാഥമികമായ കാര്യമെന്ന് ബൈജു
പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഈ ആപ്പിന് ആദ്യമായി പ്രചാരം നല്‍കിയത്. പിന്നീട് ഡിജിറ്റല്‍ തലത്തിലും ടിവിയിലും പ്രചാരം നല്‍കി. ബഹുഭൂരിപക്ഷം ഉപഭോക്താക്കളെയും ആകര്‍ഷിക്കണമെന്നതിനാല്‍ ടിവി പരസ്യങ്ങളെയാണ് ആശ്രയിച്ചത്. മെട്രോ നഗരങ്ങളേക്കാള്‍ കൂടുതല്‍ ചെറുനഗരങ്ങളിലാണ് ആപ്പിന് ആവശ്യക്കാരേറെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ബൈജൂസ് എന്ന തന്റെ പേരിലുള്ള ലേണിംഗ് ആപ്പിന്റെ സഹായത്തോടെ ആറാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കണക്ക്, സയന്‍സ് പഠനം എളുപ്പമാക്കുകയും വിഷയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പകര്‍ന്നു കൊടുക്കുകയും ചെയ്യുകയാണ് ബൈജൂസ് ആപിന്റെ പ്രാഥമിക ലക്‌ഷ്യം.

കുട്ടികള്‍ നിത്യവും 50 മിനിട്ട് സമയം ആപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആപ്പ് ഉപയോഗിക്കുന്നതില്‍ 75 ശതമാനം പേരും ഇന്ത്യയുടെ ചെറിയ പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്ക,ചൈന തുടങ്ങി രാജ്യങ്ങളില്‍ നിന്ന് നിക്ഷേപകര്‍ ഉണ്ട്. മലയാളിയുടെ ആദ്യ ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ബൈജൂസ് ലേണിംഗ് ആപ്.

കണ്ണൂരിലെ അഴീക്കോടുള്ള ബൈജു രവീന്ദ്രന്‍ ഇന്ന് ഇന്ത്യയിലെ എജ്യുക്കേഷന്‍ ടെക്‌നോളജി മേഖലയിലെ തിളങ്ങുന്ന പേരാണ്. ഇന്ത്യയിലെ എജ്യൂക്കേഷന്‍ ടെക്‌നോളജി മേഖലയില്‍ ഏറ്റവുമധികം മൂലധന സമാഹരണം നടത്തുന്ന സ്റ്റാര്‍ട്ട് അപ് സംരംഭം ഈ അഴീക്കോടുകാരന്റെയാണ്. ബൈജു രവീന്ദ്രന്റെ നേതൃത്വത്തില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് സംരംഭത്തില്‍ 2000 കോടി രൂപ (250 മില്യൺ ഡോളര്‍) യുടെ മൂലധന നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ‘ഇന്ത്യയിലെ എജ്യൂക്കേഷന്‍ ടെക്‌നോളജി മേഖലയില്‍ ഏറ്റവുമധികം മൂലധന സമാഹരണം നടത്തുന്ന സ്റ്റാര്‍ട്ട് അപ് സംരംഭമായി ഇതോടെ ‘ബൈജൂസ്’ (തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്) മാറി. മണിപ്പാൽ ഗ്രൂപ്പിൻറെ ഏരിയൻ അന്താരാഷ്ട്ര വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനികളായ സെക്വയ, സോഫിന , ലൈറ്റ് സ്പീഡ് , ഐ എഫ് സി എന്നിവ ചേര്‍ന്നാണ് 2000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തിയിട്ടുള്ളത്.ഫേസ് ബുക്ക് ഉടമ സക്കർ ബക്കെർ 50 ദശലക്ഷം ഡോളർ ആണ് ഇതിൽ നിക്ഷേപിച്ചിട്ടുള്ളത്. ഇതനുസരിച്ച് കമ്പനിയുടെ മൂല്യം ഏതാണ്ട് 5 ,000 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്.

അധ്യാപകരുടെ മകനായി ജനിച്ച്, സാധാര മലയാളം മീഡിയം ക്ലാസില്‍ പഠി്ച്ചാണ് ബൈജു രവീന്ദ്രൻ ഇന്ന് രാജ്യമറിയുന്ന സംരംഭകനായി ഉയര്‍ന്നത്. പഠനത്തില്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ സ്‌പോര്‍ർട്സ്മായും ബൈജുവിന് താത്പര്യം ഏറെയുണ്ടായിരുന്നു. മകനെ കളിക്കളത്തിലേക്ക് വിടാന്‍ മാതാപിതാക്കള്‍ക്കും താത്പര്യമായിരുന്നു. യൂണിവേഴ്‌സിറ്റി തലത്തില്‍ ക്രിക്കറ്റും, ഫുട്‌ബോളും, ബാറ്റ്മിന്‍ഡനുമടക്കം ആറു കായിക ഇനങ്ങളിലാണ് പങ്കെടുത്തതെന്ന് ബൈജു അഭിമാനപൂര്‍വ്വം പറയുന്നു.

സ്‌കൂള്‍ കോളജ് പഠനത്തിനു ശേഷം എഞ്ചിനീയറായി മാറിയ ബൈജു വിദേശത്തടക്കം ജോലി ചെയ്തു. എന്നാല്‍ 2003 ല്‍ ബാംഗ്ലൂരില്‍ ഒരു അവധിക്കാലത്ത് സുഹൃത്തുകള്‍ക്ക് നല്‍കിയ ഒരു പരിശീലനക്കളരിയാണ് ബൈജുവിന്റെ ലോകം മാറ്റിമറിച്ചത്. മത്സര പരീക്ഷക്കായി തന്റെ ചില സുഹൃത്തുക്കളെ പരിശീലിപ്പിച്ചപ്പോള്‍ അവര്‍ക്കെല്ലാം നല്ല രീതിയില്‍ ആ പരീക്ഷയില്‍ വിജയിക്കാനായി. വെറുതേ ബൈജു ആ പരീക്ഷ എഴുതിയപ്പോള്‍ 100 ശതമാനം മാര്‍ക്കും നേടാനായി. വീണ്ടും തന്റെ ജോലിയില്‍ വ്യാപൃതനായ ബൈജു രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ഇത്തരത്തില്‍ വീണ്ടും തന്റെ സുഹൃത്തുക്കളെ പരിശീലിപ്പിക്കുന്നത് തുടര്‍ന്നു. തന്റെ അധ്യാപനരീതിയെക്കുറിച്ച് വളരെ നല്ല ്അഭിപ്രായമാണ് ബൈജുവിന് ലഭിച്ചത്. മാതാപിതാക്കളുടെ മേഖലയിലേക്ക് കാലെടുത്തു വെക്കാന്‍ ബൈജുവിനെ പ്രചോദിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. ഈ മേഖലയെ വളരെ ഗൗരവമായി സമീപിച്ച ബൈജു തന്റെ ജോലി രാജിവെച്ചു മുഴുവൻ സമയവും കുട്ടികളെ പഠിപ്പിക്കുന്നതിനായി കണ്ടെത്തി. ഒരു മുറിയിൽ നിന്നും വീടിൻറെ ടെറസിലേക്കും ഓഡിറ്റോറിയത്തിലേക്കും പിന്നീട് സ്റ്റേഡിയത്തിലേക്കും അത് വ്യാപിച്ചു.. ഇരുപതിനായിരം കുട്ടികൾക്ക് ബൈജു ഒരുമിച്ച് ക്ലസ്സെടുത്തു.

പോയ വര്‍ഷത്തെ ചോദ്യപേപ്പര്‍ ചെയ്തതു കൊണ്ടോ ഷോര്‍ട്ട് കട്ടുകള്‍ കൊണ്ടോ അല്ല; മറിച്ച് ചോദ്യത്തില്‍ ഉന്നയിച്ചിരിക്കുന്ന വിഷയത്തെ മനസിലാക്കുന്നതു കൊണ്ടാണ് വിദ്യാര്‍ഥികള്‍ക്ക് ഉത്തരത്തിലേക്ക് സ്വാഭാവികമായി ചെന്നെത്താന്‍ കഴിയുന്നതെന്നാണ് ബൈജുവിന്റെ അനുഭവം. പരീക്ഷക്കായുള്ള പരീശീലം നല്‍കിയതില്‍ നിന്ന് ബൈജുവിന് ഒരു കാര്യം മനസിലായി, വിഷയങ്ങളില്‍ അടിസ്ഥാന വിവരം ഇല്ലാതെയാണ് പലരും മത്സര പരീക്ഷകള്‍ എഴുതുന്നത് . മൊബൈല്‍ സാങ്കേതിക വിദ്യയില്‍ വന്ന കുതിച്ചു ചാട്ടത്തിന്റെ കാലത്താണ് മൊബൈല്‍ സൗഹൃദ ആപ്ലിക്കേഷന്‍ ബൈജു തയ്യാറാക്കുന്നത്.
2015-ലാണ് മൊബൈല്‍ ആപ്പിലൂടെ ക്ലാസ് ലഭ്യമാക്കാന്‍ തുടങ്ങിയത്. ആറു മാസം കൊണ്ട് 25 ലക്ഷം പേരാണ് ബൈജൂസ് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 1.20 ലക്ഷം പേര്‍ വാര്‍ഷിക വരിക്കാരായി.

നിലവില്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളാണ് ‘ബൈജൂസ്’, മൊബൈല്‍ ആപ്പിലൂടെ പഠിപ്പിക്കുന്നത്. വിപണി സാധ്യത മാത്രമല്ല, ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം മാറ്റിമറിക്കാന്‍ സഹായിക്കുന്ന ഉദ്യമം പടുത്തുയര്‍ത്തുന്നതിനാലാണ് ബൈജൂസില്‍ നിക്ഷേപം നടത്തുന്നതെന്ന് സെക്വയ ക്യാപിറ്റല്‍ ഇന്ത്യ അഡ്വൈസേഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ ജി.വി. രവിശങ്കറിന്റെ അഭിപ്രായം.

ബാംഗ്ലൂരിലെ കോറമണ്ടലയിലാണ്ബൈജൂസിന്റെ കോര്‍പ്പറേറ്റ് ഓഫീസ്. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാനാണ് ബൈജു രവീന്ദ്രന്റെ പദ്ധതി. വരുന്ന സപ്തംബറില്‍ അന്താരാഷ്ട്ര മൊബൈല്‍ ആപ്പ് പുറത്തിറക്കാനാണ് ബൈജു രവീന്ദ്രന്‍ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് ബൈജുവിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവരുമായി ബൈജു ചർച്ച നടത്തി.

രണ്ടു ലക്ഷം രൂപയിൽ തുടങ്ങിയ ഒരു പദ്ധതി രണ്ടായിരം കോടി രൂപ വിദേശ നിക്ഷേപം സ്വീകരിച്ചു വളരുമ്പോൾ , കേരളത്തിലെ സംരംഭകർ ഉയർത്തുന്ന ഒരു ചോദ്യമുണ്ട്. കേരളത്തിലായിരുന്നെങ്കിൽ ബൈജുവിന് ‘ലക്ഷം’ രൂപയുടെ സഹായം ലഭിക്കുമായിരുന്നോ ?

സംരംഭത്തിൻറെ സാധ്യതകളെക്കുറിച്ചു പഠിക്കുവാനോ പ്രോത്സാഹനം നൽകാനോ തയ്യാറാകാത്ത ബാങ്കുകളും സർക്കാർ സംവിധാനങ്ങളും, മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാത്തിടത്തോളം കാലം കേരളത്തിലെ സംരംഭകർക്ക്‌ അത് പ്രതീക്ഷിക്കാനാവില്ല.

  • ഋഷി പി രാജൻ

 

 

 

Share: