ആസ്‌ട്രേലിയയുമായുളള സഹകരണം വര്‍ധിപ്പിക്കും
ആസ്‌ട്രേലിയയുമായി വിവിധ മേഖലകളിലുളള സഹകരണം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും തെക്കേ ഇന്ത്യയുടെ ചുമതലയുളള ആസ്‌ട്രേലിയന്‍ കൗണ്‍സില്‍ ജനറല്‍ സീന്‍ കെല്ലിയുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായി.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ ആറാം സ്ഥാനമാണ് ആസ്‌ട്രേലിയക്കുളളത്. കേരളം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭൂമികയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ആസ്‌ട്രേലിയയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ആസ്‌ട്രേലിയയുമായി വ്യവസായിക വാണിജ്യ സാമ്പത്തിക മേഖലകളിലുളള ബന്ധം വര്‍ധിപ്പിക്കും. നൈപുണ്യ വികസനത്തിലും കായികമേഖലയിലും ഇരുവര്‍ക്കും ഒന്നിച്ചു നീങ്ങാന്‍ നിരവധി സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍നിന്നുളള നഴ്‌സുമാരുടെ സേവനം പ്രശംസനീയമാണെന്ന് ആസ്‌ട്രേലിയന്‍ കൗണ്‍സില്‍ ജനറല്‍ പറഞ്ഞു.
കൂടിക്കാഴ്ചയില്‍ കോണ്‍സുലേറ്റ് ട്രേഡ് കമ്മീഷണര്‍ നൈല മസുകോ, ബിസിനസ്സ് ഡവലപ്പ്‌മെന്റ് മാനേജര്‍ റോഷന്‍ പോള്‍, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, ചെന്നൈ ആസ്‌ട്രേലിയന്‍ കോണ്‍സുലേറ്റ് പ്രോഗ്രാം മാനേജര്‍ കാര്‍ത്തികേയന്‍ തുടങ്ങിയവരും പങ്കെടുത്തു.