“ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് : കേരളം രാജ്യത്തിന് മാതൃകയാകും”
“ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് : കേരളം രാജ്യത്തിന് മാതൃകയാകും”
– നെടുവത്തൂർ സുന്ദരേശൻ
(ചെയർമാൻ, കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ)
ആർട്ടിസാൻ ജനവിഭാഗത്തെ മുഖ്യധാരയിലെത്തിക്കുന്നതിനായുള്ള ആദ്യ പടിയാണ് ‘ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക്’ എന്നും വ്യക്തമായ കണക്കുകളില്ലാതെ ഭാരതം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അടിസ്ഥാന തൊഴിലാളി വർഗ്ഗമായ ആർട്ടിസാൻ സമൂഹത്തിൻറെ വിശദവിവരങ്ങളും വ്യക്തമായ കണക്കും ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിനുള്ള രാജ്യത്തെ ആദ്യ ശ്രമമാണ് കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ നടത്തുന്നതെന്നും ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ.
രാജ്യത്ത് ഇരുപത് കോടിയോളം വരുന്ന ആർട്ടിസാൻസ് സമൂഹമുണ്ടെന്ന അവകാശവാദത്തിലാണ് സാമുദായിക സംഘടനകൾ. കേരളത്തിൽ നാൽപ്പത് ലക്ഷമുണ്ടെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ കേരള നിയമസഭയിലെ ഒരു ചോദ്യത്തിനുത്തരമായി കേട്ട മറുപടി കേരളത്തിൽ പതിനായിരത്തോളം ആർട്ടിസാനുകൾ ഉണ്ടെന്നാണ്. ഇന്ത്യയിൽ ആർട്ടിസാൻ സമൂഹം 20 കോടിയോളം വരും എന്ന കണക്കാണ് ഇന്ത്യ സി എസ് ആർ നെറ്റ് വർക്ക് നടത്തിയ സർവേയിൽ കണ്ടെത്തിയത്. കണക്കുകളിലെ വൈരുദ്ധ്യം മൂലം ആർട്ടിസാൻ സമൂഹത്തിനു അർഹിക്കുന്ന പരിഗണന ഒരിടത്തും ലഭിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ, കേരളത്തിലെ മുഴുവൻ ആർട്ടിസാനുകളുടെയും ലേബർ ഡേറ്റ ബാങ്ക് തയ്യാറാക്കുന്നത്. മുഴുവൻ ആർട്ടിസാനുകളും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഡാറ്റ ബാങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും അതിനായി കേരളത്തിലെ മുഴുവൻ സംഘടനകളും ഉണർന്ന് പ്രവർത്തിക്കണമെന്നും ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാൻ അഭിപ്രായപ്പെട്ടു.
“പരമ്പരാഗത ആർട്ടിസാനുകളെ ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്നും വിമുക്തമാക്കുന്നതിനു വേണ്ടി 1981 ൽ സംസ്ഥാന സർക്കാർ പൊതുമേഖലയിൽ ആരംഭിച്ച കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻറെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് ആർട്ടിസാൻ സമൂഹത്തിൻറെ കൃത്യമായ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായതു കൊണ്ടാണ് ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് തയ്യാറാക്കാൻ ‘കാഡ്‌കോ ‘ മുൻകൈ എടുക്കുന്നത്” നെടുവത്തൂർ സുന്ദരേശൻ വ്യക്തമാക്കി.
കേരളത്തിലെ 2717 അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിലെ മുഴുവൻ ആർട്ടിസാനുകളും രജിസ്റ്റർ ചെയ്യു ന്നതിലൂടെ കാഡ്‌കോ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം അവരിൽ എത്തുമെന്നും പരമ്പരാഗത തൊഴിലാളികൾ നേരിടുന്ന തൊഴിലില്ലായ്മക്കും അവഗണനക്കും ശാശ്വത പരിഹാരം കണ്ടെത്തുവാനുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി കേരളത്തിലെ മുഴുവൻ ആർട്ടിസാൻസും സഹകരിച്ചു പ്രവർത്തിക്കണം. ‘കാഡ്‌കോ ‘ ചെയർമാൻ അഭ്യർഥിച്ചു.
കേരളത്തിലെ കോർപ്പറേഷൻ , മുനിസിപ്പൽ , ഗ്രാമപഞ്ചായത്തു വാർഡുകളിൽ അധിവസിക്കുന്ന മരപ്പണി, സ്വർണ്ണപ്പണി , കൽപ്പണി , ചെമ്പ് പാത്രനിർമ്മാണം , ഓട്ടു പാത്രനിർമ്മാണം, മൺപാത്രവേല , ചെരിപ്പ് നിർമ്മാണം, തയ്യൽ, തച്ചുശാസ്ത്രം , ക്ഷേത്ര രൂപ കൽപ്പന, ശിൽപ്പ നിർമ്മാണം, കല്ലിൽ കൊത്തുപണി, കരകൗശലം, ടൈൽ വർക്, ഇന്റീരിയർ ഡെക്കറേഷൻ, പ്ലംബിംഗ്, ഇലക്ട്രീഷ്യൻ , പെയിന്റിംഗ് തുടങ്ങി 174 ഇനത്തിൽ പെടുന്ന മറ്റു ജോലികളും അനുബന്ധ ജോലികളും ചെയ്യുന്ന മുഴുവൻ പരമ്പരാഗത തൊഴിലാളികളെയും ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു . പരമ്പരാഗത ആർട്ടിസാൻ സമൂഹത്തിൻറെ തൊഴിലുകളിൽ കാലാനുസൃതമായി നിലവാരമുയർത്തി സാമൂഹ്യ വളർച്ചയിലേക്ക് അവരെ ഉയർത്തിക്കൊണ്ടു വരാനും അവർക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുക എന്ന കാഡ്‌കോ യുടെ ലക്‌ഷ്യം സാക്ഷാൽക്കരിക്കാനും ലേബർ ഡേറ്റ ബാങ്ക് ഉപയുക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. പത്തു ലക്ഷത്തോളം ആർട്ടിസാൻമാരുടെ രെജിസ്ട്രേഷൻ ആണ് പ്രാരംഭ ഘട്ടത്തിൽ കാഡ്‌കോ പ്രതീക്ഷിക്കുന്നത്.
സ്വതന്ത്ര ഭാരതത്തിൽ മറ്റു ജനസമൂഹങ്ങൾക്കുണ്ടായതുപോലുള്ള ഒരു മുന്നേറ്റവും ആർട്ടിസാൻസ് സമൂഹത്തിനുണ്ടായിട്ടില്ല. യന്ത്രവൽക്കരണവും ആധുനികവൽക്കരണവും കമ്പ്യൂട്ടർവൽക്കരണവും മൂലം തൊഴിൽ നഷ്ടപ്പെട്ട് അനിശ്ചിതത്വത്തിൽ കഴിയുന്ന ഈ ജനസമൂഹം നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്.. സ്വർണ്ണ നിയന്ത്രണം പോലെയുള്ള ‘തുഗ്ലക് ‘ പദ്ധതികളിലൂടെ തൊഴിൽ നഷ്ടപ്പെട്ട സ്വർണ്ണപ്പണിക്കാർ . സ്വർണ്ണ വിൽപ്പനയും കൈവശം വെക്കലും തടയുന്നതിനായി 1968 ൽ പാർലമെൻറ് നടപ്പിലാക്കിയ സ്വർ
ണ്ണ നിയന്ത്രണ ചട്ടം ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് മാത്രമല്ല, സ്വർണ്ണക്കച്ചവട കുത്തകകളെ സൃഷ്ടിക്കുകയും പരമ്പരാഗത സ്വർണ്ണ പണിക്കാരുടെ ജോലി നഷ്ടപ്പെടുത്തുകയും ചെയ്തു. ‘ഐക്കിയ’ ‘ഡംറോ’ തുടങ്ങിയ അന്തർദ്ദേശീയ കോർപറേറ്റ് തടിയുൽപ്പന്ന സ്ഥാപനങ്ങളുടെ വരവോടെ തൊഴിൽ നഷ്ടപ്പെട്ട മരപ്പണിക്കാർ. തടിയുൽപ്പന്നങ്ങൾ ലോക വിപണിയിൽ എത്തിക്കുന്ന കോർപ്പറേറ്റ് ഭീമന്മാരായ ‘ഐക്കിയ’ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ അനുവാദം നൽകിയതിലൂടെ മരപ്പണിക്കാർ പ്രതിസന്ധിയിലായി. യന്ത്രവൽക്കരണത്തോടെ ഇരുമ്പ് പണിക്കാർക്ക് വ്യാപകമായി തൊഴിൽ നഷ്ടപ്പെട്ടു. , തയ്യൽ തൊഴിലാളികൾ, ചെരിപ്പ് തുന്നുന്നവർ , മൺപാത്ര വേല ചെയ്യുന്നവർ തുടങ്ങിയവർ ഉൾപ്പെട്ട ആർട്ടിസാൻ സമൂഹത്തിൻറെ പ്രശ്നങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് . ഇവർക്കായി പദ്ധതികൾ ആവിഷ്കരിക്കാനും ആധുനിക തൊഴിൽ- വിദ്യാഭ്യാസ പദ്ധതികൾ ആരംഭിക്കാനും ആർട്ടിസാൻ സമൂഹത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഉണ്ടായേ തീരൂ. ഇന്നേവരെ ഇന്ത്യയിലെ ഒരു ഭരണകൂടവും അതിനായി തയ്യാറാകാത്ത സാഹചര്യത്തിൽ , കേരളം ഇക്കാര്യത്തിലും രാജ്യത്തിന് മാതൃകയാകും . ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് അതിനുള്ള വഴിതുറക്കുമെന്നത് തീർച്ചയാണ്.
ചോദ്യം: ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് എന്നതിനെക്കുറിച്ചു ഒന്ന് വിശദീകരിക്കാമോ?
നെടുവത്തൂർ സുന്ദരേശൻ : കേരളത്തിലെ പരമ്പരാഗത കൈത്തൊഴിൽ മേഖലയിൽ ജോലിചെയ്തുവരുന്ന മരപ്പണി, ഇരുമ്പ് പണി സ്വർണ്ണപ്പണി , കൽപ്പണി , ചെമ്പുപാത്ര നിർമ്മാണം, ഓട്ടുപാത്ര നിർമ്മാണം , മൺപാത്ര വേല, കരകൗശലം , ചെരുപ്പ് നിർമ്മാണം , തയ്യൽ, തച്ചുശാസ്ത്രം, ക്ഷേത്ര രൂപകൽപ്പന , ക്ഷേത്ര കൊത്തുപണി, ശിൽപ്പ നിർമ്മാണം, കല്ലിൽ കൊത്തുപണി അനുബന്ധമായ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെയും പ്ലംബിംഗ്, ഇലക്ട്രിഷ്യൻ, പെയിന്റിംഗ് , ടൈൽ വർക്ക് , ഇന്റീരിയർ ഡെക്കറേഷൻ, ഐ ടി സഹായം തുടങ്ങിയ ട്രെയ്ഡുകളിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ആർട്ടിസാനുകളുടെയും കോർപറേഷൻ ഏറ്റെടുക്കുന്ന വിവിധ പദ്ധതികളിലെ ട്രെയ്ഡുകളിൽ തൊഴിൽ ചെയ്യുന്നവരുടെയും സംരംഭകരുടെയും വിവര ശേഖരണമാണ് ‘ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക്’. അതോടൊപ്പം സംസ്ഥാന സർക്കാരിൻറെ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ നാഷണൽ ബാക്വേർഡ് ക്ലാസസ് ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപറേഷൻ (NBCFDC) ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളിലേക്കുള്ള സംരംഭകരെ കണ്ടെത്തുവാനും ‘ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക്’ സഹായകമാകും.
ചോദ്യം: ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്കിൻറെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
നെടുവത്തൂർ സുന്ദരേശൻ : യന്ത്രവൽക്കരണത്തിൻറെയും കമ്പ്യൂട്ടർവൽക്കരണത്തിൻറെയും കടന്നുവരവോടെ കേരളത്തിലെ പരമ്പരാഗത – ആർട്ടിസാൻ സമൂഹം ഗുരുതരമായ തൊഴിലില്ലായ്മയാണ് ഇന്ന് നേരിടുന്നത്. ഈ വിഭാഗത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ബൃഹത്തായ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാൽ ഈ വിഭാഗത്തിൻറെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ പദ്ധതികൾക്ക് രൂപം നൽകുന്നതിന് വേണ്ടി വിവിധ വിഭാഗം തൊഴിൽ മേഖല കളിൽ ഏർപ്പെട്ടിരിക്കുന്ന ആർട്ടിസാനുക്കൾ എത്രയെണ്ണം ഉണ്ട് എന്നതിൻറെ വ്യക്തമായ കണക്ക് ശേഖരിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. കേരളത്തിൽ ഇത്തരത്തിൽ തൊഴിലാളികളുടെ വിവരം ശേഖരിക്കുന്ന ആദ്യ കോർപറേഷൻ എന്ന ഖ്യാതി കൂടിയാണ് ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷന് ഇതോടെ കൈവരുന്നത്. സാമൂഹ്യമായും തൊഴിൽപരമായും പിന്നാക്കം നിൽക്കുന്ന ഈ വിഭാഗത്തിൻറെ അംഗസംഖ്യ തിട്ടപ്പെടുത്തുന്നതിനും ആർട്ടിസാൻസുകൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും അനുബന്ധ പുരോഗതിയും കൈവരിക്കുന്നതിനും ‘ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക്’ ലക്ഷ്യം വെക്കുന്നു.
ചോദ്യം: ലേബർ ഡേറ്റ ബാങ്ക്കൊണ്ട് ആർട്ടിസാൻസുകൾക്കുള്ള ഗുണങ്ങൾ എന്തൊക്കെയാണ് ?
നെടുവത്തൂർ സുന്ദരേശൻ : ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് തയ്യാറാക്കുന്നതിലൂടെ ,ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപ്പറേഷൻ വഴി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെ ആർട്ടിസാൻസ് ട്രെയ്ഡുകളിലുള്ള തൊഴിലവസരങ്ങൾ ഈ വിഭാഗത്തിന് ലഭ്യമാകും. സമഗ്ര പുരോഗതിക്കുവേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് വ്യക്തമായ രൂപരേഖയുണ്ടാക്കാൻ ഈ വിഭാഗത്തിൽ ഏതെല്ലാം തൊഴിൽ വിഭാഗങ്ങൾ ഉണ്ടെന്നും അവരുടെ എണ്ണം എത്രയെന്നും ഉള്ള കൃത്യമായ കണക്ക് സഹായകമാകും.
ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻറെ പദ്ധതികളിലെ തൊഴിലവസരങ്ങൾ കൃത്യമായും ആർട്ടിസാനു കളിൽ എത്തിച്ചേരുന്നു എന്നുറപ്പാക്കാൻ വാർഡ് അടിസ്ഥാനപ്പെടുത്തിയുള്ള ഡേറ്റ ബാങ്ക് ഉപകരിക്കും.
ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ കൂട്ടായ്മ രൂപീകരിച്ചു ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷന് ലഭിക്കുന്ന പദ്ധതികൾ വിജയകരമായി നടപ്പാക്കാനും അതിലൂടെ തൊഴിലവസരവും ലാഭവിഹിതവും ആർട്ടിസാനുകൾക്ക് ലഭ്യമാക്കി ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്നും ഈ വിഭാഗത്തെ മുക്തമാക്കാനും കഴിയും.
ചോദ്യം: ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് വഴി സംസ്ഥാനത്തിന് ഉള്ള നേട്ടം എന്തൊക്കെയാണ്?
നെടുവത്തൂർ സുന്ദരേശൻ : കേരളത്തിലെ ആർട്ടിസാനുകൾ നേരിടുന്ന തൊഴിലില്ലായ്മക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുവാൻ ഈ ഡേറ്റാ ബാങ്ക് ഉപയോഗപ്രദമാകും. പ്രാദേശികമായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളായവർ തന്നെ വിവിധ പദ്ധതികളിൽ പങ്കാളികൾ ആകുന്നതോടെ പദ്ധതി നടത്തിപ്പിൽ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയും.
പദ്ധതിക്ക് വേണ്ടി മുടക്കുന്ന പണം സംസ്ഥാനത്തെ പ്രാദേശിക തൊഴിലാളികളിൽ കൂലി ഇനത്തിൽ എത്തിച്ചേരുമെന്നതിനാൽ അവർക്ക് സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയും. അതോടൊപ്പം ദേശീയ വരുമാനത്തിൻറെ വർധനയ്ക്കും ഇത് സഹായകമായിത്തീരും.
ചോദ്യം: ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷന് എന്ത് നേട്ടമാണുണ്ടാകുന്നത് ?
നെടുവത്തൂർ സുന്ദരേശൻ : കേരളത്തിലെ പരമ്പരാഗത ആർട്ടിസാനുകളുടെ പരിരക്ഷ ലക്ഷ്യമാക്കി സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ കൂടുതൽ സർക്കാർ പ്രൊജെക്ടുകൾ ഏറ്റെടുത്തു പൂർത്തീകരിച്ചു ലാഭകരമാക്കി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനു ഡേറ്റ ബാങ്ക് സഹായകമാകും.
അതിലൂടെ ലഭിക്കുന്ന ലാഭം തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയിലെത്തിയിട്ടുള്ള പരമ്പരാഗത ആർട്ടിസാനുകളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനും കൂടുതൽ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചു ഈ തൊഴിലാളി സമൂഹത്തിൻറെ തൊഴിൽ വൈദഗ്ദ്ധ്യം കാലാനുസൃതമായി ഉയർത്താനും കഴിയും. അതിലൂടെ ആർട്ടിസാൻസ് സമൂഹത്തിൻറെ നിലവാരം ഉയർത്തി സാമൂഹിക വളർച്ചയിലേക്ക് എത്തിക്കുക എന്ന ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻറെ പ്രോജെക്ട് റിപ്പോർട്ട് നടപ്പിലാക്കാൻ ലേബർ ഡേറ്റാ ബാങ്ക് ഉപയുക്തമാകുമെന്ന് ഉറപ്പാണ്.
ആർട്ടിസാൻ സമൂഹം നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾ ഇവിടെയുണ്ട്. യന്ത്രവൽക്കരണം , കംപ്യൂട്ടർ വൽക്കരണം , വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ , കുത്തകകളുടെ തള്ളിക്കയറ്റം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ. ഭാരതം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ആർട്ടിസാൻ ജനസമൂഹത്തിൻറെ ക്ഷേമത്തിനായി ‘ ആർട്ടിസാൻസ് ഡെവല പ്മെൻറ് കോർപറേഷൻ’ എന്നൊരു സ്ഥാപനം ഉണ്ടായിട്ടുള്ളത് കേരളത്തിൽ മാത്രമാണ്. അസംഘടിതരായ ആർട്ടിസാൻ ജനവിഭാഗത്തിൻറെ വിവരങ്ങൾ ശേഖരിക്കുന്നതിനും തൊഴിൽ പരമായും വിദ്യാഭ്യാസപരമായും സാമൂഹികമായും രാഷ്ട്രീയമായും അവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കുന്നതിനുമാണ് കാഡ്കോ, ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് തയ്യാറാക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ആർട്ടിസാൻ സമൂഹത്തിൻറെ വ്യക്തമായ കണക്കെടുക്കാനാണ് കാഡ്കോ തുടക്കമിടുന്നത്. ഇന്ത്യയിൽ ആർട്ടിസാൻ സമൂഹം 20 കോടിയോളം വരും എന്ന കണക്കാണ് ( ഇന്ത്യ സി എസ് ആർ നെറ്റ്വർക്ക്) അനൗദ്യോഗികമായി പ്രചാരത്തിലുള്ളത്.
രാഷ്ട്രീയമായും സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും തൊഴിൽപരമായും പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ വിശാല കാഴ്ചപ്പാടിലൂടെ നോക്കിക്കാണുകയാണ് കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ. കുത്തകകളുടെ തള്ളിക്കയറ്റം മൂലം തൊഴിൽ നഷ്ടപ്പെട്ട ആർട്ടിസാനുകളെക്കുറിച്ചു വ്യക്തമായി അറിയാതിരിക്കുന്നതിനു കാരണം അവരുടെ സംഖ്യാബലം കണക്കാക്കിയിട്ടില്ല എന്നത് തന്നെയാണ്.
വികസിത – വികസ്വര രാജ്യങ്ങൾ ആർട്ടിസാനുകളെ പുനരധിവസിപ്പിക്കുന്നതിനായി നടപ്പാക്കിയിട്ടുള്ളതുപോലുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും വ്യവസായ ഇടനാഴി പോലുള്ള പദ്ധതികളിൽ ആർട്ടിസാനുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഡേറ്റാ ബാങ്ക് സഹായകമാകും.
- റിതു പി ആർ