എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-23
ആശയങ്ങളെപ്പറ്റി വെറുതെ ചിന്തിച്ചാല്‍ പോരാ … എന്തെങ്കിലും ചെയ്യുക!
എം ആർ കൂപ് മേയർ പരിഭാഷ : എം ജി കെ നായർ
നിങ്ങളുടെ ഡസ്കില്‍ വരുന്ന ജോലികള്‍ അല്ലെങ്കില്‍ ജോലിസ്ഥലത്ത് ചെയ്യാനുള്ള ജോലികള്‍ ചെയ്യുന്നതുകൊണ്ടുമാത്രം നിങ്ങള്‍ എവിടെയും എത്തിച്ചേരുകയില്ല. കാരണം നിങ്ങള്‍ ബിസിനസ് കണ്വെയറിലെ ഒരു (മനുഷ്യ) പല്ലുമാത്രം – എളുപ്പത്തില്‍ വലിയ ചെലവുകൂടാതെ മാറ്റിവെയ്ക്കാവുന്നത്.
മെച്ചപ്പെടുത്തലുകള്‍ക്കുള്ള പ്രായോഗിക ആശയങ്ങള്‍ നിങ്ങള്‍ ചിന്തിച്ചെടുക്കുകയും എഴുതിവെയ്ക്കുകയും തുറന്നുപറയുകയും ചെയ്യുമ്പോള്‍ മാത്രമാണ് ബിസിനസ് കണ്വെയറിലെ വെറുമൊരു പല്ല് എന്നതില്‍ കവിഞ്ഞ് കൂടുതല്‍ നല്ലൊരു കണ്‍വെയര്‍ ഡിസൈന്‍ ചെയ്യുന്ന മനുഷ്യനാകുന്നത് – കണ്വെയറിന്റെ ഉടമസ്ഥനാകുന്നത്.
നിങ്ങളുടെ കമ്പനിയിലെ ബിസിനസ് യന്ത്രത്തിന്റെ വെറുമൊരു പല്ല് മാത്രമായിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍.
(1) മെച്ചപ്പെടുത്തലുകള്‍ക്കുള്ള പ്രായോഗികാശയങ്ങള്‍ ചിന്തിച്ചെടുക്കുക. പതിമൂന്നാം അദ്ധ്യായത്തിലെ ഓരോ മാന്ത്രികചോദ്യവും സ്വയം ചോദിക്കുക. ആ ചോദ്യങ്ങള്‍ നിങ്ങളുടെ ഭാവനയില്‍ സ്ഫുരിപ്പിക്കുന്ന നിങ്ങള്‍ മെച്ചപ്പെടുത്താനാഗ്രഹിക്കുന്നതെന്തോ അതുസംബന്ധിച്ച – ഓരോ ആശയവും എഴുതിവെയ്ക്കുക.
(2) മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ ചിന്തിച്ചെടുക്കുകയും എഴുതിവെയ്ക്കുകയും ചെയ്ത ഓരോ ആശയവും പഠിക്കുകയും മൂല്യനിര്‍ണ്ണയം നടത്തുകയും ചെയ്യുക. പ്രായോഗിക മെച്ചപ്പെടുത്തലുകള്ക്കുവേണ്ടി നിങ്ങളുടെ ആശയങ്ങള്‍ ഒന്നോ അതിലധികമോ പ്രയോജനകരമായ നിര്‍ദ്ദേശങ്ങളായി സംയോജിപ്പിക്കുക, നവീകരിക്കുക, രൂപാന്തരപ്പെടുത്തുക അല്ലെങ്കില്‍ വ്യക്തമാക്കുക.
(3) മെച്ചപ്പെടുത്തലുകള്‍ക്കുള്ള നിങ്ങളുടെ ആശയങ്ങള്‍ ശാന്തമായും ഉചിതമായും ബഹുമാനപുരസരം കൃത്യമായി തുറന്നുപറയുക. പത്തു കല്പ്പനകളോടൊപ്പം നിങ്ങള്‍ക്കു കൈമാറിയതാണെന്ന മട്ടില്‍ നിങ്ങളുടെ ആശയങ്ങള്‍ പ്രഖ്യാപിക്കരുത് ( അദ്ധ്യായം 18 വീണ്ടും വായിക്കുക) നിങ്ങളുടെ ബോസിന് ആശയങ്ങള്‍ നിര്‍ദ്ദേശിച്ച കൊടുക്കാനുള്ള ശരിയായ, മാന്യമായ, മാര്‍ഗ്ഗം ഇതാ.
ലോകത്തിലെ ഏറ്റവും വിജയികളായ ബിസിനസ്സുകാരില്‍ ഒരാളായ ഡോക്ടര്‍ വില്യം എം. സ്ക്കോള് ശുപാര്‍ശ ചെയ്ത താഴെപ്പറയുന്ന തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം പഠിക്കുക.
“ഒരാശയം തോന്നിയാലുടന്‍ തന്നെ അതു സംബന്ധിച്ചുള്ള പ്രവര്‍ത്തനം ആരംഭിക്കണം. പ്രവര്‍ത്തിക്കുന്നതിനു പറ്റിയ സമയവും സ്ഥലവും കാത്തിരുന്നാല്‍ ഒരുപക്ഷെ ഒരിക്കലും നടന്നെന്നു വരില്ല ഒരാശയം കിട്ടിയാലുടന്‍തന്നെ അതു പരീക്ഷിച്ചു നോക്കുക. ഒന്നും ചെയ്യാതെ അതുനല്ലതാണോ എന്നു ചിന്തിച്ചിരിക്കുന്നതിനേക്കാള്, അതു കൊള്ളില്ലെന്നു തീര്‍ച്ചയായി അറിയുന്നതാണ് കൂടുതല്‍ നല്ലത്.”
ഒരാശയം ഒരിക്കലും “തടഞ്ഞു വെയ്ക്കരുതു.
ഒരാശയം തടഞ്ഞുവെയ്ക്കപ്പെടുത്തുന്നതിലൂടെ അനുബന്ധ ആശയങ്ങള്‍കൊണ്ട് സൃഷ്ടിക്കപ്പെടെണ്ട “ചങ്ങല”യിലേക്കുള്ള ആശയങ്ങളുടെ പ്രവാഹം നിങ്ങള്‍ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഒരാശയം “ഒളിച്ചു” വയ്ക്കരുത്. ഒരാശയം മൂടിവെച്ചാല്‍, അതു വെളിച്ചം കാണാതെ ചുരുങ്ങി നശിച്ചുപോകും.
അതിനാല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ ആശയം പെട്ടന്നു തുറന്നുകാട്ടുക – അനുകൂലമോ പ്രതികൂലമോ ആയ വിദഗ്ദ്ധാഭിപ്രായത്തിനുവേണ്ടി, നിങ്ങളുടെ ആശയം വിമര്‍ശനത്തിന്റെ കൊടുങ്കറ്റില്‍ ആടിയുലയുകയോ മെച്ചപ്പെടുത്തലിനുള്ള നിര്‍ദ്ദേശങ്ങളുടെ പ്രളയത്തില്‍ ചുഴലുകയോ ചെയ്യട്ടെ. വിമര്‍ശങ്ങളെയും നിര്‍ദ്ദേശങ്ങ ളെയും വിരോധമായി കണക്കാക്കരുത്. ഓരോ ആശയവും മറ്റുള്ളവരുടെ ആശയങ്ങളാല്‍ പരിപോഷിപ്പിക്കപ്പെടുന്നു. അവയെ സ്വാഗതം ചെയ്യുക. അവയെ വിലമതിക്കുക. ഒരോരുത്തരുടേയും നിര്‍ദ്ദേശങ്ങള്‍ക്ക് നിങ്ങള്‍ നന്ദിയുള്ളവനാണെന്ന് തുറന്നുപറയുക.
ഓര്‍മ്മിക്കുക, നിങ്ങളുടെ ആശയം അവര്‍ ചര്‍ച്ചചെയ്യുന്നു. അതിന്മേല് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതു മെച്ചപ്പെടുത്തുന്നു! ഉടനേതന്നെ നിങ്ങളുടെ ആശയങ്ങളില്‍ ചിലത് സ്വീകരിക്കപ്പെട്ടില്ലെങ്കിലും – ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനേക്കാള്‍ അതു വളരെയേറെ നല്ലതാണ്!
മെച്ചപ്പെടുത്തലുകള്‍ക്ക് പ്രയോജനകരമായ ആശയങ്ങള്‍ നിര്‍ദ്ദേശിക്കുന്നതാണ് ഒരു പക്ഷേ, അനുകൂലമായും സ്മരണീയമായും ശ്രദ്ധയാകര്‍ഷിക്കുന്നതിന് ഏറ്റവും എളുപ്പമായ, ഏറ്റവും നല്ലതായ, ഏറ്റവും ലാഭകരമായ, മാര്‍ഗ്ഗം.
എല്ലായ്പ്പോഴും ധാരാളം ആശയങ്ങള്‍ കരുതിവയ്ക്കുക – ഇഷ്ടമുള്ളത് തെരഞ്ഞെടുക്കത്തക്കവിധം.
എല്ലായ്പ്പോഴും പ്രായോഗികവും പ്രയോജനകരവുമായ ആശയങ്ങള്‍ – സമര്‍പ്പിക്കപ്പെട്ടത് – സൂക്ഷിക്കുക: “ പ്രവര്‍ത്തനങ്ങളില്‍!”
ഉപബോധമനസ്സാകുന്ന ചഷകത്തില്‍ വരുംകാലത്തേക്കുള്ള വികസനോന്മുഖമായ ആശയങ്ങള്‍ എല്ലായ്പ്പോഴും ധാരാളമായി സൂക്ഷിക്കുക. ആശയനിര്മ്മാണരേഖ, പൂര്‍ത്തീകരിക്കപ്പെടാനുള്ള ആശയങ്ങള്‍കൊണ്ട് എല്ലായ്പ്പോഴും നിറച്ചുവെയ്ക്കുക – പൂര്ത്തികരിക്കുന്നതിനുവേണ്ടി അചഞ്ചലമായി മുന്നോട്ടു നീങ്ങുക!
ജീവിതലക്ഷ്യത്തിലേക്കു നയിക്കുന്ന നിരവധി ആശയമാര്ഗ്ഗങ്ങള് എപ്പോഴും ഉണ്ടായിരിക്കുക! അങ്ങനെയായാല്‍ നിങ്ങള്‍ ഒരിക്കലും (1) എല്ലാം അല്ലെങ്കില്‍ ഒന്നുമില്ല. (2) ഉണ്ടാക്കുക അല്ലെങ്കില്‍ നശിപ്പിക്കുക (3) ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയില്‍ എത്തിച്ചേരുകയില്ല. ഒരു പദ്ധതിയെസംബന്ധിച്ച് ഒരിക്കലും നിങ്ങള്‍ സമ്മര്‍ദ്ദത്തിനു വിധേയനാവുകയോ ഉള്ക്കണ്ഠകുലനാകുകയോ ചെയ്യുകയില്ല. കാരണം, നിരവധി ആശയ മാര്‍ഗ്ഗങ്ങളില്‍ അത് ഒന്നുമാത്രമാണ്. അനേകങ്ങളില്‍ ഒന്നു മാത്രം. അവശേഷിക്കുന്നവ അതിനേക്കാള്‍ മെച്ചപ്പെട്ടവയാകാം. അനേകം സാദ്ധ്യതകള്‍!
ഇപ്പോള്‍ത്തന്നെ തീരുമാനിക്കുക – നിങ്ങള്‍ “വല്ലതും ചെയ്യുന്ന വ്യക്തി” ആണ്! ഉടന്‍തന്നെ, ജീവിതത്തില്‍നിന്നും നിങ്ങള്‍ക്കു കൂടുതല്‍ കിട്ടുവാന്‍ തുടങ്ങും! കൂടുതല്‍ ആശയങ്ങള്‍! കൂടുതല്‍ പ്രവര്‍ത്തനം! കൂടുതല്‍ ബന്ധങ്ങള്‍! കൂടുതല്‍ അവസരങ്ങള്‍! കൂടുതല്‍ പണം!
നിങ്ങള്‍ കൂടുതല്‍ സമ്പന്നനാകും…… എളുപ്പത്തില്‍!
( തുടരും )