സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട സേവനം ജനതയുടെ അവകാശമാണ്: വി എസ് 

Share:

കൊച്ചി: സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട സേവനം ജനതയുടെ അവകാശമാണെന്നും നി ലവിലുള്ള ഭരണസംവിധാനത്തിൻറെ കാലാനുസൃതമായ പരിഷ്‌കരണമാണ് ഭരണപരിഷ്‌കാര കമ്മീഷനിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഭരണസംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ജനങ്ങളുടെ അഭിപ്രായപ്രകാരം കമ്മീഷന്‍ നിര്‍ദേശിക്കുകയും സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയും വേണം.

എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഭരണപരിഷ്‌കാര കമ്മീഷൻറെ പൊതു ഹിയറിങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമപദ്ധതികളും നിയമങ്ങളും സംബന്ധിച്ച അഭിപ്രായ സമാഹരണം ലക്ഷ്യമിട്ടാണ് ഹിയറിങ് സംഘടിപ്പിച്ചത്.

സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട സേവനം ജനതയുടെ അവകാശമാണ്. ഈ അവകാശം ലംഘിക്കപ്പെടുന്നത് നീതി നിഷേധമാണ്. തുല്യനീതി ഉറപ്പാക്കപ്പെടാതെ പോകുമ്പോഴാണ് ഒരു വിഭാഗം ജനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത്. ദരിദ്രര്‍, ദളിതര്‍, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതര്‍, ആദിവാസികള്‍, ഭിന്നലിംഗക്കാര്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ കൊണ്ടുവരാറുണ്ട്. ആ പദ്ധതികള്‍ ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെങ്കില്‍ ചോര്‍ച്ച സംഭവിക്കുന്നത് എവിടെയാണെന്ന് പരിശോധിക്കണം. എന്തെല്ലാം ക്ഷേമപദ്ധതികളാണ് ഇനിയും വേണ്ടതെന്നും കമ്മീഷന്‍ പരിശോധിക്കും – വി.എസ് പറഞ്ഞു.

ക്ഷേമപദ്ധതികളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതതിനായി ആദ്യഘട്ടത്തില്‍ സ്ത്രീകള്‍, വയോജനങ്ങള്‍, ഭിന്ന ശേഷിക്കാര്‍, മാനസിക വൈകല്യമുള്ളവര്‍, കുട്ടികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നീ ആറ് വിഭാഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും രൂപപ്പെടുത്തി സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതരസംസ്ഥാനതൊഴിലാളികളുടെ ജീവിതസാഹചര്യം ശോചനീയമാണ്. അവര്‍ സാംസ്‌കാരികമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുമുണ്ട്. അവരുടെ പ്രശ്‌നങ്ങളും പരാധീനതകളും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തണം. മുതിര്‍ന്നവരുടെ അനുഭവസമ്പത്ത് സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കമ്മീഷന്‍ അംഗങ്ങളും മുന്‍ ചീഫ് സെക്രട്ടറിമാരുമായ സി.പി നായര്‍, ഷീല തോമസ്, നീല ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, കമ്മീഷന്‍ അഡീഷണല്‍ സെക്രട്ടറി ടി.പി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. വയോജനസംഘടനകളുടെ പ്രതിനിധികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share: