ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ -4

Share:

ഉച്ചാരണമെന്ന വൈതരണി

-പ്രൊഫ. ബലറാം മൂസദ്

ണ്ട് നമ്പൂതിരി ഇംഗ്ലീഷ് പഠിക്കാന്‍ പോയ കഥയുണ്ട്.

നമ്പൂതിരി പെട്ടെന്ന് തിരിച്ചു വന്നു. ‘എന്ത് പറ്റി തിരുമേനി?’ എന്ന് ചോദിച്ചപ്പോള്‍-

“ഓ, ഒരു നിജോല്ല്യാത്ത ഭാഷ ! പി.ഒ.ടി എന്നെഴുതും , പോട്ട് എന്ന് വായിക്കും. അര്‍ത്ഥം പാത്രംന്നും! അതൊക്കെ നമ്മുടെ മലയാളം തന്നെ- പാത്രം എന്നെഴുതും; പാത്രംന്നു വായിക്കും. അര്‍ത്ഥവും പാത്രം തന്നെ” എന്നായിരുന്നു മറുപടി.

നമ്പൂതിരി പറഞ്ഞതില്‍ കുറച്ചു കാര്യമില്ലായ്കയില്ല. മലയാളം മിക്കവാറും ഒരു phonetic language (എഴുതുന്നതിനനുസരിച്ച് വായിക്കുന്ന ഭാഷ)യാണ്. ഇംഗ്ലീഷ് അങ്ങനെയല്ല. തീരെ ബന്ധമില്ലെന്നല്ല പറഞ്ഞത്. പക്ഷേ ഇംഗ്ലീഷ് പഠിക്കുന്ന വിദേശികള്‍ക്ക് അങ്ങനെ തോന്നാം.

ഇതെങ്ങിനെ സംഭവിച്ചു? മിക്കവാറും എല്ലാ യുറോപ്യന്‍ ഭാഷകളും ഒരേ ലിപി – റോമന്‍ ലിപി ആണ് ഉപയോഗിക്കുന്നത്. അതില്‍ 26 അക്ഷരങ്ങളേയുള്ളു. ഇംഗ്ലീഷിലും അതുകൊണ്ട് വ്യത്യസ്ത ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്ന 26 അക്ഷരങ്ങളേയുള്ളു. പക്ഷെ ഭാഷാ ശബ്ദങ്ങളാണെങ്കില്‍ അമ്പതോളവും! (മലയാളം അതിന്‍റെ അക്ഷരമാല, സംസ്കൃതത്തെ ആധാരമാക്കിയെടുത്തതുകൊണ്ട് രക്ഷപ്പെട്ടു. 51 അക്ഷരങ്ങള്‍! നമ്മുടെ അയല്‍ സംസ്ഥാനക്കാരുടെ ഭാഷയായ തമിഴില്‍ അതിന്‍റെ മൂന്നിലൊന്നേയുള്ളു. അതുകൊണ്ട് ‘ ഗാന്ധി’യും ‘കാന്തി’യും തമിഴില്‍ എഴുതുന്നത്‌ ഒരുപോലെയാണല്ലോ!) അക്ഷരങ്ങള്‍ വെറും 26-ഉം ശബ്ദങ്ങള്‍ അമ്പതോളവുമാകുമ്പോള്‍ ഓരോ അക്ഷരത്തിനും ഡബിള്‍ റോള്‍ അഭിനയിക്കേണ്ട ഗതികേട് സ്വാഭാവികമായും വരുന്നു. ഇംഗ്ലീഷില്‍ ശരിക്കും സംഭവിച്ചത് അതാണ്. പല അക്ഷരങ്ങള്‍ക്കും പഴയ എം.ജി.ആര്‍. ചിത്രങ്ങളിലെ നായകനെ പോലെ ട്രിപ്പിള്‍ റോളുപോലും അഭിനയിക്കേണ്ടി വരുന്നു. ഉദാഹരണത്തിന് a എന്ന അക്ഷരമെടുക്കുക. Bath, Bathe, Bat എന്ന മൂന്നു വാക്കുകളും ആദ്യത്തേതില്‍ ‘a’പ്രതിനിധീകരിക്കുന്ന ശബ്ദം ‘ആ’ എന്നാണ്; രണ്ടാമത്തതില്‍ ‘ഏയ്‌’ എന്ന് മൂന്നാമത്തതില്‍ മലയാളത്തിലില്ലാത്ത അ + എ എന്ന ശബ്ദവും.

ഇതു കഥയുടെ ഒരു വശം. മറ്റൊരു വശം ഇംഗ്ലീഷുകാരന്‍റെ നാടിന്‍റെ ചരിത്രമാണ്‌. 1066-ല്‍ Norman conquest എന്നറിയപ്പെടുന്ന സംഭവത്തിലൂടെ ഇംഗ്ലണ്ട് , ഫ്രഞ്ച് ഭരണത്തിന്‍ കീഴിലായി. നൂറ്റാണ്ടുകളോളം നിലനിന്ന ഫ്രഞ്ച് ആധിപത്യം ഈ കാലഘട്ടത്തില്‍ സ്വാഭാവികമായും ഒട്ടേറെ ഫ്രഞ്ച് പദങ്ങള്‍ ഇംഗ്ലീഷിലേക്ക് കടന്ന് വന്നു. ഫ്രഞ്ച്കാരുടെ ഉച്ചാരണ തത്വങ്ങളാകട്ടെ വളരെ വ്യത്യസ്തങ്ങളുമായിരുന്നു. ഫലം, ഇംഗ്ലീഷില്‍ പറഞ്ഞാല്‍, utter confusion. ഉദാഹരണത്തിന് Depot എന്നത് ഫ്രഞ്ചില്‍ നിന്നും ഇംഗ്ലീഷിലേക്ക് വന്ന പദമാണ്‌. ഫ്രഞ്ച് ഭാഷയില്‍ അവസാനം വരുന്ന ‘t’ സാധാരണ ഉച്ചരിക്കാറില്ല, അതുകൊണ്ട് ഡപോ എന്ന് വായിക്കുന്നു. ഫ്രഞ്ച് ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്കുള്ള കുത്തി യൊഴുക്ക് പില്‍ക്കാലത്തും തുടര്‍ന്നു. ഇന്നത്തെ ഇംഗ്ലീഷില്‍ ഏതാണ്ട് 40 ശതമാനം പദങ്ങളും ഫ്രഞ്ചില്‍ നിന്നും വന്നവയാണെന്ന് പറയപ്പെടുന്നു. ഒറിജിനല്‍ ഇംഗ്ലീഷ് പദങ്ങള്‍ വെറും 20ശതമാനം മാത്രവും! അതുകൊണ്ട് ഉച്ചാരണനാടകത്തിലെ യഥാര്‍ഥ വില്ലന്‍ ഇംഗ്ലീഷല്ല. പാവം ഇംഗ്ലീഷ്, വില്ലന്‍റെ ഇര മാത്രമാണ്!

മലയാളികളായ നാം ഇംഗ്ലീഷ് ഉച്ചാരണത്തില്‍ നേരിടുന്ന വിഷമങ്ങള്‍ ഇനി നമുക്ക് പരിഗണിക്കാം. ഉച്ചാരണവിഷയത്തിലുള്ള നമ്മുടെ അബദ്ധങ്ങള്‍ തിരുത്താവുന്നതേയുള്ളു. നമ്മുടെ ഉച്ചാരണപിശകുകളെക്കുറിച്ച് നാം ലജ്ജിക്കേണ്ടകാര്യമൊന്നുമില്ല. ലജ്ജിക്കേണ്ടവര്‍ നമ്മെ ആദ്യമായി ഇംഗ്ലീഷു പഠിപ്പിച്ച അധ്യാപക രാണ്.

മനുഷ്യമനസ്സ് ഒരു ഫോട്ടോ ആല്‍ബം പോലെയാണ്. ഒരു ഇംഗ്ലീഷ് പദം ആദ്യമായി ഒരാള്‍ ഉച്ചരിക്കുന്നത് നാം കേള്‍ക്കുന്നു. അതിന്‍റെ ഒരു ഫോട്ടോ ഉടനെ മനസ്സില്‍ പതിയുന്നു. ഈ ഫോട്ടോ പിന്നീട് ഓര്‍മയില്‍ മായാതെ; മറയാതെ നില്‍ക്കുന്നു. നിര്‍ബന്ധ ബുദ്ധിയോടു കൂടിയുള്ള ശ്രമം കൊണ്ടേ ആ ഫോട്ടോ മായിച്ചു കളഞ്ഞു മറ്റൊരു ഛയാചിത്രം അവിടെ പ്രതിഷ്ടിക്കുവാന്‍ പറ്റുകയുള്ളു.

സ്കൂള്‍ തലത്തില്‍ വച്ച് അങ്ങിനെ തെറ്റായ ഉച്ചാരണത്തിന് വിധേയരായവര്‍, അതുകൊണ്ട്, തങ്ങളുടെ ഉച്ചാരണപിശകുകള്‍ ഒഴിവാക്കുവാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമം നടത്തിയേ തീരു. പ്രത്യേകിച്ചും അവര്‍ അദ്ധ്യാപകരാണെങ്കില്‍. അല്ലാത്ത പക്ഷം നൂറു കണക്കിന് മറ്റ് ഇളം മനസ്സുകളെയും വഴി തെറ്റിക്കലായിരിക്കും ഫലം.

ഇംഗ്ലീഷ് ഉച്ചാരണപിശകുകള്‍ മാറ്റിയെടുക്കണമെന്നുള്ളവര്‍ക്ക് സ്വീകരിക്കാവുന്ന പല പ്രായോഗിക നിര്‍ദ്ദേശങ്ങളുമുണ്ട്. രണ്ടു മൂന്നെണ്ണം മാത്രം ഇവിടെ സൂചിപ്പിക്കാം.

1) All India Radio / TV യിലെ ഇംഗ്ലീഷ് വാര്‍ത്താ ബുള്ളറ്റിന്‍ പതിവായി ശ്രദ്ധിക്കുക. ( BBC പറ്റുമെങ്കില്‍ അത്രയും നല്ലത്) വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആശയം മാത്രം ശ്രദ്ധിക്കാതെ വാക്കുകളുടെ ഉച്ചാരണത്തിലും ബോധപൂര്‍വം ശ്രദ്ധിക്കുക. ഒന്നു രണ്ടു മാസം ഇത് തുടര്‍ച്ചയായി ചെയ്യാമെങ്കില്‍ 90 ശതമാനം പിശകുകളും മാറിക്കിട്ടും.

2) ഒരു നല്ല Dictionary വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുക. വാക്കുകളുടെ അര്‍ഥം നോക്കുമ്പോള്‍ ഉച്ചാരണം കൂടി ശ്രദ്ധിക്കുക. ഇത് ആദ്യമാദ്യം ചില ഞെട്ടലുകള്‍ ഉണ്ടാക്കും.പക്ഷേ താന്‍ ഞെട്ടുന്നത് ആരും അറിയുന്നില്ലല്ലോ എന്ന ധൈര്യത്തോടെ മുന്നോട്ടു പോവുക.

3) ഒരു വിധം നന്നായി ഇംഗ്ലീഷ് അറിയാവുന്നവര്‍ സംസാരിക്കുമ്പോള്‍ അവരുടെ ഉച്ചാരണം കൂടി ശ്രദ്ധിക്കുക. സംശയം തോന്നിയാല്‍ അവരുടെ സഹായം തേടുക. (ഇതില്‍ കുറ്റബോധമോ നാണക്കേടോ തോന്നേണ്ട യാതൊരു കാര്യവുമില്ല. നൂറു ശതമാനം ഇംഗ്ലീഷ് പദങ്ങളും ശരിയായി ഉച്ചരിക്കുന്ന ഒരൊറ്റ ഇന്ത്യക്കാരനും ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് പരക്കെ അറിയപ്പെടുന്ന ഒരു പരമാര്‍ത്ഥമാണ്. അങ്ങനെയുള്ള ആളുകള്‍ ഇംഗ്ലണ്ടില്‍ പോലും പത്തു ശതമാനത്തിലധികവുമുണ്ടാകില്ല.)

ഇനിഎന്താണിതിന്‍റെഒക്കെആവശ്യമെന്ന് ചോദിക്കുന്നവരുണ്ടാകാം. നമ്മുടെയൊക്കെ ഉള്ളിന്‍റെയുള്ളിലുള്ള ഒരു അഭിലാഷമാണ് മറ്റുള്ളവരില്‍ നല്ല മതിപ്പുളവാക്കുക എന്നത്. (ഇന്റര്‍വ്യൂവിന് പോകുന്നവര്‍ക്ക് ഇത് ഒരു പ്രായോഗിക ആവശ്യവുമാണ്). ഈ അഭിലാഷം സാക്ഷാത്കരിക്കണമെങ്കില്‍ ഇംഗ്ലീഷ് ഉച്ചാരണം ശ്രദ്ധിച്ചേ പറ്റൂ. ഉച്ചാരണപിശക് എന്നത്, കേള്‍ക്കുന്നവനെ സംബന്ധിച്ചിടത്തോളം ചോറില്‍ കല്ലു കടിക്കുന്നതു പോലെയുള്ളൊരു അനുഭവമാണ്. വിഭവങ്ങളെത്രയുണ്ടായാലും ചോറില്‍ നിറയെ കല്ലാണെങ്കില്‍ ആ ഊണ് ആര്‍ക്കു രുചിക്കും?

ഒരൊറ്റ വാക്കിന്‍റെ ഉച്ചാരണ പിശകു കൊണ്ട് സര്‍വ്വ മതിപ്പും നഷ്ടപ്പെട്ടുന്ന സന്ദര്‍ഭങ്ങളെത്രയോ ഉണ്ട്. അതോടുകൂടി നിങ്ങളുടെ ഡിഗ്രികളുടെ എണ്ണവും വേഷത്തിന്‍റെ പകിട്ടും എല്ലാം തെരുവുവേശ്യയുടെ മുഖത്തെ ചായം തേപ്പു പോലെ പരിഹാസ്യങ്ങളായിത്തീരുന്നു.

( തുടരും )

Share: