പ്രിയദർശിനിയോടൊപ്പം …

Share:
-രാജൻ പി തൊടിയൂർ 
 
2017 നവംബർ 19 ന് ഇന്ദിരാഗാന്ധി യുടെ ജന്മ ശദാബ്ദി. ഒക്ടോബർ 31 ന്,  വധിക്കപ്പെട്ടു 33 വർഷങ്ങൾ. 1982 ൽ , മലയാളനാട് രാഷ്ട്രീയ വാരികയ്ക്ക് വേണ്ടി ലേഖകൻ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ 
‘ഒരച്ഛൻ മകൾക്കയച്ച കത്തുകളി’ലൂടെയാണ് ഭാരത ജനത ഇന്ദിരാ പ്രിയദർശിനിയെക്കുറിച്ചു അറിഞ്ഞു തുടങ്ങിയത്. ലോകം ഒരു കുടുംബമാണെന്ന് ചിന്തിക്കാനും അതിനുസൃതമായി പ്രവര്‍ത്തിക്കാനും പ്രേരകമാവുമെന്ന ആമുഖത്തോടെ ജവഹർലാൽ നെഹ്‌റു പത്തുവയസുള്ള മകൾ ഇന്ദിരക്ക് ജയിലിൽ നിന്നെഴുതിയ കുറിപ്പുകളാണ് കളാണ് ,’ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ‘. മുപ്പത്തിയൊന്ന് അധ്യായങ്ങളിലായി ലോകത്തില്‍ ഏത് കുട്ടിക്കും അറിവ് പകരുന്ന  വിവരങ്ങൾ. കഥകളിലൂടെയും സംഭവങ്ങളിലൂടെയും ആധികാരികമായ വിവരങ്ങള്‍ കുട്ടികൾക്ക് മനസ്സിലാകുന്ന ഭാഷയിലാണ്   ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍’ ജവഹർലാൽ നെഹ്രു തയ്യാറാക്കിയത്. ഭാരതത്തിൻറെ ആദ്യ പ്രധാനമന്ത്രി, രാജ്യത്തിൻറെ വികസനത്തിൻറെ പടവുകൾ ഒന്നൊന്നായി വിഭാവന ചെയ്ത അസാധാരണ പ്രതിഭ, ചേരിചേരാ നയത്തിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിന് ഉന്നതമായ സ്ഥാനം വളർത്തിയെടുത്ത രാഷ്ട്രതന്ത്രജ്ഞൻ , ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി  (ലോകചരിത്രാവലോകനം), ഓട്ടോബയോഗ്രഫി (ആത്മകഥ) ഡിസ്കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തല്‍)  തുടങ്ങിയ മഹത്തായ കൃതികളുടെ രചയിതാവ് , ഭരണനിപുണൻ ഇവയൊക്കെയായിരുന്ന ജവാഹർലാൽ നെഹ്‌റു മകൾ ഇന്ദിരാപ്രിയദർശിനിക്കെഴുതിയകത്തുകൾ ലോകമെമ്പാടുമുള്ള കുട്ടികൾക്കുള്ള അറിവിൻറെ സ്നേഹസന്ദേശങ്ങൾ ആയിരുന്നു.
പിതാവിനോടൊപ്പം ലോകരാഷ്ട്രങ്ങൾ സന്ദർശിക്കുകയും ലോകത്തിൻറെ വളർച്ച നേരിട്ടറിയുകയും ചെയ്ത ഇന്ദിരാഗാന്ധിയുടെ എക്കാലത്തെയും സ്വപ്നം ഭാരതത്തിൻറെ സമഗ്ര പുരോഗതിയായിരുന്നു. അതിനുവേണ്ടി അവസാനതുള്ളി രക്തം വരെയും അവർ പരിശ്രമിച്ചു.  സ്വന്തം ജീവരക്തം നാടിന് നൽകി വിടപറയുമ്പോഴും അവരുടെ ഹൃദയം രാജ്യപുരോഗതിക്കുള്ള സ്വപ്നങ്ങളുമായി തുടിച്ചുകൊണ്ടിരുന്നു.
ഒരു ജനുവരിയിലാണ് ഇന്ത്യയുടെ ഏറ്റവും ശക്തയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ  നേരിൽ കാണുന്നത്.
തുറന്ന വാഹനത്തിൽ റിപ്പബ്ലിക്ക് ദിനപരേഡിൽ അകലെ നിന്ന് അവരെ കാണുമ്പോൾ റോസാപൂവ്  പോലൊരു പ്രധാനമന്ത്രി എന്നാണ് മനസ്സ് പറഞ്ഞത്.
അവർ അത്രയ്ക്ക് സുന്ദരിയായിരുന്നു. പിന്നീട് അടുത്ത് കണ്ടപ്പോൾ ആ ചിന്ത അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു അവരുടെ പെരുമാറ്റം.
ന്യൂ ഡൽഹിയിലെ തണുത്ത ജനുവരിയിൽ അതിരാവിലെയുള്ള കൂടിക്കാഴ്ച.
സഫ്ദർജംഗ് മാർഗിലെ പത്താം നമ്പർ വസതിയിലെത്തുമ്പോൾ പ്രധാനമത്രിയുടെ അക്ബര്‍ റോഡിലുള്ള ക്യാമ്പ് ഓഫീസ്‌  സജീവമായിക്കഴിഞ്ഞു.
1982 ൽ പ്രധാന മന്ത്രി കേരളം സന്ദർശിക്കുന്നതിന് തൊട്ടുമുൻപ് അവരുമായുള്ള അഭിമുഖം ‘മലയാളനാട് രാഷ്ട്രീയ വാരിക’യിൽ പ്രസിദ്ധീകരിക്കണം എന്ന കാര്യത്തിൽ ചീഫ് എഡിറ്റർ എസ് .കെ. നായർക്ക് നിർബന്ധ മുണ്ടായിരുന്നു. അതുകൊണ്ടാണ് അന്ന് ദൽഹി രാഷ്ട്രീയത്തിൽ തിളങ്ങി നിന്നിരുന്ന എ ഐ സി സി ജനറൽ സെക്രട്ടറി വാസുദേവപ്പണിക്കരെ അത്തരമൊരു കൂടിക്കാഴ്ച ഒരുക്കാൻ എസ് കെ ചുമതലപ്പെടുത്തിയത്. ജി എൻ വില്യം ഡൽഹി പ്രതിനിധിയായി ഉണ്ടായിരുന്നെങ്കിലും ഒരു നിയോഗമെന്നപോലെ ദൗത്യം ഏറ്റെടുക്കേണ്ടിവന്നു.
മുപ്പത്തിയഞ്ച് വർഷങ്ങൾക്കു മുൻപ് ഇന്ദിരാ ഗാന്ധി പറഞ്ഞ വാക്കുകൾക്ക് ഇന്നും പ്രസക്തിയുണ്ട് .
റോസ് നിറത്തിലുള്ള സാരിയും സ്കാർഫും ചുറ്റി എത്തിയ ഭാരതത്തിൻറെ പ്രധാനമന്ത്രിയെ ഇത്ര അടുത്തുകാണുന്നതും ഒരുവാക്ക് ചോദിക്കുന്നതും  ആദ്യം. ആരെയും അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വം. റോസാപ്പൂ പോലൊരു പ്രധാനമന്ത്രി. മനസ് പറഞ്ഞു.
ജനാർദ്ദൻ താക്കൂർ , നിഖിൽ ചക്രവർത്തി തുടങ്ങിയ മുതിർന്ന പത്രപ്രവർത്തകർക്കൊപ്പം ഒരു പ്രസ് മീറ്റ്. ടൈപ്പ് ചെയ്ത പത്രക്കുറിപ്പ് വിതരണം ചെയ്യുമ്പോഴും ഇന്ദിരാ ഗാന്ധി  സംസാരിച്ചുകൊണ്ടിരുന്നു.
ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു , നാണയപ്പെരുപ്പവും തൊഴിലില്ലായ്മയും നമ്മുടെ ജീവിതക്രമങ്ങളെയാകെ തകിടം മറിക്കുന്നതിനെക്കുറിച്ചു . അയൽരാജ്യങ്ങൾ മാരകമായ യുദ്ധോപകരണങ്ങൾ വാങ്ങിക്കൂട്ടി നമ്മെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചു.  ഭാരതത്തിൻറെ വികസനത്തെ കുറിച്ചാണ് അവർ ഏറെയും പറഞ്ഞത് . പരസ്പര സഹകരണം കൂടാതെ രാഷ്ട്രങ്ങൾക്ക് നിലനിൽപ്പില്ല എന്ന് 35 വർഷങ്ങൾക്ക് മുൻപ് അവർ തിരിച്ചറിഞ്ഞു.
അന്നവർ മുന്നിൽ കണ്ട കാര്യങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്. കാര്യങ്ങൾ ഒന്നൊന്നായി പറയുമ്പോഴും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി പറയാൻ അവർ തയ്യാറായി.
അവർ പറഞ്ഞു: “നമുക്ക് തീർച്ചയായും സാമ്പത്തിക പ്രശ്നങ്ങളുണ്ട്. എന്നാൽ കഴിഞ്ഞ കുറെ മാസങ്ങൾ കൊണ്ട് ചില പ്രധാനപ്പെട്ട നേട്ടങ്ങൾ കൈവരിക്കുവാൻ നമുക്ക് കഴിഞ്ഞു. പുരോഗതിയെക്കുറിച്ചു സ്വപ്നം കാണുവാൻ തീർച്ചയായും നമുക്ക് അവകാശമുണ്ട്. ആ വിശ്വാസത്തോടെ നമുക്ക് മുന്നോട്ടുപോകാം. അനേകം പ്രശ്നങ്ങൾ നമ്മുടെ മുന്നിലുണ്ടെങ്കിലും അഭൂതപൂർവമായ പുരോഗതിയിലേക്കാണ് നാം നീങ്ങുന്നത്.നമ്മൾ സമാധാനത്തോടും സൗഹൃദത്തോടും കൂടി പ്രവർത്തിക്കുന്നു എന്ന് മാത്രമല്ല നമ്മുടെ വ്യാവസായിക രംഗത്തെ വൈവിദ്ധ്യ പൂർണ്ണമാക്കാനും വികസിപ്പിക്കാനും ഒരു ചട്ടക്കൂട് രൂപീകരിച്ചെടുക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.”
കാർഷികോൽപ്പാദനത്തിൽ നാം സ്വയം പര്യാപ്തത കൈവരിച്ചതായി അന്നവർ മനസ്സിലാക്കി. എന്നാൽ അവയുടെ അർത്ഥം നമ്മുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടു എന്നല്ല എന്നും വളരെ ദൂരം നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ടെന്നും അവർ വിശ്വസിച്ചു.
“ചരിത്രപരമായി ഉന്നത പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടേത്. നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ബലികഴിക്കാതെ മുന്നോട്ടു പോകാൻ നമുക്ക് കഴിയണം”. അവർ പറഞ്ഞു.
ഇന്ത്യയിൽ ചില ഭാഗങ്ങളിൽ ഉയർന്നു വന്ന വിഘടന വാദങ്ങളെക്കുറിച്ചു ‘തികച്ചും നിർഭാഗ്യകരം’ എന്നാണവർ പറഞ്ഞത്.
കോമൺവെൽത് പോലെയുള്ള ലോകസംഘടനകളെക്കുറിച്ചു തികഞ്ഞ ആദരവ് പുലർത്തിയിരുന്ന അവർ , ലോക സമാധാനത്തിനും പരസ്പര ധാരണക്കും വേണ്ടി ഇവയ്ക്ക് വളരെയേറെ ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നു.
“ഇന്ത്യ എന്തായിരുന്നു എന്ന് മനസ്സിലാക്കുവാനോ എന്താണെന്ന് അറിയുവാനോ നാം കടന്നുവന്ന കഷ്ടപ്പാടുകൾ നിറഞ്ഞ വഴിത്താരകളെക്കുറിച്ചു ബോധവാൻമാരാകാനോ നമ്മുടെ ജനങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നാം അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അവ എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ചും ഓരോ വ്യക്തിയും ചിന്തിക്കണമെന്നും രാജ്യപുരോഗതിക്കായി ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും അവർ ആഗ്രഹിച്ചു.
“നമ്മുടെ മിക്ക പ്രശ്നങ്ങളും നാം പരിഹരിച്ചുകഴിഞ്ഞു.എന്നാൽ ഈ ലോകത്തു ; ഈ ജീവിതത്തിൽ ഓരോ പരിഹാരവും സ്വയം ഓരോ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.നമുക്ക് മാത്രമല്ല, ലോകമെമ്പാടും ഇതാണ് സ്ഥിതി. നമ്മുടെ പ്രശ്നങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണെന്ന് മാത്രം. മനുഷ്യചരിത്രത്തിൽ എന്നത്തേതിനേയുംകാളേറെയായി ഇന്ന് രാജ്യങ്ങൾ പരസ്പരം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പരസ്പ്പര സഹകരണം കൂടാതെ ആർക്കും നിലനിൽപ്പില്ല.” അവർ പറഞ്ഞു.” ഭീകരപ്രവർത്തനവും വിഘടന വാദവും ഒന്നിനും പരിഹാരമല്ല.”
എന്നാൽ 1984 ഒക്‌ടോബര്‍ 31ന് പ്രസിദ്ധ ഐറിഷ് ചലച്ചിത്രപ്രവര്‍ത്തകനായ പീറ്റര്‍ ഇതിനോവുമായുള്ള അഭിമുഖത്തിന് ശേഷം സഫ്ദര്‍ജംഗ് റോഡിലെ വസതിയില്‍ നിന്നും അക്ബര്‍ റോഡിലുള്ള ഓഫീസിലേക്ക് നടന്നു നീങ്ങിയ ഇന്ദിരയെന്ന ധീരവനിത സ്വന്തം സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ് വീഴുകയായിരുന്നു. രണ്ടു ദിവസം മുൻപ് , ഒക്‌ടോബര്‍ 29ന് ഒറീസയിലെ ഒരു പൊതുസമ്മേളനത്തില്‍ ,  ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ദിര പറഞ്ഞു:
“ഞാന്‍ മരിക്കുകയാണെങ്കില്‍ എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ വളര്‍ച്ചക്ക് വേണ്ടിയും രാജ്യത്തെ സുശക്തവും ഊര്‍ജ്ജസ്വലവുമാക്കാന്‍ വേണ്ടിയും ഉപകരിക്കുമെന്നെനിക്കുറപ്പുണ്ട്“.
പഞ്ചാബിലെ ഭീകരവാദവും വിഘടന വാദങ്ങളും രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷിതത്വത്തിനുമുണ്ടാക്കിയ ഗുരുതരമായ ഭീഷണികളും സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും അവസാന നാളുകളിൽ ഇന്ദിരയെ വല്ലാതെ വേദനപ്പെടുത്തിയിരുന്നു.. 1984 മേയില്‍ സിക്ക് ഭീകരവാദികള്‍ അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രം കയ്യടക്കി താവളമാക്കിയതും സിക്ക് മതം സ്വാതന്ത്ര്യവും പരമാധികാര സ്വഭാവമുള്ളതുമാണെന്നുള്ള സിക്ക് ഭീകരന്‍ ഭിന്ദ്രന്‍ വാലയുടെ വെളിപ്പെടുത്തലും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്.
1984 ജൂണ്‍ ആദ്യവാരം നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ 83 പട്ടാളക്കാരുടെയും 493 സിക്ക് ഭീകരരുടെയും ജീവന്‍ അപഹരിച്ചു. സുവര്‍ണ്ണ ക്ഷേത്രം ഭീകരവാദികളില്‍ നിന്നും മോചിപ്പിക്കാനായെങ്കിലും അത് സിക്ക് ഭീകരരില്‍ ഉണ്ടാക്കിയ വിദ്വേഷവും പകയും 1984 ഒക്‌ടോബര്‍ 31ലെ ദാരുണ സംഭവത്തിലാണ് അവസാനിച്ചത്.
ഇന്ത്യയുടെ , സ്ത്രീത്വത്തിൻറെ ചൈതന്യവും ശക്തിയുമായിരുന്നു   ഇന്ദിര.
ആ ശക്തിയും ആത്മചൈതന്യവും  ഇന്ത്യക്കാരുടെ മനസില്‍ നിന്ന് ഒരിക്കലും മായുകയില്ല.
Share: