ഭിന്നശേഷിക്കാരുടെ ജീവിതം ഭദ്രമാക്കാന്‍ ഒന്നിക്കണം:മന്ത്രി ഇ ചന്ദ്രശേഖരന്‍

276
0
Share:

ഭിന്നശേഷിക്കാരുടെ ജീവിതം ഭദ്രമാക്കാന്‍ പൊതുസമൂഹം ഒന്നിക്കണമെന്ന് റവന്യു-ഭവനവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ദേശീയ വികലാംഗ പുനരധിവാസ പദ്ധതിഅനുസരിച്ചു മുച്ചക്ര വാഹനങ്ങളും ഉപകരണങ്ങളും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരെ പുറംലോകം കാണിക്കാതെ വീടിന്റെ അകത്തളങ്ങളില്‍ അടച്ചിടുന്ന പതിവ് ഇന്ന് കുറവാണെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മാറിയ സാഹചര്യത്തില്‍ അവസരങ്ങളേറെയാണ്. ഇത്തരക്കാരുടെ ജീവിതം ഭദ്രമാക്കുവാന്‍ മനുഷ്യസാധ്യമായ നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സര്‍ക്കാരിനൊപ്പം പൊതുസമൂഹത്തിനും കഴിയണമെന്നും മന്ത്രി പറഞ്ഞു.

കാസർഗോഡ് , കാറഡുക്ക, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്തുകളിലേയും കാസര്‍കോട് നഗരസഭയിലേയും ശാരീരികമായി അവശതയുള്ള 81 പേര്‍ക്കാണ് ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തത്. ഇതുകൂടാതെ ജില്ലയില്‍ നിര്‍മ്മിച്ചുകൊടുക്കുന്ന 258 വൈകല്യ സൗഹൃദ ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തയായവയുടെ താക്കോല്‍ദാനം, 616 ശ്രവണസഹായികള്‍, 154 ഓര്‍ത്തോട്ടിക് ഉപകരണങ്ങള്‍ എന്നിവയുടെ വിതരണവും, പുല്ലൂര്‍ പെരിയ സിഎച്ച്‌സിയില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ഫിസിയോതെറാപ്പി സെന്റര്‍, അന്ധരായവര്‍ക്കും വായനാ ശേഷിയില്ലാത്തവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കാസര്‍കോട് ഉദയഗിരിയില്‍ ടോക്കിംഗ് ലൈബ്രറി(ഓഡിയോ ലൈബ്രറി) എന്നിവയുടെ താക്കോല്‍ദാനവും ചടങ്ങില്‍ നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷതവഹിച്ചു. പൂര്‍ത്തികരിച്ച വൈകല്യ സൗഹൃദ ഭവനങ്ങളുടെ താക്കോല്‍ദാനവും ശ്രവണസഹായികളുടെ വിതരണോദ്ഘാടനവും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. പുല്ലൂര്‍ പെരിയ സിഎച്ച്‌സി ഫിസിയോ തെറാപ്പി സെന്ററിന്റെ താക്കോല്‍ദാനം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സംസ്ഥാന വികലാംഗ ക്ഷേമകോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍ നിര്‍വഹിച്ചു. ഓര്‍ത്തോട്ടിക് ഉപകരണങ്ങളുടെ വിതരണം സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടിയും ബഡ്‌സ് സ്‌കൂളുകള്‍ക്കുള്ള കമ്പ്യൂട്ടര്‍ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പും ടോക്കിംഗ് ലൈബ്രറിയുടെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടിയും ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂറും നിര്‍വഹിച്ചു.
കാസര്‍കോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.എ.പി ഉഷ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്് എം.ഗൗരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.എ ജലീല്‍, ഡിഎംഒ(ആരോഗ്യം) ഡോ.ദിനേശ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ സ്വാഗവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡീന ഭരതന്‍ നന്ദിയും പറഞ്ഞു.

Share: