നോബൽ സമ്മാനം 2017

566
0
Share:

റിഷി പി.  രാജൻ

 

മാധാനം, സാഹിത്യം, ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന പുരസ്‌കാരമാണ്‌ നോബൽ സമ്മാനം. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (ഏകദേശം ഏഴ് കോടിയോളം രൂപ) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു

സ്വീഡിഷ്‌ ശാസ്‌ത്രജ്ഞനായ ആൽഫ്രഡ് നോബൽ 1895 നവംബർ 27-ന്‌ തന്റെ വിൽപത്രത്തിൽ സ്വത്തിന്റെ കുറെ ഭാഗങ്ങൾ സ്വജനങ്ങൾക്ക് എഴുതിവെച്ചതിനു ശേഷം, ബാക്കി ഭാഗം സമാധാനം, സാഹിത്യം , ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, എന്നീ മേഖലകളിൽ ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ നൽകിയവർക്കുള്ള വാർഷിക പുരസ്‌കാരത്തിനു നീക്കിവെച്ചു. 1896-ൽ അദ്ദേഹത്തിന്റെ മരണശേഷമാണ്‌ ഈ സമ്മാനത്തുകയെക്കുറിച്ച്‌ പുറംലോകം അറിയുന്നത്‌. പക്ഷെ, വൻസമ്പത്തിനുടമയായിരുന്ന അവിവാഹിതനായ നോബലിന്റെ സ്വത്തുവകകളുടെ വലിയൊരു ഭാഗം ഇത്തരമൊരു സമ്മാനത്തുകയ്‌ക്ക്‌ വേണ്ടി ഉപയോഗിക്കുന്നതിനെ അദ്ദേഹത്തിന്റെ കുടുംബക്കാർ ശക്തമായി എതിർത്തു. ഈ എതിർപ്പും തുടർന്നുണ്ടായ പ്രശ്‌നങ്ങളും കാരണം നോബൽ സമ്മാനം നടപ്പിലാക്കുന്നതിന് കാലവിളംബം നേരിട്ടു. 1901-ലാണ് ആദ്യമായി പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.

ഐ ക്യാന് സമാധാനത്തിനുള്ള നോബല്‍

ആണവായുധ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന ഐക്യാന് ( ICAN – International Campaign to Abolish Nuclear Weapons ) സമാധാനത്തിനുള്ള നോബല്‍ സമ്മാനം. നൂറിലേറെ രാജ്യങ്ങളിലെ സമാനചിന്താഗതിയുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ഐ ക്യാന്‍ .  ആണവായുധങ്ങളില്ലാത്ത പുതിയ ലോകം എന്ന ചിന്തയുടെ പ്രചാരകരാണ് സംഘടന. ലോകത്ത് നിലവിലുള്ള 15000 ആണവായുധങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആസ്‌ത്രേലിയയില്‍ ആരംഭിച്ച സംഘടന 2007ല്‍ വിയന്നയിലാണ് ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങുന്നത്. ആണവായുധ നിരോധനത്തിനുള്ള യുഎന്‍ ഉടമ്പടി 122 രാജ്യങ്ങള്‍ സ്വീകരിച്ചപ്പോഴും ആണവായുധസജ്ജരായ യുഎസ്,റഷ്യ,ചൈന,ബ്രിട്ടന്‍,ഫ്രാന്‍സ് എന്നിവ ചര്‍ച്ചകളില്‍നിന്നും വിട്ടുനില്‍ക്കുന്നതായും നോബല്‍ കമ്മിറ്റി വിലയിരുത്തി. യുഎസ്,വടക്കന്‍ കൊറിയ എന്നിവ അടുത്തിടെ സൃഷ്ടിച്ച ആണവഅശാന്തിയുടെ അന്തരീക്ഷത്തില്‍ സമ്മാനത്തിന് ഏറെ പ്രസക്തിയുണ്ടെന്നും വിലയിരുത്തി.
ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന 101 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. 468 സംഘടനകളുടെ കൂട്ടായ്മയാണ് ഐസിഎഎന്‍ . മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സംഘടനയെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
2006 ല്‍ നൊബേലിന് അര്‍ഹരായ, ആണവയുദ്ധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഫിസിഷ്യന്‍മാരുടെ രാജ്യാന്തര സംഘടന (ഇന്റര്‍നാഷനല്‍ ഫിസിഷ്യന്‍സ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ന്യൂക്ലിയര്‍ വാര്‍) ഫിന്‍ലന്‍ഡില്‍ നടന്ന കോണ്‍ഗ്രസിലാണ് ഐസിഎഎന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കസുവോ ഇഷിഗുറോവിന്

ജാപ്പനീസ് നോവലിസ്റ്റ് കസുവോ ഇഷിഗുറോവിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം.
വിശ്വവുമായിവിളക്കി ചേര്‍ക്കപ്പെട്ടിരിക്കുന്ന നമ്മുടെ അഗാധമായ മിഥ്യാധാരണ വിളിച്ചോതുന്ന വിശ്രുതമായ വൈകാരിക ശക്തിയുടെ നോവല്‍ രചയിതാവ് എന്നറിയപ്പെടുന്ന കസുവോ ഇഷിഗുറോവിൻറെ റിമൈന്‍സ് ഓഫ് ദ ഡേ, നെവര്‍ ലെറ്റ് മി ഗോ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കിയാണ് നോബല്‍ സമ്മാനം. റിമൈന്‍സ് ഓഫ് ദ ഡേ സിനിമയായിട്ടുണ്ട്. എട്ട് ഗ്രന്ഥങ്ങളും നിരവധി തിരക്കഥകളും രചിച്ചിട്ടുണ്ട്. 64 കാരനായ ഇഷിഗുറോ ജാപ്പനീസ് വംശജനായ ഇംഗ്‌ളിഷ് നോവലിസ്റ്റ് ആണ്‌. നാഗസാക്കിയില്‍ ജനിച്ച ഇദ്ദേഹം അഞ്ചാം വയസു മുതല്‍ കുടുംബത്തോടൊപ്പം ബ്രിട്ടനിലാണ് താമസം.

സാമ്പത്തിക നൊബേല്‍ റിച്ചാര്‍ഡ് തലറിന്

ബിഹേവിയര്‍ ഇക്കണോമിക്‌സിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച് തലറിന് പുരസ്‌കാരം നല്‍കിയത്. ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറാണ് തലര്‍.
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളുമായി ബന്ധപ്പെട്ട ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് റിച്ചാര്‍ഡ്.
കരാറില്‍ ഏര്‍പ്പെടുന്നവരുടെ വ്യത്യസ്ത താല്‍പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടാം എന്നതുസംബന്ധിച്ച പഠനം നടത്തിയതിനാണ് ഒലിവര്‍ ഹാര്‍ട്ട്, ബെങ്റ്റ് ഹോംസ്‌ട്രോം എന്നിവര്‍ക്ക് കഴിഞ്ഞവര്‍ഷം സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.

രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം

ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ജാക് ദുബോഷെ, ജോവാച്ചിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹാന്‍ഡേഴ്‌സണ്‍ എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ജൈവതന്മാത്രകളുടെ പകര്‍പ്പെടുക്കുന്നതിനുള്ള ലളിതവും നൂതനവുമായ ക്രയോ ഇലക്‌ട്രോണ്‍ മൈക്രേസ്‌കോപ്പി എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

ബ്ലാക്ക് ഹോള്‍ ടെലിസ്‌കോപ്പ്: ഊര്‍ജ്ജതന്ത്രം നൊബേല്‍ മൂന്നു പേര്‍ക്ക്

പ്രപഞ്ചോല്‍പ്പത്തിയ്ക്ക് നിര്‍ണായക വഴിത്തിരിവുകളാകാവുന്നവിധം ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടുപിടിച്ച മൂന്ന് അമേരിക്കന്‍ ഊര്‍ജ്ജ തന്ത്ര ശാസ്ത്രജ്ഞര്‍ക്ക് ഊര്‍ജ്ജതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം- റെയ്‌നര്‍ വെയ്‌സ്, ബാരി സി ബാരിഷ്, കിപ് എസ് തോണ്‍ എന്നിവര്‍ക്ക്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരു നൂറ്റാണ്ടുമുമ്പ് പ്രവചിച്ച തന്റെ ആപേക്ഷിക സിദ്ധാന്തത്തില്‍ വിവരിക്കുന്ന തരംഗങ്ങളെ ഭൗതിമായി അളക്കാന്‍ കഴിയുന്ന നിരീക്ഷണ യന്ത്രമായ LIGOയ്ക്ക് ഇവര്‍ നിര്‍ണായക സംഭാവന നല്‍കി.
പ്രപഞ്ചത്തിന്റെ സ്ഥലകാലത്തിന്മേല്‍ സംഭവിക്കുന്ന ഓളങ്ങളാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍. അത് പ്രപഞ്ചത്തില്‍ ഉണ്ടാകുന്ന അന്ത്യന്തം പ്രക്ഷുബ്ധവും ഊര്‍ജ്ജസ്വലവുമായ പ്രക്രിയയാണെന്ന് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (Caltech) പറയുന്നു.
ഏറ്റവും ശക്തിമത്തായ ഊര്‍ജ്ജ തരംഗങ്ങള്‍ ജനിക്കുന്നത് തമോഗര്‍ത്തങ്ങള്‍ തമ്മിലിടിക്കുന്നതുപോലുള്ള സന്ദര്‍ഭങ്ങളിലാണ്. ലിഗോ ഡിക്ടെറ്ററിനെ ബ്ലാക്ക് ഹോള്‍ ടെലിസ്‌കോപ്പെന്ന് വിളിക്കാം. ഇതുവരെ ശാസ്ത്രലോകത്തിന് കാണാന്‍ കഴിയാതിരുന്നത് ഇതുവഴി കാണും.

2015 സെപ്റ്റംബര്‍ 14ന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ആദ്യമായി രേഖപ്പെടുത്തിയാതി നൊബേല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരു നൂറ്റാണ്ടുമുമ്പു പ്രവചിച്ച തരംഗങ്ങള്‍ രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചുണ്ടായതാണ്. ആയിരത്തി മുന്നൂറു കോടി വര്‍ഷങ്ങളെടുത്തു യുഎസിലെ ലിഗോ ഡിക്ടറ്ററില്‍ ഈ തരംഗം എത്താന്‍.
ഭൂമിയിലെത്തുമ്പോള്‍ ഈ സിഗ്നല്‍ അങ്ങേയറ്റം ദുര്‍ബലമായിരുന്നു. എന്നാല്‍ ഇത് ആസ്‌ട്രോ ഫിസിക്‌സില്‍ വലിയൊരു വിപ്ലവമാണ് – കമ്മിറ്റി പറഞ്ഞു.
ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ പ്രപഞ്ചത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സംഭവങ്ങളെ പരീക്ഷിക്കുന്നതിനും നമ്മുടെ അറിവിന്റെ പരിമിതകള്‍ ബോധ്യപ്പെടുന്നതിനുമുള്ള പുതിയ മാര്‍ഗ്ഗമാണ്.
അവാര്‍ഡ് തുകയുടെ പകുതി മസ്സാച്യുസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വെയ്‌സിനും മറുപകുതി Caltechലെ ബാരിഷിനും തോണിനും ലഭിക്കും.
ഈ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ നാലുപതിറ്റാണ്ടായി ആയിരം ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിച്ചതായി വെയ്‌സും നൊബേല്‍ സമിതിയും പറഞ്ഞു.

നോബൽ സമ്മാനം നേടിയ ഭാരതീയർ

1913-ൽ സാഹിത്യത്തിനു സമ്മാനിതനായ രബീന്ദ്രനാഥ ടാഗോർ
1930-ൽ ഊർജ്ജതന്ത്രത്തിനു നോബൽ സമ്മാനം നേടിയ സി.വി. രാമൻ
1968-ൽ ശാസ്ത്രത്തിനു നോബൽ സമ്മാനം പങ്കിട്ട ഹർഗോവിന്ദ് ഖുറാന
1979-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മദർ തെരേസ (യുഗോസ്ലാവിയയിലാണ്‌ ജനിച്ചതെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ചു)
1983-ൽ ഊർജ്ജതന്ത്രത്തിനു  നോബൽ സമ്മാനം പങ്കിട്ട സുബ്രഹ്മണ്യം ചന്ദ്രശേഖർ
1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമർത്യ സെൻ
2009-ലെ രസതന്ത്രത്തിനുള്ള പുരസ്ക്കാരം പങ്കുവെച്ച വെങ്കടരാമൻ രാമകൃഷ്ണൻ
2014-ൽ സമാധാനത്തിനുളള പുരസ്കാരം പങ്കുവെച്ച ‎കൈലാഷ് സത്യാർത്ഥി

Share: