സ്വയംതൊഴില്‍ വായ്‌പക്ക്‌ അപേക്ഷ ക്ഷണിച്ചു

Share:

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്‌പാ സഹായത്തോടെ നടപ്പിലാക്കുന്ന 30000 രൂപ പദ്ധതി തുകയുള്ള സ്വയംതൊഴില്‍ പദ്ധതി ലഘു വ്യവസായ യോജനയില്‍ വായ്‌പ അനുവദിക്കുന്നതിനായി ഇടുക്കി ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ 18നും 50നും മധ്യേ പ്രായമുള്ളവരും കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയിലും നഗരപ്രദേശങ്ങളില്‍ 120000 രൂപയിലും കവിയാന്‍ പാടില്ല. അനുവദനീയമായ വായ്‌പ തുകയ്‌ക്കുള്ളില്‍ വിജയസാധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന്‌ ഏര്‍പ്പെടാം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്‌തു ജാമ്യമോ ഹാജരാക്കണം. കോര്‍പ്പറേഷനില്‍ നിന്നും മുമ്പ്‌ ഏതെങ്കിലും സ്വയംതൊഴില്‍ വായ്‌പ ലഭിച്ചവര്‍ (മൈക്രോ ക്രെഡിറ്റ്‌ ലോണ്‍/ മഹിള സമൃദ്ധി യോജന ഒഴികെ) വീണ്ടും അപേക്ഷിക്കാന്‍ അര്‍ഹരല്ല. വായ്‌പ തുക ആറ്‌ ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച്‌ വര്‍ഷം കൊണ്ട്‌ തിരിച്ചടക്കണം.

താല്‍പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862- 232365.

Share: