ചരിത്രത്തിൽ …ആദ്യം – രാജൻ പി. തൊടിയൂർ

Share:

1984 ഓഗസ്റ്റ് ഒന്നിന് അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരൻ , വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ കെ . രവീന്ദ്രനാഥൻ നായർക്ക് ആദ്യ പ്രതി നൽകി ‘കരിയർ മാഗസിൻ ‘ പ്രകാശനം ചെയ്തു. പത്രപ്രവർത്തകനും പി എസ് സി അംഗവുമായിരുന്ന തെങ്ങമം ബാലകൃഷ്ണൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ വി കൃഷ്ണവാരിയർ, പ്രൊഫ. ശ്രീനിവാസൻ, പന്തളം സുധാകരൻ, നൂറനാട് ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു.

മലയാള പ്രസിദ്ധീകരണരംഗത്തു ഒരു പുത്തൻ തുടക്കം.- ആദ്യത്തെ തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണം. അത്തരമൊരു സംരംഭത്തിന് തുടക്കമിടാനും വിജയകരമായി അത് നടത്തിക്കൊണ്ടു പോകാനും സഹായിച്ച, സഹകരിച്ച ഒട്ടേറെ പേരുണ്ട് .

രഘു കെ തഴവ , എസ്. രാജ്‌മോഹൻ, ബി സുരേഷ് കുമാർ, രാജീവ് പെരുമ്പുഴ, പ്രശാന്ത് ചിറക്കര, ജോയ് പെരേര, രാജൻ മനപ്പള്ളി, ജി രാധാകൃഷ്ണൻ, ഗോപാലകൃഷ്ണ്പിള്ള, ഷൈലജ, ഉഷാകുമാരി, തുടങ്ങിയവരോടൊക്കെ നന്ദി പറയാതെ ഈ രചന പൂർത്തിയാവില്ല. ഇതൊരു സ്വപ്ന സാക്ഷാത്കാരത്തിൻറെ ഓർമ്മക്കുറിപ്പാണ്.

കരിയർ മാഗസിൻ മലയാള പ്രസിദ്ധീകരണ രംഗത്ത് ഒരു ചരിത്ര സംഭവമായി മാറിയത് യാദൃശ്ചികം . കേരളത്തിൽ നിന്നും വിദേശത്തെത്തുന്ന , നാല് രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കുന്ന, ആദ്യ പ്രസിദ്ധീകരണം എന്ന മഹത്വവും കരിയർ മാഗസിനുണ്ട് . ദുബായ് , ജർമ്മനി, റഷ്യ, ലെബനൻ എന്നീ ര്യാജ്യങ്ങളിൽ ‘കരിയർ മാഗസിൻ’ പ്രസിദ്ധീകരിച്ച വോഗ് പബ്ലിഷിങ്ങിനും അതിൻറെ സാരഥികളായ എലി ഖോയൂരി , അലൻ ഖോയൂരി, എലീന ബോറിസോവ തുടങ്ങിയവരോടും കടപ്പെട്ടിരിക്കുന്നു.

ഒക്കെയും പ്രപഞ്ച ശക്തിയുടെ നിയോഗം.

നന്ദി. എല്ലാവർക്കും . ലോകമെമ്പാടുമുള്ള വായനക്കാർക്കും.എഴുത്തുകാർക്കും. എല്ലാറ്റിനും.

കരിയർ മാഗസിൻ കേരളത്തിലെ ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് പ്രയോജനപ്പെട്ടു എന്ന് പറഞ്ഞ പെൺകുട്ടി. (‘ഗൂഗിൾ ജമിനി’യും അതുതന്നെ പറയുന്നു) ‘തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ കേരളത്തിൽ’ എന്നതിനെക്കുറിച്ച് റിസർച്ച് നടത്തി ഡോക്ടറേറ്റ് നേടിയ പെൺകുട്ടി.

1984 നു ശേഷം കേരളത്തിൽ ഉണ്ടായ ഇരുപതോളം തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ!
അതിലൂടെ ജീവിതവിജയം നേടിയ ലക്ഷക്കണക്കിന് യുവതി യുവാക്കൾ.
അതാണ് എൻറെ വിജയം എന്ന് പലപ്പോഴും തോന്നാറുണ്ട്.

കരിയർ മാഗസിൻ ഒരാൾക്കെങ്കിലും പ്രയോജനകരമായി തീർന്നാൽ അതാണ് വലുത് എന്ന് ഡോക്ടർ സുകുമാർ അഴീക്കോടിനോട് പറയാൻ തോന്നിയ മനസ്സ്. ഒരു മലയാളം പ്രസിദ്ധീകരണത്തിന് ഇംഗ്ലീഷ് തലക്കെട്ട് യോജ്യമല്ല അല്ല എന്ന അദ്ദേഹത്തിൻറെ വാക്കുകൾ.. ഒരാൾക്ക്, ഒരാൾക്ക് അത് പ്രയോജനപ്പെട്ടെങ്കിൽ ജീവിതം ധന്യമായി…..അതായിരുന്നു അമ്മ പറഞ്ഞത്, “നീ ചെയ്യുന്ന കാര്യം ഒരാൾക്കെങ്കിലും പ്രയോജനം ചെയ്യണം!”

ചില ചെറിയ സന്തോഷങ്ങളാണ് ജീവിതത്തിൽ എന്നും ഓർക്കുന്ന വലിയ സാഫല്യങ്ങളായി മാറുന്നതെന്ന് പറയാറുണ്ട്.

തിക്കുറുശിയുമായി ഏറെ അടുക്കാനും അദ്ദേഹത്തിൻറെ ‘പാരഡി’ കവിതകൾ കേൾക്കാനും അവസരങ്ങൾ ഉണ്ടായത് കെ ജി സേതുനാഥ്‌മായി അദ്ദേഹത്തിൻറെ വീട്ടിൽ പോയി തുടങ്ങിയ കാലത്താണ്.

പിന്നീട് എത്രയോ സിനിമാ താരങ്ങൾ, സൗഹൃദങ്ങൾ, മലയാളനാട് സിനിമ വരിക ഒരുക്കിത്തന്നു ! അന്തർദേശീയ ചലച്ചിത്രോത്സവങ്ങൾ തുറന്നു തന്നു!!!

“അസ്സേ” , എന്ന് വിളിക്കുന്ന പ്രേം നസീർ, എപ്പോഴും ഗൗരവം സൂക്ഷിക്കുന്ന മധു, എൻറെ മുഖചിത്രം എന്നച്ചടിക്കും എന്ന ചോദ്യവുമായി പരിചയപ്പെട്ട മമ്മൂട്ടി, മോഹൻലാൽ, ജഗതി ശ്രീകുമാർ, വേണു നാഗവള്ളി, ബാബു ആന്റണി , നെടുമുടി വേണു, ശ്രീനാഥ്, ജോയ് മാത്യു, മധുപാൽ തുടങ്ങി ഓറീസ് ഏർ ഹ്യൂറോ, ,സിന്ധ്യ ഫിലിപ്സ്, ഫീദ്രാ പാർഡ്യൂ, നീൽ സ്റ്റീഫൻസൺ, ക്രിസ് കാമറോൺ തുടങ്ങിയ ഹോളിവുഡ് താരങ്ങളും ചലച്ചിത്ര നിർമ്മാതാക്കളും സംവിധായകരും…..

ചരിത്രനിയോഗം

ഒരു പിറവി, ചരിത്രത്തിൻറെ നിയോഗമാകുന്നു എന്നാദ്യം ഓർമിപ്പിച്ചത് ഡോ. ജോർജ്ഓണക്കൂറാണ്. ചരിത്രത്തിൻറെ ഭാഗമാകുന്നതും. അദ്ദേഹം പറഞ്ഞുതന്നു.

കൊല്ലം ബീച്ചിൽ സാക്ഷരതായോഗത്തിൽ പങ്കെടുക്കാനെത്തിയ ഒരുവൈകുന്നേരം ദേഹത്തോട്ചേർത്തു പിടിച്ചു വാത്സല്യത്തോടുകൂടി ജോർജ് സാർ പറഞ്ഞു ” മലയാള പത്രപ്രവർത്തനചരിത്രത്തിൽ ഒരിടംനേടിയെടുത്തത്, രാജൻ, ചരിത്രത്തിൻറെ ഭാഗമായിക്കൊണ്ടാണ് . ‘കരിയർമാഗസിൻ ‘ ചരിത്രമാണ് . മലയാളത്തിലെ ആദ്യത്തെതൊഴിൽ – വിദ്യാഭ്യാസമാസിക” .

ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിനാല് ഓഗസ്ററ് ഒന്നിന് മുൻപ് അത്തരമൊരു പ്രസിദ്ധീകരണത്തെക്കുറിച്ചു ആരും ചിന്തിക്കാതിരുന്നത് ചരിത്രത്തിൻറെ തീരുമാനങ്ങളിൽഒന്നായിരിക്കാം.
അതിനുശേഷം, പക്ഷെ, തൊഴിൽ – വിദ്യാഭ്യാസപ്രസിദ്ധീകരണങ്ങളുടെ മലവെള്ളപ്പാച്ചിൽ മലയാളത്തിലുണ്ടായി.
‘കരിയർമാഗസിൻ ‘ മലയാളത്തിലെ ഏറ്റവും പ്രയോജനപ്രദമായപത്രമാണെന്ന് പറഞ്ഞ ഡോ. സുകുമാർഅഴിക്കോട് ഒരുകാര്യത്തിൽവിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു . അതിൻറെ തലക്കെട്ടിനോട് . അതദ്ദേഹംഎഴുതി ‘ഇംഗ്ലീഷ് വാക്കുകൾ, മലയാളം പോലെ ഉപയോഗിക്കുന്നത് അപകടകരമായ ഒരവസ്ഥയുണ്ടാക്കും എന്നായിരുന്നു ആദ്ദേഹം പറഞ്ഞത് , അത് സത്യമായി.

കരിയർമാഗസിൻറെ ചുവടൊപ്പിച്ച് ധാരാളം പ്രസിദ്ധീകരണങ്ങൾ മലയാളത്തിൽ ഉണ്ടായി എന്നുമാത്രമല്ല പലരും ‘കരിയർ’ എന്ന ഇംഗ്ലീഷ് വാക്ക് അതേ പോലെ പകർത്തിയാണ് തലക്കെട്ടുണ്ടാക്കിയതും!

നൂറിലേറെവർഷംപഴക്കമുള്ള പത്രമുത്തശ്ശി പോലും ‘കരിയർമാഗസിൻ’ എന്ന തലക്കെട്ട്‌ അനുകരിച്ചു . കരിയർ ദീപിക , യുനിവേഴ്സൽ കരിയർ മാഗസിൻ , കരിയർ കേരള എന്നിങ്ങനെ തലക്കെട്ട്‌ അതേപടി അനുകരിച്ച് ഒരുകൂട്ടർ .

ഡോ. സുകുമാർഅഴീക്കോട്‌ ഭയന്നതുപോലെ, ‘കരിയർ’എന്നവാക്ക്, മലയാളം പോലെ ഉപയോഗിക്കുന്ന അവസ്ഥ കേരളത്തിലുണ്ടായി .
പത്തു വർഷങ്ങൾക്കുള്ളിൽ ഇരുപതോളം തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളാണ് കേരളത്തിൽ ജന്മം കൊണ്ടത് . അത്തരമൊരു പ്രസിദ്ധീകരണത്തിൻറെ സാദ്ധ്യത മനസ്സിലാക്കി മലയാളത്തിലെ പ്രമുഖപത്രങ്ങളും തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളുമായി രംഗത്തിറങ്ങി .

42 വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധീകരണം ആരംഭിച്ച കരിയർ മാഗസിനിലെ പല ലേഖനങ്ങളും കുറിപ്പുകളും ഇപ്പോഴും ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും തീർച്ചയായും പ്രയോജനപ്പെടുന്നവയാണ്.

പ്രഗൽഭരായ വ്യക്തികൾ എഴുതിയ ലേഖനങ്ങൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്.

(തുടരും )

ചിത്രം : മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് : രാധാകൃഷ്ണൻ, രാജ്‌മോഹൻ, രാജീവ് പെരുമ്പുഴ , രഘു കെ. തഴവ, എം. സുരേഷ് കുമാർ എന്നിവരോടൊപ്പം

rajan@careermagazine.in

Share: