കോളേജ് ഫിലിം ക്ലബ്: രാജൻ പി തൊടിയൂർ

കോളേജ് ഫിലിം ക്ലബ്: സിനിമാ പഠനത്തിൻറെ സർവകലാശാല:
ഫിലിം ക്ലബ് ഞങ്ങൾക്ക് സിനിമ കാണാനുള്ള ഒരു വേദി മാത്രമായിരുന്നില്ല.
അത് സിനിമ പഠിക്കാനുള്ള ഒരു സർവകലാശാലയായിരുന്നു.
വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ കാണുമ്പോൾ കഥ പറയാനുള്ള എത്രയോ രീതികൾ ലോകത്ത് ഉണ്ടെന്ന് മനസ്സിലായി. ഒരു സിനിമയ്ക്ക് വിനോദത്തിനപ്പുറം സാമൂഹികവും രാഷ്ട്രീയവും മാനുഷികവുമായ തലങ്ങളുണ്ടാകാമെന്ന് തിരിച്ചറിഞ്ഞു.
അടൂർ ഗോപാലകൃഷ്ണൻ, എം ടി വാസുദേവൻ നായർ , കെ പി കുമാരൻ, ഷാജി എൻ കരുൺ, കെ ആർ മോഹൻ, ടി കെ ലോറൻസ്, ഹരികുമാർ, പി എ ബക്കർ തുടങ്ങിയ ചലച്ചിത്രകാരന്മാർ ഞങ്ങളോടൊപ്പം നിന്നു. തോപ്പിൽ ഭാസി തിരക്കഥ വായിച്ചു പച്ചക്കൊടികാട്ടി.
പഥേർ പാഞ്ചാലി മുതൽ ചാർലി ചാപ്ലിൻറെ സിനിമകൾ വരെ . ന്യൂസ് പേപ്പർ ബോയിയും സ്വയംവരവും ബൈസിക്കിൾ തീഫും ക്യാബിനറ്റ് ഓഫ് ഡോ.കാലിഗറിയും ചർച്ചാവിഷയമായി.
സിനിമയെ വിമർശനാത്മകമായി കാണാനുള്ള ശീലം അവിടെ നിന്നാണ് വളർന്നത്.
പിന്നീട് ജനയുഗം വാരികയിലും മലയാളനാടിലും സിനിമാ നിരൂപണം എഴുതാനുള്ള ആത്മവിശ്വാസത്തിനും ആ അനുഭവങ്ങൾ അടിത്തറയായി.
അന്നത്തെ കേരളത്തിൻറെ സിനിമാ അന്തരീക്ഷം:
1970-കളിലെ കേരളം, സിനിമയിൽ വലിയ മാറ്റങ്ങളുടെ കാലത്തിലൂടെയായിരുന്നു കടന്നുപോകുന്നത്.
വാണിജ്യ സിനിമയ്ക്കൊപ്പം പുതിയ ചലച്ചിത്രബോധവും വളർന്നുവന്നു. ഫിലിം സൊസൈറ്റികൾ സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരു പുതിയ പ്രേക്ഷക സമൂഹത്തെ സൃഷ്ടിച്ചു. ലോകസിനിമയിലേക്കുള്ള കവാടം തുറന്നു.
സിനിമയെ വെറും വിനോദമെന്ന നിലയിൽ കാണാത്ത ഒരു തലമുറ വളരുകയായിരുന്നു.
ഞങ്ങളും അതിൻറെ ഭാഗമായി.
ആ അന്തരീക്ഷമാണ് ക്യാമ്പസിൽ നിന്ന് ഒരു സിനിമ സൃഷ്ടിക്കണമെന്ന ചിന്തയ്ക്ക് ധൈര്യം നൽകിയത്.
പരിമിതികൾക്കിടയിലെ നിർമ്മാണശ്രമം.
ഒരു ആശയം ഉണ്ടാകുന്നത് എളുപ്പമാണ്.
അതിനെ യാഥാർത്ഥ്യമാക്കുക എന്നതാണ് യഥാർത്ഥ പരീക്ഷ.
പണം കണ്ടെത്തണം. സാങ്കേതിക സഹായം വേണം. ഉപകരണങ്ങൾ വേണം. അഭിനയിക്കാൻ ആളുകൾ വേണം. ചിത്രീകരണത്തിനുള്ള സാഹചര്യം ഒരുക്കണം.
ഇന്നത്തെ പോലെ ഒരു മൊബൈൽ ഫോൺ എടുത്ത് സിനിമ ഷൂട്ട് ചെയ്യാവുന്ന കാലമായിരുന്നില്ല അത്.
ഓരോ ഘട്ടവും ഒരു വെല്ലുവിളിയായിരുന്നു.
എന്നാൽ ഓരോ തടസ്സവും പുതിയൊരു പാഠമായി.
സിനിമ നിർമ്മാണം എന്നത് സാങ്കേതിക വിദ്യ മാത്രമല്ല; മനുഷ്യരെ ഒരുമിച്ച് ഒരു സ്വപ്നത്തിന് പിന്നിൽ നിർത്താനുള്ള കഴിവുകൂടിയാണെന്ന് അന്ന് പഠിച്ചു.
ഒരു ക്യാമ്പസ് സ്വപ്നത്തിൻറെ അർത്ഥം:
1975-ൽ കോളേജ് ക്യാമ്പസിൽ നിന്ന് സിനിമ നിർമ്മിക്കാനുള്ള ശ്രമം ഞങ്ങൾക്ക് ഒരു സിനിമയുടെ നിർമ്മാണം മാത്രമായിരുന്നില്ല.
അത് ഒരു പ്രഖ്യാപനമായിരുന്നു:
സിനിമ സൃഷ്ടിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് എന്ന പ്രഖ്യാപനം.
സിനിമ ഒരു വ്യവസായമാണ്. അതേസമയം അത് ഒരു കലയും കൂടിയാണ്. സാങ്കേതികവിദ്യയുടെ ഉപയോഗം മാത്രമല്ല സിനിമ; ആശയവും സങ്കൽപ്പശക്തിയും മനുഷ്യബന്ധങ്ങളും ചേർന്നുള്ള ഒരു കൂട്ടായ സൃഷ്ടിയാണ്.
അന്ന് ഞങ്ങൾക്കുണ്ടായിരുന്നത് വലിയ സാമ്പത്തികശേഷിയല്ല.
ഉണ്ടായിരുന്നത് സ്വപ്നം കാണാനുള്ള ധൈര്യമായിരുന്നു.
പിന്നീടുള്ള യാത്രയുടെ ആദ്യ സൂചന…അതായിരുന്നു ‘ദി ഗ്യാപ് എന്ന ലഘു ചിത്രം!
(തുടരും)
ചിത്രം: തോപ്പിൽ ഭാസി
rajan@careermagazine.in






