ജയിക്കാൻ പത്ത് സൂത്രവാക്യങ്ങൾ – പി. വി. രവീന്ദ്രൻ

എല്ലാ യോഗ്യതകളും എല്ലാ കഴിവുകളും എല്ലാ തയ്യാറെടുപ്പും ഉണ്ടായിട്ടും ചിലർ ചെല്ലുന്ന ഇൻറർവ്യൂവിന് ഒക്കെ തോറ്റ് പോകുന്നത് എന്തുകൊണ്ടാണ്?
പലയിടത്തും പറഞ്ഞു കേൾക്കാനുള്ള കാര്യമാണത് .
ജോലിയില്ലാതെ അലയുന്നവരെ കുറിച്ച് മുതിർന്നവർ സഹതാപപൂർവം പറയാറുണ്ട്- “പാവം കുട്ടി, നന്നായി പഠിച്ച് പാസായി. നല്ല മാർക്കും പരീക്ഷകളിൽ കിട്ടി… എന്നിട്ടും ജോലിക്ക് ചെന്നാൽ മാത്രം ആർക്കും അവനെ വേണ്ട… പാവം.
(കൂട്ടത്തിൽ പറയട്ടെ ഈ സഹതാപത്തിന് വലിയ വിലയൊന്നുമില്ല. സഹായിക്കാൻ കഴിയുന്നവർക്ക് ഇവിടെ സഹതാപം തോന്നാറില്ല. സഹായിക്കാൻ കഴിയാത്തവരുടെ കുത്തകയാണ് സഹതാപം എന്ന ‘മുടക്കചരക്ക്.’ ആർക്കും അതുകൊണ്ട് ഗുണമുണ്ടാവില്ലല്ലോ!)
കാര്യമെന്തായാലും, കഴിവും യോഗ്യതയും ഉണ്ടായിട്ടും ജോലിയൊന്നും കിട്ടാതെ അലഞ്ഞു, പിന്നെയും അന്വേഷണം തുടരുന്ന നിർഭാഗ്യവാൻമാരിൽ പലരെയും നേരിട്ട് കണ്ട് പ്രശ്നം ചർച്ച ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞ ചില സുപ്രധാന വസ്തുതകളുണ്ട്. ഇൻറർവ്യൂ നടത്തുന്ന ഉന്നതന്മാരിൽ പലരുമായികൂടി ചർച്ച ചെയ്തപ്പോൾ, ആ വസ്തുതകൾക്ക് സ്ഥിരീകരണവും ലഭിച്ചു.
ഒറ്റ വാചകത്തിൽ പറഞ്ഞാൽ അത് ഇങ്ങനെ പോകുന്നു: മിക്കവർക്കും ഇൻറർവ്യൂവിലെ ചോദ്യങ്ങളുടെ ഉത്തരം അറിയാമെങ്കിലും അതെങ്ങനെ പറയണമെന്ന് അവർക്കറിയില്ല. പ്രകടനത്തിൻറ ഗുണപരമായ നിലവാരം എന്തെന്ന് പലർക്കും അറിയില്ല. നിർഭാഗ്യം എന്ന് പറയട്ടെ രണ്ട് അക്കങ്ങളോളം നീണ്ടുനിൽക്കുന്ന ബിരുദാനന്തര ബിരുദം വരെയുള്ള പാഠ്യക്രമങ്ങളിലൊന്നും അനിവാര്യമായ ഈ പരിശീലനം ഉൾപ്പെടുത്തിയിട്ടില്ല. എഴുതിയും വായിച്ചും പഠിക്കുന്നത് , എഴുതി ഫലിപ്പിക്കാനല്ലാതെ , പറഞ്ഞു ഫലിപ്പിക്കാനുള്ള ശേഷി , നമ്മുടെ ഇന്ത്യൻ സർവ്വകലാശാലകളിലെ വിവിധ കോഴ്‌സുകളിലൊന്നും വിദ്യാർഥികൾക്ക് കൈമാറുന്നില്ല. അതുകൊണ്ടുതന്നെ വിധിയുടെ ഗംഗാനദിയിൽ ഒഴുക്കപ്പെടുന്ന കർണ്ണ ൻമാരായി, സർവ്വകലാശാലകൾ വർഷംതോറും ജന്മം നൽകുന്ന ദശലക്ഷം യുവാക്കൾ മാറിക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷിൽ തെറ്റുകൂടാതെ പതിനായിരം വാചകങ്ങൾ എഴുതാൻ കഴിയുന്നവർക്ക് പോലും തെറ്റില്ലാതെ പത്തു വാചകംപറയാൻ കഴിയാതെ വരുന്നു.
കുറെനാൾ മുമ്പ് പ്രസിദ്ധമായ ഒരു പത്രത്തിൽ സബ് എഡിറ്റർ തസ്തികയിലേക്ക് ഇൻറർവ്യൂ നടത്തി. ബിരുദാനന്ദ ബിരുദധാരികളും ഒന്നാം ക്ലാസ് ബിരുദധാരികളും ആയിരുന്നു ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ഉദ്യോഗാർത്ഥികൾ. നിരവധി പേരിൽനിന്ന് ടെസ്റ്റ് നടത്തി വിലയിരുത്തി ശേഷം വിളിക്കപ്പെട്ടവരായിരുന്നു അവരെല്ലാം.
ഇതെഴുതുന്നവനും അന്ന് ഇൻറർവ്യൂ നടത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
പണ്ഡിതനും നിരൂപകനുമായ എഡിറ്ററുടെ ചോദ്യങ്ങൾക്ക് ഉദ്യോഗാർത്ഥികളിൽ ഓരോരുത്തരും ഭംഗിയായി തന്നെ മറുപടി പറഞ്ഞു. വേദങ്ങൾ, പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങൾ തുടങ്ങിയവയുടെ അടിത്തട്ടികളിലേക്ക് ഇറങ്ങിച്ചെന്ന് മർമ്മപ്രധാനമായ ചോദ്യങ്ങൾ ഉണ്ടായപ്പോൾ പോലും അവരാരും പതറിയില്ല.
കഠോപനിഷത്തിലെ നചികേതസാണ് പ്രപഞ്ചത്തിലെ ആദ്യത്തെ ഹിപ്പി എന്ന വാദത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ ഒരു ഉദ്യോഗാർത്ഥിയുടെ വ്യക്തമായ മറുപടി ഇങ്ങനെയായിരുന്നു- “ഹിപ്പിസം ഒരു വേഷവിധാനം അല്ല ഒരു മനോഭാവമാണ്. അങ്ങനെ നോക്കുമ്പോൾ നചികേതസിൻറേത് നിലനിൽപ്പിൻറെ വേദനയറിഞ്ഞ ആദ്യത്തെ മനുഷ്യജന്മവും ആയിരുന്നു. ഹിപ്പിസമെന്ന് ആഭാവത്തെ വിളിക്കാമെങ്കിൽ ഈ പുതിയ വാദം ശരിയാണ്”.
ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ…
ചോദ്യങ്ങൾക്ക് മുന്നിൽ പതറി പോയവർ മുഴുവൻ മറുപടി അറിയാത്തവരായിരുന്നില്ല. മറുപടി പറഞ്ഞ് ഫലി പ്പിക്കാൻ അറിയാത്തവരായിരുന്നു. അത് ഏറ്റവും ദയനീയവും ഭീകരവുമായി പ്രതിഫലിച്ചത് ഇംഗ്ലീഷിൽ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ്.
What is the relevance of Gandhism today ? (ഗാന്ധിയൻ സിദ്ധാന്തങ്ങളുടെ ഇന്നത്തെ പ്രസക്തി എന്താണ്?) എന്ന് ഇംഗ്ലീഷിൽ ഒരു ചോദ്യം എറിഞ്ഞപ്പോൾ നചികേതസിൻറെ നഷ്ടസ്വപ്നങ്ങളുടെ ഊഷ്മാവറിഞ്ഞവർ പോലും അമ്പരന്നു. ഇംഗ്ലീഷിലുള്ള ചോദ്യത്തിന് ഇംഗ്ലീഷിൽ തന്നെ മറുപടി പറയാനുള്ള കഴിവ് ആ കൂട്ടത്തിൽ മിക്കവർക്കും ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിൽ പറയാൻ ശ്രമിച്ചവർ പോലും പറയാൻ ശ്രമിക്കാതിരുന്നവരെക്കാൾ ദയനീയമായ ചിത്രമാണ് കാഴ്ചവച്ചത്. മിക്കവർക്കും വാക്കുകൾ കിട്ടിയില്ല. വാക്കുകൾ കിട്ടിയവർക്ക് അത് പരസ്പരം ഘഠിപ്പിക്കാൻ കഴിഞ്ഞില്ല. കഴിയാത്തവർക്ക് പ്രാഥമിക വ്യാകരണ നിയമം എങ്കിലും പാലിച്ച് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കൂട്ടത്തിൽ ഒരാൾ ഇംഗ്ലീഷിലുള്ള ചോദ്യത്തിന് മലയാളത്തിൽ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: “മദ്യം മുതൽ അഴിമതി വരെയുള്ളവയുടെ ശക്തമായ ബാക്ടീരിയകൾ അടിമുടി പിടിച്ചടക്കിയിരിക്കുന്ന നമ്മുടെ സമൂഹ ശരീരത്തിന് ഇന്നുള്ള ഏക ആന്റിബയോട്ടിക് ഗാന്ധിസം മാത്രമാണ്” .
( ഒന്നോർത്തു നോക്കൂ. ഇംഗ്ലീഷിലുള്ള ചോദ്യത്തിന് ഇതേ അത്യഗ്രൻ മറുപടി അയാൾക്ക് ഇംഗ്ലീഷിൽ തന്നെ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ ആ പെർഫോമൻസിൻറെ മാറ്റ് എത്ര വലുതാകുമായിരുന്നു! കൂട്ടത്തിൽ പറയട്ടെ ഇംഗ്ലീഷ് ഒരു വിദേശ ഭാഷയാണെന്നും അതിന് അത്രയ്ക്ക് പ്രാധാന്യം നൽകേണ്ടതില്ലെന്നും ഉള്ള ചിന്താഗതിയാണ് ഇപ്പോഴും നമ്മളിൽ ചിലർക്കുള്ളത് . പക്ഷെ കാലം മാറുന്നത് നമ്മൾ തിരിച്ചറിയണം. ലോകത്തിനൊപ്പം നീങ്ങണമെങ്കിൽ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നമ്മൾ തയ്യാറാകണം. എന്നാൽ സമൂഹം അങ്ങനെ അംഗീകരിക്കാൻ ഇനിയും തയ്യാറായിട്ടില്ല. അടുത്തെങ്ങും തയ്യാറാകുന്ന ലക്ഷണവും കാണുന്നില്ല. മണി മണി പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന ചെറുപ്പക്കാരൻ പ്രാപ്തിയുടെ പ്രതീകമായി ഇവിടെ നിലകൊള്ളുന്നു. അഭ്യസ്തവിദ്യയുടെയും തൊഴിൽദായകരുടെയും കണ്ണിലും ഈ കാഴ്ചപ്പാട് സ്ഥിരവാസത്തിലാണ്. എന്തായാലും ഇംഗ്ലീഷിൽ തെറ്റുകൂടാതെ നാലു വാചകം പറയാനുള്ള ശക്തി സമ്പാദിക്കേണ്ടത് ഒരു ഉദ്യോഗാർത്ഥിയെ സംബന്ധിച്ചിടത്തോളം, ഒരു ബിരുദം നേടുന്ന അത്രതന്നെ പ്രാധാന്യമുള്ളതാണ്. പുതിയ മാറ്റങ്ങൾ തിരിച്ചറിയുന്നതും.
( തുടരും )






