‘കരിയർ മാഗസിൻ’ തുടങ്ങി 40 വർഷങ്ങൾ കഴിയുമ്പോൾ ഒരു തിരിഞ്ഞുനോട്ടം.
എന്തിന്? എന്ന് ചോദിച്ചാൽ.മറുപടിയില്ല.
കരിയർ മാഗസിൻ തുടങ്ങിയത് എന്തിന്? എന്ന് ചോദിക്കുന്നതുപോലെ.

1984 ൽ കരിയർ മാഗസിൻ തുടങ്ങാനുള്ള തീരുമാനം എൻറെ പത്രപ്രവർത്തക ഗുരുവായ തെങ്ങമം ബാലകൃഷ്ണൻ സാറിനെ അറിയിക്കുമ്പോൾ അദ്ദേഹം എന്നോട് ചോദിച്ച ഒരു ചോദ്യമാണ്-
“എന്തിന്?
‘മധുരം’ നടത്തി ഒരു പരുവമായില്ലേ? ആരും വായിക്കാൻ ഇടയില്ലാത്ത ഒരു പ്രസിദ്ധീകരണം?”.

കോമ്പറ്റീഷൻ സക്സസ്റിവ്യൂവിൻറെയും കരിയർ ആൻഡ് കോമ്പറ്റീഷൻ ടൈസിൻറെയും എംപ്ലോയ്മെൻറ് ന്യൂസിൻറെയും ഉദാഹരണം പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു.

” കഥയും കവിതയും തുടർക്കഥയും നോവലും കാർട്ടൂണും ഇല്ലാത്ത ഒരു പ്രസിദ്ധീകരണം മലയാളികൾ സ്വീകരിക്കുമെന്ന് നിനക്കുറപ്പുണ്ടോ? എൻറെ അനുഭവം പറയുകയാണെങ്കിൽ, ഇല്ല. മലയാളികൾ അവിടെവരെ എത്തിയിട്ടില്ല”.

ജനയുഗം പത്രത്തിൻറെയും വാരികയുടെയും ബാലയുഗം, സിനിരമ, നോവൽ പതിപ്പ് എന്നിവയുടെയും ചീഫ് എഡിറ്റർ ആയ ശ്രീ തെങ്ങമം പറയുന്നതിൽ തെറ്റില്ല. അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. “പിഎസ്സിയുടെ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ നിൻറെ പേരുണ്ട് സർക്കാർ ജോലി കിട്ടും”.

ഞാൻ ഒരു പ്രസിദ്ധീകരണം തുടങ്ങണമെന്നും അതിൻറെ എഡിറ്റർ ആകണമെന്നും ഒരുകാലത്ത് എന്നോട് ആവശ്യപ്പെട്ടത് തെങ്ങമം ‘അങ്കിളാ’ണ്.

ജനയുഗം വാരികയിലും സിനിരമയിലും ബാലയുഗത്തിലും പത്രത്തിലുമൊക്കെ എഴുതിയത് കൊണ്ട് എനിക്ക് ഒരു പത്രപ്രവർത്തകൻ ആകാനുള്ള യോഗ്യതയുണ്ട് എന്ന ധാരണഅദ്ദേഹത്തിനുണ്ടായിരുന്നു.

അതുകൊണ്ടാണ് ജനയുഗം പ്രസിദ്ധീകരണത്തിൻറെ എഡിറ്റോറിയൽ ബോർഡിൽ ഞാൻ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ പാർട്ടിയിലെ ചിലർക്ക് അതിൽ യോജിപ്പില്ലായിരുന്നു .

പിന്നീട് മലയാളനാട് എഡിറ്റോറിയൽ ബോർഡിൽ ജോലിയാകുന്നു.

മലയാളനാട് രാഷ്ട്രീയ വരികയുടെയും സിനിമാ വരികയുടെയും പത്രാധിപരാകുന്നു.

മലയാളനാട് പ്രസിദ്ധീകരണത്തിൻറെ ചീഫ് എഡിറ്റർ എസ് കെ നായരുടെ ദേഹവിയോഗത്തോടെ മലയാളനാട് പ്രസിദ്ധീകരണങ്ങൾ നിലയ്ക്കുമ്പോൾ അതിൻറെ തന്നെ ഒരു പ്രസിദ്ധീകരണമായ ‘മധുരം വരിക’ ഏറ്റെടുത്ത് നടത്തുന്നു.

മധുരം ‘കൈപ്പാ’യപ്പോൾ, സർക്കാർ ജോലി മാത്രമാകാം എന്ന് കരുതി. കാരണം ജോലി കിട്ടും എന്നുള്ളത് എനിക്കും അറിയാമായിരുന്നു. പക്ഷേ എന്നോടൊപ്പം ഉള്ള സുഹൃത്തുക്കൾ…. പത്രാധിപസമിതിയിലും മറ്റും ജോലി ചെയ്യുന്ന ചെറുപ്പക്കാർ….?

എന്നാൽ ഒരു പരീക്ഷണം കൂടി ആകാം എന്ന് തീരുമാനിക്കുന്നു.

‘കരിയർ മാഗസിൻ’. മലയാളത്തിലെ ആദ്യത്തെ തൊഴിൽ വിദ്യാഭ്യാസ ബോധവൽക്കരണ പ്രസിദ്ധീകരണം.
എന്തുതന്നെയായാലും ഒരു പരീക്ഷണം കൂടി.

പ്രസിദ്ധീകരണ രംഗത്ത് ആരും കൈ വെക്കാൻ ധൈര്യപ്പെടാത്ത ഒരു മേഖല.
അന്ന് കുങ്കുമം വാരികയുടെ എഡിറ്റർ ആയിരുന്ന എൻ വി കൃഷ്ണവാരിയർ സാറും സ്നേഹത്തോടെ നിരുത്സാഹപ്പെടുത്തി.

“നമ്മൾ ഇത് മുഖ്യമന്ത്രിയെ കൊണ്ട് പ്രകാശനം ചെയ്യിക്കും”.
അന്ന് എംഎൽഎ ആയിരുന്ന പന്തളം സുധാകരൻ ആ ജോലി ഏറ്റെടുത്തു.

ആദ്യത്തെ ലേഖനം കെ എ അബ്ബാസിനെ കൊണ്ട് എഴുതിപ്പിച്ചു.

മലയാളനാട് രാഷ്ട്രീയ വാരികയിലൂടെ ലഭിച്ച പരിചയം.
ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ പത്രപ്രവർത്തകനും തിരക്കഥാകൃത്തും. കെ എ അബ്ബാസ് എഴുതി.

തൊഴിൽ തെരഞ്ഞെടുക്കുമ്പോൾ.

പത്രപ്രവർത്തകൻ, നോവലിസ്റ്റ്, തിരക്കഥാകൃത്ത്. സിനിമ സംവിധായകൻ.
ഇന്ത്യയിൽ ഏറ്റവും അറിയപ്പെടുന്ന സംവിധായകരിൽ ഒരാളായിരുന്നു. കെ എ അബ്ബാസ്. കാൻ ഫെസ്റ്റിവലിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ‘സാത് ഹിന്ദുസ്ഥാനി’ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ. ഇന്ത്യൻ സമാന്തര സിനിമയുടെ പ്രതിനിധി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഉർദു,ഹിന്ദി ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ധാരാളം എഴുതി.

മലയാളനാട് രാഷ്ട്രീയ വാരിയുടെ പത്രാധിപരായി പ്രവർത്തിക്കുമ്പോൾ ഉള്ള ഡൽഹി യാത്രയിലാണ്. അദ്ദേഹത്തെ പരിചയപ്പെടുന്നത്.

‘കരിയർ മാഗസിൻ’ എന്നൊരു പ്രസിദ്ധീകരണം തുടങ്ങുന്നു എന്നറിയിച്ചപ്പോൾ അദ്ദേഹം ഒരു ഇംഗ്ലീഷ് ലേഖനം അയച്ചുതന്നു. ‘തൊഴിൽ തെരഞ്ഞെടുക്കുമ്പോൾ’. കരിയർ മാഗസിന്‍റെ ആദ്യ ലേഖനമായി പ്രസിദ്ധീകരിക്കുന്നത് കെ എ അബ്ബാസിൻറെ ലേഖനമാണ്.

ആ ലേഖനത്തിന് ഇന്നും പ്രസക്തിയുണ്ട്. 40 വർഷങ്ങൾക്ക് ശേഷവും!

‘തൊഴിൽ തെരഞ്ഞെടുക്കുമ്പോൾ’ എന്ന ലേഖനം പുനഃ പ്രസിദ്ധീകരിക്കുന്നു.

40 വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധീകരണം ആരംഭിച്ച കരിയർ മാഗസിനിലെ പല ലേഖനങ്ങളും കുറിപ്പുകളും ഇപ്പോഴും ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും തീർച്ചയായും പ്രയോജനപ്പെടുന്നവയാണ്.

പ്രഗൽഭരായ വ്യക്തികൾ എഴുതിയ ലേഖനങ്ങൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അത് പ്രയോജനം ചെയ്യും എന്നുള്ളതുകൊണ്ട് ലേഖനങ്ങളും കുറിപ്പുകളും പുനഃ പ്രസിദ്ധീക ക്കുകയാണ്.

ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും അറിയിക്കണം. ( Email: info@careermagazine.in )

ആദ്യ ലക്കത്തിൻറെ എഡിറ്റോറിയൽ ഇതോടൊപ്പം ചേർക്കുന്നു.

ശാപമോക്ഷം

തൊഴിലില്ലായ്മ ഒരു മഹാശാപമായി കാലഘട്ടത്തെ ഗ്രസിച്ചിരിക്കുന്നു.
സർക്കാരിൻറെ കണക്കനുസരിച്ച് 219.5 ലക്ഷം തൊഴിൽരഹിതർ ഇന്ന് ഇന്ത്യയിൽ ഉണ്ട്.
ഇവരിൽ അധികവും അഭ്യസ്തവിദ്യരാണ്.

വികസ്വര- അവികസിത രാഷ്ട്രങ്ങളിൽ എന്നപോലെ വികസിത രാജ്യങ്ങളിലും തൊഴിലില്ലായ്‌മ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ പരിഹാരമാർഗങ്ങളെക്കുറിച്ച് പലരും ഗൗരവപൂർവ്വം ചിന്തിക്കുന്നു.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം, രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയുടേതാണ്. പൊതു മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചതുകൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല ഇത്.

‘വൈറ്റ് കോളർ’ ജോലിക്ക് വേണ്ടിയുള്ള കാത്തുനിൽപ്പ് അവസാനിപ്പിച്ച് തൊഴിൽ മേഖല സ്വയം കണ്ടെത്തുവാനും അതിനുവേണ്ടി പ്രവർത്തിക്കുവാനും ചെറുപ്പക്കാർ മുന്നോട്ടു വരേണ്ടതിൻറെ ആവശ്യകതയിലേക്കാണിത് വിരൽചൂണ്ടുന്നത്.

തൊഴിലവസരങ്ങൾ യഥാർത്ഥത്തിൽ നാം കരുതുന്നത്ര കുറവല്ല ഇവിടെ.

തൊഴിലവസരങ്ങളെക്കുറിച്ചും പുതിയ തൊഴിൽ മേഖലകളെക്കുറിച്ചും യഥാസമയം അറിയാത്തതുകൊണ്ട് മാത്രം പലർക്കും തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നു.
തൊഴിൽ ഉറപ്പ് നൽകുന്ന അനേകം വിദ്യാഭ്യാസ പദ്ധതികൾ ഇന്ത്യയിലെ പല സർവകലാശാലകളിലും ഇന്നുണ്ട്. അവയെക്കുറിച്ചുള്ള അജ്ഞത ഗുമസ്തപ്പണിയുടെ തണലിനു വേണ്ടി കാത്തിരിക്കുവാൻ മിക്കവരെയും നിർബന്ധിതരാക്കി തീർക്കുന്നു. ഇത്തരമൊരു പരിതസ്ഥിതിയിൽ കരിയർ മാഗസിന് പ്രസക്തി ഏറുന്നു.

വിദ്യാർഥികളെയും ഉദ്യോഗാർത്ഥികളെയും മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു പ്രസിദ്ധീകരണം മലയാളത്തിൽ ആദ്യമായാണ്. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അറിയാൻ പാടില്ലാത്തതും എന്നാൽ അവർ അറിഞ്ഞിരിക്കേണ്ടതുമായ അനേകം കാര്യങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കുവാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.
തുടർന്നുള്ള ലക്ഷങ്ങൾ കൂടുതൽ ആകർഷവും വിജ്ഞാനപ്രദവുമാക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുവാനും പാഠ്യപദ്ധതികളെക്കുറിച്ചറിയുവാനും മത്സരപരീക്ഷയിൽ പങ്കെടുക്കുവാനും കരിയർ മാഗസിൻ ഒരു മാർഗ്ഗദർശി ആയിരിക്കും എന്ന് ഞങ്ങൾ ഉറപ്പു തരുന്നു…..
ശാപമോക്ഷത്തിത്തിനുള്ള വഴി!

-രാജൻ പി. തൊടിയൂർ
ചീഫ് എഡിറ്റർ

ഓഗസ്ററ് 1 1984

Share: