ക്ഷേത്രപ്രവേശനവിളംബരം : കേരള ചരിത്രത്തെ മാറ്റി മറിച്ച മഹത്തായ സംഭവം
കേരള ചരിത്രത്തെത്തന്നെ മാറ്റി മറിച്ച മഹത്തായ സംഭവമാണ് ക്ഷേത്രപ്രവേശനവിളംബരം. 80 വര്‍ഷങ്ങൾക്കു മുൻപ് 1936 നവംബര്‍ 12 നാണ് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ ഈ അത്ഭുത വിളംബരം പുറപ്പെടുവിച്ചത്. ജാതിയുടെ പേരില്‍ അകറ്റിനിര്‍ത്തപ്പെട്ട ഒരു ജനതയെ ക്ഷേത്രത്തിനുള്ളിലേക്കും അതുവഴി സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നയിക്കാന്‍ ഈ ചരിത്രവിളംബരത്തിന് സാധിച്ചു.
നൂറ്റാണ്ടുകളോളം നിലനിന്ന ഹീനമായ അനാചാരത്തെ തൂലികയുടെ ഒരു ചലനംകൊണ്ടു തുടച്ചുമാറ്റിയ മഹത്തായ ദിനമായി മാറി നവംബര്‍ 12.
ഒരു കാലത്തു കേരളത്തില്‍ അവര്‍ണരോടു കാട്ടിയിരുന്ന അനാചാരങ്ങളുടെ പേരിലാണു കേരളത്തെ ഭ്രാന്താലയമെന്നു സ്വാമി വിവേകാനന്ദന് വിളിച്ചത്. 1936 നവംബര്‍ 12നു തന്റെ ഇരുപത്തിനാലാം ജന്മദിനത്തില് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ഈ ദുഷ്പേരില്നിന്നു കേരളം മോചിതമായി. അവര്‍ണര്‍ക്കും സര്‍ക്കാര്‍വക ക്ഷേത്രത്തില്‍ പ്രവേശിക്കുവാനും ആരാധന നടത്തുവാനുമുള്ള അവകാശം നിലവില്‍ വന്നു. ഈ വിളംബരത്തിലൂടെ രണ്ടായിരത്തില്പരം ക്ഷേത്രങ്ങള്‍ ഹരിജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ക്രമേണ കൊച്ചിയിലും മദ്രാസ് പ്രസിഡന്സിയില് ഉള്‍പ്പെട്ട മലബാറിലും അയിത്തജാതിക്കാര്‍ക്കു ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ടു. മലബാറില്‍ 1938 ഡിസംബര്‍ 13 നാണു ക്ഷേത്രപ്രവേശനം യാഥാര്‍ഥ്യമായത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1947 ഡിസംബര്‍ 20നു കൊച്ചിയില്‍ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിളംബരം കൊച്ചിയിലെ കേരളവര്‍മ മഹാരാജാവ് പുറപ്പെടുവിച്ചു.
ഗാന്ധിജി പറഞ്ഞത്
ഈ വാര്‍ത്ത കേട്ടപ്പോള്‍ “തിരുവിതാംകൂറിലെ ആധുനികാത്ഭുതം’ എന്നാണു ഗാന്ധിജി ആദ്യം പ്രതികരിച്ചത്. സവര്‍ണ ഹിന്ദുക്കളുടെ സഹകരണംകൂടി ഇല്ലായിരുന്നെങ്കില്‍ ഇതു സാധ്യമാകുമായിരുന്നില്ലെന്നും അതിനാല്‍ ഇത് അക്രമരാഹിത്യത്തിന്റെ ശക്തിയുടെ സവിശേഷ ദൃഷ്ടാന്തമാണെന്നും അദ്ദേഹം പറഞ്ഞു. “”ക്ഷേത്രപ്രവേശന വിളംബരം നടപ്പില്‍ വരുത്താന്‍ പ്രധാന ക്ഷേത്രങ്ങളിലെങ്കിലും പൊലീസ് സേനയെ നിയോഗിക്കേണ്ടി വരുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. പത്തുവര്‍ഷം മുന്‍പു വൈക്കം ക്ഷേത്രത്തിന്റെ സമീപമുള്ള നിരോധിക്കപ്പെട്ട ഒരു റോഡ് കടന്നുപോകുന്നതിനു ശ്രമിച്ചവര്‍ കഠിനയാതന അനുഭവിച്ചതായി എനിക്കറിയാം. ഇപ്പോള്‍ ഒരു പ്രയാസവും കൂടാതെ എളിവയരിലല് എളിയവരായ ആളുകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരിക്കുന്നു.
ഹിന്ദുധര്‍മം നിറവേറ്റിയതില്‍ ഞാന്‍ മഹാരാജാവിനെയും അവിടത്തെ ഗവണ്മെന്റിനെയും അഭിനന്ദിക്കുന്നു…. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ തിരുവിതാംകൂറില്‍ പോയിരുന്നപ്പോള്‍ മഹാറാണിയെയും അവിടുത്തെ വാല്‍സല്യഭാജനവും ആശാനികേതനവും ആയ മഹാരാജാവു തിരുമനസ്സിനെയും സന്ദര്‍ശിക്കാന്‍ സാധിച്ചു. അന്ന് കേവലം ബാലനായിരുന്ന മഹാരാജാവിനോട് ഞാന്‍ നേരമ്പോക്കായി ചോദിച്ചു. “ഭരണം കിട്ടുമ്പോള്‍ ക്ഷേത്രം എല്ലാവര്ക്കും തുറന്നുകൊടുക്കുമോ’യെന്ന്. “തീര്‍ച്ചയായും’ എന്ന് അവിടുന്ന് ഉല്‍സാഹപൂര്‍വം മറുപടി പറഞ്ഞു.
വൈക്കം ക്ഷേത്രത്തിലേക്കു നയിക്കുന്ന ചില റോഡുകളില്‍ക്കൂടി ഹരിജനങ്ങള്‍ നടക്കുന്നപക്ഷം സവര്‍ണഹിന്ദുക്കള്‍ ദേഹോപദ്രവം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ട് അധികകാലമായിട്ടില്ല. ഇപ്പോള്‍ ഇതേ ക്ഷേത്രം സവര്‍ണ ഹിന്ദുക്കള്‍ക്കെന്നപോലെ അതേ വ്യവസ്ഥയോടുകൂടിത്തന്നെ എല്ലാ ഹരിജനങ്ങള്ക്കുമായി തുറന്നുകൊടുത്തിരിക്കുന്നു. മഹാരാജാവ് തിരുമനസ്സിനെയും അവിടത്തെ ഉത്തമ മാതാവിനെയും ശ്രേഷ്ഠസചിവനെയും തിരുവിതാംകൂറിലെ ഹിന്ദുക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു’’.
സുവര്‍ണ ഏട്
ശ്രീപത്മനാഭ ദാസ വഞ്ചിപാല സര് രാമവര്‍മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജ രാജ രാമരാജാ ബഹദൂര്‍ ഷംഷെര്‍ജംഗ് നൈറ്റ് ഗ്രാന്റ് കമാന്‍ഡര്‍ ആഫ് ദി മോസ്റ്റ് എമിനന്റ് ആര്ഡര് ആഫ് ദി ഇന്ത്യന്‍ എംപയര്‍, തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സുകൊണ്ട് 1936 നവംബര്‍ 12-നുക്കു ശരിയായ 1112 തുലാം 27നു പ്രസിദ്ധപ്പെടുത്തുന്ന വിളംബരം:
നമ്മുടെ മതത്തിന്റെ പരമാര്‍ത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും, ആയതു ദൈവികമായ അനുശാസനത്തിലും സര്‍വ്വവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവര്‍ത്തനത്തില്‍ അതു ശതവര്‍ഷങ്ങളായി കാലപരിവര്‍ത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദു പ്രജകളില്‍ ആര്‍ക്കുംതന്നെ അവരുടെ ജനനമോ? ജാതിയൊ, സമുദായമൊ കാരണം ഹിന്ദുമത വിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്നുള്ള ഉല്‍ക്കണ്ഠയാലും, നാം തീരുമാനിക്കുകയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്‍, സമുചിതമായ പരിതസ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി, ജനനാലൊ മതവിശ്വാസത്താലൊ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനൊ ഭജിക്കുന്നതിനൊ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.
ക്ഷേത്രപ്രവേശന വിളംബരത്തിലേക്കു
നയിച്ച മറ്റു ചില മുന്നേറ്റങ്ങള്‍
അയിത്തോച്ചാടനത്തിനും ക്ഷേത്രപ്രവേശനത്തിനും അനുകൂലമായ പൊതുജനാഭിപ്രായം കേരളത്തിലാകെ വളര്‍ത്തിക്കൊണ്ടുവരാന്‍ സഹായിച്ച ചില മുന്നേറ്റങ്ങള്‍:
അരുവിപ്പുറം പ്രതിഷ്ഠ
കേരളത്തിലെ ക്ഷേത്രപ്രവേശന സമരങ്ങളുടെ പ്രഥമ സ്ഫുലിംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത് അരുവിപ്പുറത്തായിരുന്നു. ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കേരളത്തിലെ സമരപരമ്പരയ്ക്ക് അതിസാഹസികമായ ഒരു സംരംഭത്തിലൂടെ ശ്രീനാരായണഗുരു തുടക്കംകുറിച്ചു. 1888-ല്‍ തിരുവനന്തപുരത്തിനു തെക്കുള്ള അരുവിപ്പുറത്തു നടത്തിയ ശിവലിംഗ പ്രതിഷ്ഠ അനുഷ്ഠാനപരമായ പാരമ്പര്യത്തിന്റെ നിഷേധവും സാമൂഹികപരിവര്‍ത്തന ചരിത്രത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തവുമായിരുന്നു.
വൈക്കം സത്യഗ്രഹം
വൈക്കം ക്ഷേത്രപരിസരത്തുള്ള പൊതുനിരത്തുകളിലൂടെ, അവര്‍ണ ഹിന്ദുക്കള്‍ക്ക് സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാന്‍ 1924 മാര്‍ച്ചില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സത്യഗ്രഹം.
1923ല്‍ കാക്കിനാഡയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ കേരളത്തിലെ ജാതിമേധാവിത്തത്തിനെതിരായ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ടി.കെ. മാധവന് അയിത്തോച്ചാടനത്തെയും ക്ഷേത്രപ്രവേശനത്തെയും സംബന്ധിച്ച് അവതരിപ്പിച്ച പ്രമേയങ്ങള്‍ക്ക് ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ലഭിച്ചു. 1924-25 കാലത്ത് വൈക്കത്ത് നടന്ന പ്രക്ഷോഭം അയിത്തോച്ചാടന പ്രസ്ഥാനത്തിലെ ആദ്യത്തെ ഐതിഹാസികമായ സമരമായിരുന്നു. 1925 മാര്‍ച്ചില്‍ മഹാത്മാഗാന്ധി വൈക്കത്തു വന്നു നടത്തിയ ഒത്തുത്തീര്പ്പിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലേക്കുള്ള നിരത്തുകള്‍ എല്ലാ ജാതി ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുത്തു.
ഗുരുവായൂര്‍ സത്യഗ്രഹം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നേടിയെടുക്കാനായി 1931 നവംബര്‍ ഒന്നിന് ആരംഭിച്ച സത്യഗ്രഹം. മന്നത്ത് പത്മനാഭന് പ്രസിഡന്റും കെ. കേളപ്പന് സെക്രട്ടറിയുമായ കമ്മിറ്റിയില്‍ എ.കെ. ഗോപാലനായിരുന്നു വോളണ്ടിയര്‍ ക്യാപ്റ്റന്‍. പത്തു മാസത്തെ സത്യഗ്രഹത്തിനുശേഷം 1932 സെപ്റ്റംബര്‍ 21നു കേളപ്പന് ക്ഷേത്രനടയില്‍ ഉപവാസമാരംഭിച്ചു. അധഃകൃതവര്ഗക്കാരെ ഇപ്പോള്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് യാഥാസ്ഥിതികരുടെ മനസ്സിനെ വേദനിപ്പിക്കുമെന്നും അങ്ങനെ വേദനിപ്പിക്കുന്നത് ബലപ്രയോഗമായിരിക്കുമെന്നും സാമൂതിരിപ്പാട് ഗാന്ധിജിയെ ധരിപ്പിച്ചു. അതുകൊണ്ട് നിരാഹാരം അവസാനിപ്പിക്കാന്‍ ഗാന്ധിജി കേളപ്പനു നിര്‍ദേശം നല്കി. ഒക്ടോബര്‍ രണ്ടിനു കേളപ്പന് നിരാഹാരവ്രതമവസാനിപ്പിച്ചു. പ്രത്യക്ഷ ഫലപ്രാപ്തിയെ സംബന്ധിച്ചിടത്തോളം ഗുരുവായൂര്‍ സത്യഗ്രഹം പരാജയമായിരുന്നെങ്കിലും അയിത്തത്തിനെതിരായി പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതില്‍ ഈ അവകാശ സമരം വിജയിച്ചു.
- ഗോപീകൃഷ്ണൻ