മാധ്യമപ്രവര്‍ത്തകരെ തടയുന്നത്‌ നിയമലംഘനമാണ്‌: അത് അനുവദിക്കാനാവില്ല: മുഖ്യമന്ത്രി

596
0
Share:

കൊച്ചി: മാധ്യമപ്രവര്‍ത്തകരെ തടയുന്നത്‌ നിയമലംഘനമാണെന്നും മാധ്യമ സ്വാതന്ത്യത്തിന്‌ തടസം സൃഷ്‌ടിക്കുന്ന നടപടികളെ സര്‍ക്കാരിന്‌ അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതികള്‍ ഈ രാജ്യത്തിന്റേതാണെന്ന്‌ അഭിഭാഷകര്‍ മനസിലാക്കണം. നിയമലംഘനം അതിരു വിട്ടുപോയാല്‍, അസഹനീയമായ രീതിയില്‍ വളര്‍ന്നാല്‍ നിയമം ലംഘിക്കാതിരിക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്‌ഥാനത്തെ കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്ന്‌ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു . കോടതികളില്‍ ആര്‌ കയറണം കയറേണ്ട എന്നു തീരുമാനിക്കുന്നത്‌ അഭിഭാഷകരല്ല. ജഡ്‌ജിമാരുടെ അതേ അധികാരം അഭിഭാഷകര്‍ക്കുണ്ടെന്ന്‌ തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെയുടെ സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യവേയാണ്‌ മുഖ്യമന്ത്രി അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ചത്‌. അഭിഭാഷകരുടെ കടന്നുകയറ്റം തുടര്‍ന്നാല്‍ നടപടിയുണ്ടാകും. കോടതികളുടെ അധികാരം ജഡ്‌ജിമാര്‍ക്കാണ്‌. ഇത്‌ മറികടന്ന്‌ അഭിഭാഷകര്‍ നിയമലംഘനം നടത്തിയാല്‍ സര്‍ക്കാര്‍ ഇടപെടും. നിയമം തെറ്റിക്കപ്പെടാതെ നോക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്‌. ചില സ്‌ഥാപിത താല്‍പര്യക്കാരാണ്‌ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന്‌ പിന്നില്‍.
സ്‌ഥാപിത താല്‍പര്യവും വ്യക്‌തമായ ഉദ്ദേശ ലക്ഷ്യങ്ങളും ഇത്തരക്കാര്‍ക്കുണ്ട്‌. ഇവരെ ഒറ്റപ്പെടുത്തണം.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ കാലോചിതമായി സര്‍ക്കാര്‍ ഇടപെട്ടില്ല എന്നൊരു ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ അഭിഭാഷകരേയും മാധ്യമപ്രവര്‍ത്തകരേയും മുഖ്യമന്ത്രിയെന്ന നിലയില്‍ വിളിച്ച്‌ ചേര്‍ത്തിരുന്നു. ഒന്നിച്ചൊരു ധാരണയുണ്ടാക്കി അഡ്വക്കേറ്റ്‌ ജനറലിന്റെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ചു.
പിന്നീടും പ്രശ്‌നം നീണ്ടുപോയി. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലടിക്കേണ്ടവരല്ല. ഹൈക്കോടതിക്കുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ ചീഫ്‌ ജസ്‌റ്റിസിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമായതിനാല്‍ സര്‍ക്കാരിന്‌ ചില പരിമിതികളുണ്ടായി. എന്നിരുന്നാലും പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാത്ത സാഹചര്യത്തില്‍ ചീഫ്‌ ജസ്‌റ്റിസുമായി കൂടിക്കാഴ്‌ച നടത്തി.
കോടതികളില്‍ വിലക്കില്ലെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഉറപ്പ്‌ നല്‍കിയിരുന്നു. കൂടാതെ മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ തടഞ്ഞ സംഭവത്തില്‍ രജിസ്‌ട്രാര്‍ക്ക്‌ നല്‍കിയ പരാതിയില്‍ മറുപടി നല്‍കാന്‍ നിര്‍ദേശിക്കുമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ അറിയിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസവും തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയില്‍ അഭിഭാഷകര്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു.
ചീഫ്‌ ജസ്‌റ്റിസിന്റെ വാക്കുപോലും മാനിക്കാന്‍ കഴിയാത്ത ചില അഭിഭാഷകരുണ്ട്‌.
അവരെ ഒറ്റപ്പെടുത്തുകയാണ്‌ വേണ്ടത്‌. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഭീഷണികളെ ശക്‌തമായി നേരിടാനും സത്യം ജനങ്ങളെ അറിയിക്കാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിക്കും പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന്‌ ചടങ്ങില്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും വ്യക്‌തമാക്കി. കോടതികളില്‍ ചില അഭിഭാഷകര്‍ ഗുണ്ടകളെപ്പോലെയാണ്‌ പെരുമാറുന്നത്‌. ഇത്‌ അംഗീകരിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത്‌ ജനാധിപത്യത്തിന്റെ വിജയത്തിന്‌ അനിവാര്യമാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

Share: