എല്‍.ഡി ക്ലര്‍ക്ക് : ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് ഉൾപ്പെടെ 61 തസ്തികകളിലേക്കുള്ള നിയമനത്തിനു പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏകജാലകം വഴിയാണ് അപേക്ഷിക്കേണ്ടത്.
എസ്.എസ്.എല്‍.സിയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
പ്രായം 18-36.
ഉദ്യോഗാര്‍ഥികള്‍ 02-01-1983-നും 01-01-2001-നുമിടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. ഉയര്‍ന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സ് . ഒ.ബി.സിക്ക് 39-ഉം എസ്.സി/എസ്.ടിക്ക് 41-മാണ്. 2019 ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്. ഈ വര്‍ഷം പ്രായപരിധി അവസാനിക്കുന്നവര്‍ക്കു കൂടി അവസരം ലഭ്യമാക്കാനുദ്ദേശിച്ചാണ് ഇപ്പോള്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
അടുത്ത ജൂണില്‍ പരീക്ഷ നടത്തി, ഡിസംബറില്‍ സാധ്യതപ്പട്ടികയും ഏപ്രിലില്‍ റാങ്ക്പട്ടികയും പ്രസിദ്ധീകരിക്കാനാണ് തീരുമാനം. നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി 2021 ഏപ്രില്‍ ഒന്നിന് അവസാനിക്കും. നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചാൽ തൊട്ടടുത്തദിവസം പുതിയ റാങ്ക് പട്ടിക നിലവിൽവരുന്ന വിധമാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതനുസരിച്ച് പരീക്ഷ ക്രമീകരിക്കും.അതുവരെ റിപ്പോർട് ചെയ്യുന്ന ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്നായിരിക്കും നിയമനം.
നിലവിലുള്ള പട്ടികയിൽനിന്നും 14 ജില്ലകളിലായി 3800 ഒഴിവുകളിലേക്കാണ് ഇതുവരെ നിയമനം നടത്തിയത്.കഴിഞ്ഞ എല്‍.ഡി ക്ലര്‍ക്ക് വിജ്ഞാപനം 2016 നവംബര്‍ 25നാണ് പ്രസിദ്ധീകരിച്ചത്. അന്നത്തെ വിജ്ഞാപനത്തിന് 14 ജില്ലകളിലായി 17.94 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇത്തവണ അപേക്ഷകരുടെ എണ്ണം അതിൽ കവിയുമെന്നാണ് കരുതുന്നത്.
ഡിസംബർ 18 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾ : https://www.keralapsc.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.