കുവൈത്ത് സിറ്റി:തൊഴില്‍ വിപണിയില്‍ പരിഷ്കരണം

Share:

രാജ്യത്തെ തൊഴില്‍ വിപണിയില്‍ സമൂല പരിഷ്കരണവും ക്രമീകരണവും വരുത്തുന്നതിന്‍െറ ഭാഗമായി വിദേശികളെ നേരിട്ട് ബാധിക്കുന്ന കടുത്ത നടപടികളിലേക്ക് അധികൃതര്‍ പ്രവേശിക്കുന്നതായി റിപ്പോര്‍ട്ട്.
സ്വദേശികളുടെ ജനസംഖ്യക്ക് ആനുപാതികമായി വിദേശ ജനസംഖ്യയുടെ തോത് പരിമിതപ്പെടുത്തുകയും അതുവഴി തൊഴില്‍ വിപണിയില്‍ പരിഷ്കരണം വരുത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിശ്ചയിച്ച വിവിധ മന്ത്രാലയങ്ങളടങ്ങിയ ഉന്നത സമിതിയുടെ നിര്‍ദേശത്തില്‍ മന്ത്രിസഭ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്.
വിദേശികള്‍ക്ക് തങ്ങളുടെ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ശമ്പളപരിധി നിലവിലെ 250 ദീനാറില്‍നിന്ന് 450 ദീനാറായി ഉയര്‍ത്തുക, റെസിഡന്‍ഷ്യല്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കുമുള്ള ഫീസ് വര്‍ധിപ്പിക്കുക, ജോലിക്ക് ഹാജരാവാതെ ഒളിച്ചോട്ടം നടത്തുന്നവര്‍ക്ക് ഒരു ദിവസത്തിന് നാലു ദീനാര്‍ എന്ന നിലയില്‍ പിഴ ഏര്‍പ്പെടുത്തുക, ഏറ്റവും കൂടിയ പിഴ 1000 ദീനാറായി ഉയര്‍ത്തുക തുടങ്ങിയവയാണ് ഇതില്‍ വിദേശ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങളായി മാറുക. അതോടൊപ്പം, സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലകളുടേതിന് സമാനമായി സന്താനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുക, സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാര്‍ക്ക് വിദേശ ചികിത്സക്കുള്ള ആനുകൂല്യം നല്‍കുക തുടങ്ങിയ തീരുമാനങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനുപുറമെ സൂഖ് ജുമുഅ വിപണിപോലുള്ള സംരംഭങ്ങളില്‍ സ്വദേശി വത്കരണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പഠനം നടത്തുക, സ്വകാര്യ പാര്‍പ്പിട മേഖലകളിലെ ജംഇയ്യകള്‍, സ്കൂളുകള്‍ എന്നിവയില്‍ ജോലിചെയ്യാന്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ കാര്യങ്ങളും അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണനയില്‍ വരുമെന്നാണ് അറിയുന്നത്.

Share: