സിവില്‍ സര്‍വീസ് പരീക്ഷ മലയാളത്തിലും എഴുതാം; ഐ.എ.എസ് നേടാം. -ലിപിന്‍ രാജ് എം പി- ഐ.എ.എസ്

Share:

 

തിരിച്ചറിവില്ലാത്ത,അതിനെക്കാള്‍ ഏറെ ആരും വഴികാട്ടിത്തരാനില്ലാത്ത ഞാനെന്ന ഒരു പതിനഞ്ചു വയസുകാരന്‍ ആദ്യമൊക്കെ എനിക്ക് ഒരു സിവില്‍ സര്‍വീസുകാരന്‍ ആവണമെന്ന് പറഞ്ഞപ്പോള്‍ അത് ചെറിയ വായിലെ വലിയ വര്‍ത്ത‍മാനമായി വിലയിരുത്തപ്പെട്ടു.വീട്ടുകാര്‍ ഞാന്‍ എന്തായാലും മതിയെന്ന മട്ടില്‍ എന്നെ ശ്രദ്ധിച്ചതേയില്ല.

ലയാളമടക്കമുള്ള പ്രാദേശികഭാഷകളെ ആളുകള്‍ പടിയടച്ചു പുറത്തെറിഞ്ഞു കൊണ്ടിരിക്കുന്ന കാലമാണിത്.രോദനങ്ങളും രോക്ഷപ്രകടനങ്ങളും ധാരാളമുണ്ടെങ്കിലും മരണകിടക്ക വരെ എത്തിയിട്ടിലെങ്കിലും മലയാളത്തിന് അടിത്തറ ഏറെക്കുറെ പാകിയ സംസ്കൃതം പോലെ, പാടെ ഉപേക്ഷിക്കപ്പെട്ടിട്ടില്ല എന്നതില്‍ ആശ്വസിക്കാം.ക്ലാസിക്കല്‍ പദവി കൊടുത്തിട്ടും മിക്ക ഭാഷകളും വിപണിയില്‍ അധ്യാപനത്തിനോ ക്ലറിക്കല്‍ ജോലികള്‍ക്കോ ഗവേഷണത്തിനോ അപ്പുറം മികച്ച ജോലി സാധ്യത നല്‍കുന്ന തരത്തിലേക്ക് വരാത്തത് ഇതിലേക്ക് പുതിയ തലമുറയ്ക്കുള്ള ആകര്‍ഷകത്വം കുറച്ചിട്ടുണ്ട്.അതിന് ന്യൂജെന്‍ തലമുറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കേരളമുണ്ടായി ആറു പതിറ്റാണ്ടിനോട് അടുക്കുമ്പോഴും ഇംഗ്ലീഷ് ഭാഷ നല്‍കുന്ന ജോലിസാദ്ധ്യതകള്‍ പോലും മലയാളത്തിന് നല്‍കാന്‍ കഴിയും വിധം നാമതിനെ രൂപപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല.
മലയാളഗവേഷണമേഖലയിലെ കണ്ടെത്തലുകള്‍ക്ക് പലതിനും നാളെ പ്രായോഗികത കൂടി ഇല്ലെങ്കില്‍ ഈ അവസ്ഥ കുറേക്കൂടി തീഷ്ണമാവും.എന്നാല്‍ വിദേശസര്‍വ്വകലാശാലകളില്‍ ഭാഷാ-മാനവികവിഷയങ്ങള്‍ക്കുള്ള റേറ്റിംഗ് കൂടിയിട്ടുണ്ട് എന്നതാണ് സത്യം. ഭാഷ പഠിച്ചവര്‍ക്കാണ് മാനം മുട്ടുന്ന ശമ്ബളം ഇല്ലെങ്കിലും അത്യാവശ്യം ജീവിച്ച്‌ പോകാനുള്ള അവസ്ഥയുള്ളതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഗ്രൂപ്പ് എ പരീക്ഷകളില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളത്തെ ഉപയോഗപ്പെടുത്തിയാല്‍ മികച്ച വിജയം നേടാമെന്ന് കേരളം ആദ്യം തിരിച്ചറിഞ്ഞത് 2003-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിയായ അശ്വതി എസ് (ഒറീസ്സ കേഡര്‍/2003) മലയാളം ഐച്ഛികവിഷയമെടുത്ത് മൂന്നാം റാങ്ക് ദേശീയതലത്തില്‍ നേടി ഞെട്ടിച്ചപ്പോഴാണ്‌. ഞാന്‍ വെട്ടിയെടുത്ത് എന്‍റെ ശ്വാസ-നിശ്വാസങ്ങള്‍ പേറിയിരുന്ന ഡയറിയിലൊട്ടിച്ചു അന്നേ സൂക്ഷിച്ചു വെച്ച വാര്‍ത്തകളിലൊന്നാണിത്.അതിന് ശേഷം മലയാളം ഐച്ഛികവിഷയമെടുത്ത് മെയിന്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു.അത്ര കാലവും കോച്ചിംഗ് സെന്‍ററുകള്‍ പുച്ഛത്തോടെ അകറ്റി നിര്‍ത്തിയിരുന്ന മലയാളം സിവില്‍ സര്‍വീസ് പരിശീലനത്തിന്‍റെ പൂമുഖത്ത് അന്ന് മുതല്‍ ഒരു കസേരയിട്ടിരുന്നു.പിന്നീടതിന് ഇളക്കം തട്ടിയിട്ടേയില്ല.പക്ഷേ ഇപ്പോള്‍ മലയാളം ഐച്ഛികവിഷയമെടുക്കുമ്പോൾ പലരും കോച്ചിംഗിന് പോവാറില്ലയെന്നതാണ് സത്യം.പഴയ നോട്ട്സും ഇഷ്ടം പോലെ പുസ്തകങ്ങളും മലയാളം ഐച്ഛികവിഷയത്തിന് നിലവില്‍ ലഭ്യമാണ്.തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറി,തൃശൂര്‍ സാഹിത്യഅക്കാദമി ലൈബ്രറി,തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി ലൈബ്രറി എന്നിവയൊക്കെ ചെലവു കുറഞ്ഞ രീതിയില്‍ മലയാളം ഐച്ഛികവിഷയമെടുക്കുന്നവര്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്താന്‍ പറ്റിയ ഇടങ്ങളാണ്.പല റാങ്കുകാരും ഇവിടെ നിന്നൊക്കെ രൂപപ്പെട്ടവരാണ്.അവരുടെ നോട്ട്സിന്റെ ഫോട്ടോകോപ്പിയെടുത്താല്‍ തന്നെ ചെലവ് പകുതി കുറയ്ക്കാം.വലിയ ഫീസ്‌ മുടക്കി മലയാളമെന്ന ഐച്ഛികവിഷയത്തില്‍ അതും മാതൃഭാഷയില്‍ കോച്ചിംഗിന് പോകുന്നതിന് ഞാന്‍ എതിരാണ്.ഉയര്‍ന്ന ഫീസ്‌ കൊടുത്ത് അത്ര നിലവാരമില്ലാത്ത കോച്ചിംഗിന് പോകാന്‍ പറ്റിയ സ്ഥാപനങ്ങള്‍ കേരളത്തില്‍ അത്രത്തോളമുണ്ടുതാനും.
മലയാളം ഐച്ഛികവിഷയമെടുത്ത് മെയിന്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണം പലപ്പോഴും റാങ്കുകളുടെ ഗതി തന്നെ നിയന്ത്രിച്ചു.എന്നാല്‍ അതിന് ശേഷവും മലയാളം ഒരു പരീക്ഷാമാധ്യമമായി എടുക്കാന്‍ എഴുതിയവരൊക്കെ അധൈര്യപ്പെട്ടു.അതായത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളും മലയാളത്തില്‍ എഴുതിയാല്‍ മാര്‍ക്ക് കുറഞ്ഞു പോയാലോ,എന്തിന് വെറുതേ റിസ്ക്‌ എടുക്കുന്നുവെന്ന് അവര്‍ ചിന്തിച്ചതില്‍ കുറ്റം പറയാന്‍ കഴിയില്ല.സിവില്‍ സര്‍വീസിലെ മലയാളം പേപ്പര്‍ നോക്കുന്ന കേരളത്തിലെ ചില അധ്യാപകര്‍ യു.പി.എസ്.സി പോലും അതിന് ഡിഗ്രി നിലവാരം മതിയെന്ന് നിഷ്കര്‍ഷിച്ചപ്പോള്‍, അത് പോരാ കളക്ടര്‍ ആവാന്‍ പി.എച്ച്‌.ഡിയ്ക്ക് തുല്യമായ അറിവ് വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ മലയാളം ഒരു വിഷയമായി തിരഞ്ഞെടുത്ത ആരും കേരളത്തില്‍ നിന്നും മറുകര കണ്ടില്ല.അപ്പോള്‍ പിന്നെ മൊത്തം പരീക്ഷ തന്നെ മലയാളത്തില്‍ എഴുതാന്‍ അവര്‍ ശരിക്കും ഭയപ്പെട്ടു.അതേ സമയം എഞ്ചിനീയറിംഗ്-മാനവികവിഷയങ്ങള്‍ക്ക്‌ കൃത്യമായ മേധാവിത്വം ഉത്തരേന്ത്യ കേന്ദ്രീകരിച്ച്‌ രൂപപ്പെട്ടു വന്നു.മറുവശത്ത് മലയാളം വിഷയനിലവാരം ഇടക്കാലത്ത് താഴ്ന്നതും ഒരു കാരണമായി മാറിയതോടെ മലയാളം നന്നായി അറിയാവുന്ന പലരും ഒന്നുകില്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ അതേ വരെ പഠിച്ചിട്ടില്ലാത്ത മാനവിക(ഹുമനിറ്റിെസ്)വിഷയങ്ങളിലേക്ക് ചേക്കേറി.അത്ര കാലവും ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന മാനവികവിഷയങ്ങള്‍ പ്രത്യേകിച്ചും ഇക്കണോമിക്സ്‌,ഹിസ്റ്ററി എന്നിവ സിവില്‍ സര്‍വീസ് ഓപ്ഷണല്‍ വിഷയങ്ങളായത് ഇത്തരമൊരു വടക്കന്‍ കാറ്റിന്‍റെ പിന്‍ബലത്തിലായിരുന്നു .അക്കാലത്ത് സയന്‍സും കൊമേഴ്സും കിട്ടിയില്ലെങ്കില്‍ മാത്രം മാനവികവിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ മണ്ടന്മാരാണ് എന്ന ലേബല്‍ സമൂഹം അത്തരക്കാര്‍ക്ക് മേല്‍ ഒട്ടിച്ചു കൊടുത്തു.അമ്മമാരും അച്ഛന്മാരും അതിനെ പിന്തുണച്ചു.
അത്തരമൊരു സാമൂഹികചിന്തയുടെ മടിയിലേക്കാണ്‌ എന്‍റെ തലമുറ പിറന്നു വീണത്‌.ഇത്തരത്തില്‍ സ്വന്തം സ്വപ്നങ്ങളെ കുഴിച്ചു മൂടിയ എല്ലാ നിര്‍ഭാഗ്യവാന്മാരോടും ആര് മറുപടി പറയും ?. തിരിച്ചറിവില്ലാത്ത,അതിനെക്കാള്‍ ഏറെ ആരും വഴികാട്ടിത്തരാനില്ലാത്ത ഞാനെന്ന ഒരു പതിനഞ്ചു വയസുകാരന്‍ ആദ്യമൊക്കെ എനിക്ക് ഒരു സിവില്‍ സര്‍വീസുകാരന്‍ ആവണമെന്ന് പറഞ്ഞപ്പോള്‍ അത് ചെറിയ വായിലെ വലിയ വര്‍ത്ത‍മാനമായി വിലയിരുത്തപ്പെട്ടു.വീട്ടുകാര്‍ ഞാന്‍ എന്തായാലും മതിയെന്ന മട്ടില്‍ എന്നെ ശ്രദ്ധിച്ചതേയില്ല.
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ എം.ബി.ബി.എസ്സിനോ അല്ലെങ്കില്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലോ അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ മക്കളുടെ ഭാവി തുലഞ്ഞുവെന്ന മട്ടിലുള്ള പ്രചാരണം കൊടുമ്പി രി കൊണ്ടു.അതിന് പുറകേ ചുവടു വെച്ച ഞാനും മലയാളത്തേയും മാനവികവിഷയങ്ങളേയും ഇഷ്ടപ്പെട്ടെങ്കിലും ഒടുവില്‍ സയന്‍സില്‍ ചെന്ന് പെട്ടു. എന്നെ ഫിസിയോതെറാപ്പിസ്റ്റ് ആക്കാനായിരുന്നു അധ്യാപകരുടെ പ്ലാന്‍.അല്ലെങ്കില്‍ ഒരു ലാബ് അസിസ്റ്റന്റ്‌.അതിന് വേണ്ടിയാണ് ഞാന്‍ സയന്‍സ് പഠിച്ചത്.പറ്റിയ തെറ്റ്, തിരിച്ചറിവുണ്ടായ ഡിഗ്രി ആദ്യവര്‍ഷം തന്നെ ഞാന്‍ തിരുത്തി.കാരണം എന്‍റെ ലക്ഷ്യം സിവില്‍ സര്‍വീസ് ആണെന്ന് ഞാന്‍ സ്വയം തിരിച്ചറിഞ്ഞു. എന്‍റെ എം.എ മലയാളം പരീക്ഷയും സിവില്‍ സര്‍വീസ് മെയിന്‍ ഓപ്ഷണല്‍ വിഷയമായ മലയാളം പരീക്ഷയും തൊട്ടടുത്ത മാസങ്ങളില്‍ ആയിരുന്നു.ആനന്ദിച്ചു മലയാളത്തില്‍ മുങ്ങിക്കുളിച്ച്‌ നിന്ന മൂന്നു മാസങ്ങള്‍.ട്രെയിന്‍ ലേറ്റായി ബസ്‌ ലേറ്റായി ഒരു കൊടും മഴയത്ത് ആകെ നനഞ്ഞു കുളിച്ചാണ് ഞാന്‍ എം.എ മലയാളത്തിലെ മലയാളനോവല്‍ സാഹിത്യം പേപ്പര്‍ എഴുതാന്‍ ചെന്നത്.അരമണിക്കൂര്‍ ലേറ്റായിട്ടും അവിടെ നിന്ന ടീച്ചര്‍ എന്നെ പരീക്ഷ എഴുതിപ്പിച്ചു.അതേ ഉത്തരങ്ങള്‍ തന്നെയാണ് ഞാന്‍ യു.പി.എസ്.സി പരീക്ഷയ്ക്കും ഏറെക്കുറെ പഠിച്ചത്.അതിപ്പോള്‍ സിവില്‍ സര്‍വീസ് വിജയത്തിലെത്തിനില്‍ക്കുന്നു.മലയാളത്തിന്‍റെ ഭംഗിയും അനുഗ്രഹവും കൊണ്ട് മാത്രമാണ്,
ഇംഗ്ലീഷും ഹിന്ദിയും ഉള്‍പ്പെടെയുള്ള ഏട്ടാം പട്ടികയിലെ 22 ഭാഷകളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി ഞാന്‍ ഉപന്യാസം ( ഏസ്സയ് ) പേപ്പറിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിയത്.സാഹിത്യഭാഷയോ കെട്ടുപിണഞ്ഞ വ്യാകരണമോ ചേര്‍ത്തല്ല ഞാനത് എഴുതിയത്.നല്ല മലയാള ഭാഷാപരിജ്ഞാനം ഉള്ളവര്‍ക്ക് തീര്‍ച്ചയായും മാറ്റുരയ്ക്കാന്‍ പറ്റിയ ഒന്നാണ് സിവില്‍ സര്‍വീസ് പരീക്ഷയെങ്കിലും അതിന് പി.എച്ച്‌.ഡിയ്ക്ക് തുല്യമായ ഉയര്‍ന്ന അക്കാദമിക് നിലവാരഭാഷാശൈലിയൊന്നും ഇപ്പോഴും ആവശ്യമില്ല.1990 ന് ശേഷം ജനിച്ച എന്‍റെ അനുജന്മാരുടെ,അനുജത്തിമാരുടെ തലമുറ ഇപ്പോള്‍ മാനവികവിഷയങ്ങളും മലയാളവും എടുക്കാന്‍ കാണിക്കുന്ന തന്റേടവും വീട്ടുകാരുടെ സമ്മര്‍ദത്തെ അതിജീവിക്കുന്ന ധൈര്യവും ഇനിയും തുടരേണ്ടതുണ്ട്. യു.പി.എസ്.സി പരീക്ഷാനോട്ടിഫിക്കേഷനില്‍ മലയാളം ഒരു ഐശ്ചികവിഷയമാണ്.250 മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകള്‍.വളരെ ഒതുക്കവും അടക്കവുമുള്ള സിലബസ് ആണ് ഇരുപേപ്പറുകളിലും ഉള്ളത്. ഇതില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി 40 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് എഴുതിയ എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട്.അത് പരമാവധി എഴുപതു ശതമാനം വരെ പോയ സന്ദര്‍ഭങ്ങളുണ്ട്‌.ചില സിവില്‍ സര്‍വീസ് വിജയികളുടെ അവസാനലിസ്റ്റിലെ വിജയത്തെ വലിയ തോതില്‍ മലയാളം സ്വാധീനിച്ച സന്ദര്‍ഭങ്ങളുണ്ട്.മറിച്ചും സംഭവിച്ചിട്ടുണ്ട്. മറ്റു മാനവികവിഷയങ്ങളോ എഞ്ചിനീയറിംഗോ പഠിച്ചവര്‍ മലയാളമടക്കമുള്ള തങ്ങളുടെ പ്രാദേശികഭാഷകളെ ജയിക്കാനുള്ള ഒരു ഉപാധിയാക്കി മാറ്റിയതിലെ അപകടം രണ്ടായിരത്തിഅഞ്ചിന് ശേഷം യു.പി.എസ്.സി തിരിച്ചറിഞ്ഞു.പലപ്പോഴും മൂല്യനിര്‍ണയത്തില്‍ അവര്‍ പിടിച്ചു മാര്‍ക്കിടുന്നുവെന്ന ആരോപണം ഉയര്‍ന്നു.അത് ശരിയല്ലെന്ന് യു.പി.എസ്.സി തന്നെ രഹസ്യമായി എതിര്‍ക്കുന്നുണ്ട്.എങ്കിലും എളുപ്പത്തില്‍ വിജയം നേടാന്‍ പ്രാദേശികഭാഷകളെ ഉപയോഗപ്പെടുത്തുമ്ബോള്‍ അത് മറ്റു കഠിനഐച്ഛികവിഷയമെടുക്കുന്നവരോടുള്ള അനീതിയാണെന്ന് ഒരു പക്ഷമുണ്ട്.അതിനാല്‍ തന്നെ യു.പി.എസ്.സി ചോദ്യപേപ്പറില്‍ എന്തെങ്കിലും കുരുത്തക്കേടുകള്‍ കാണിച്ചാല്‍ ആ റിസ്ക്‌ എടുക്കാന്‍ പരീക്ഷാര്‍ത്ഥികള്‍ തയ്യാറാവണം.എങ്കിലും മലയാളം ഐശ്ചികവിഷയം പേപ്പര്‍ മൂല്യനിര്‍ണയം നടത്തുക കേരളത്തില്‍ ആണെന്ന മേന്മ അപ്പോഴുമുണ്ട്‌.തമിഴര്‍ നമുക്ക് മുന്‍പേ തൊണ്ണൂറുകളിലേ ഇതിന്‍റെ സാദ്ധ്യതകള്‍ കണ്ടെത്തി.അത് ഫലപ്രദമായി അവര്‍ ഉപയോഗിച്ചപ്പോള്‍ തമിഴ്നാട്, സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്കുകളില്‍ ഇടം പിടിച്ചു.പണ്ട് ഐശ്ചികവിഷയം ആരെങ്കിലും മലയാളമെടുത്താല്‍ കളക്ടര്‍ ആവാനുള്ള ആളല്ലേ പി എച്ച്‌ ഡി യ്ക്ക് തുല്യമായ അറിവ് മലയാളത്തില്‍ വേണമെന്ന് മൂല്യനിര്‍ണയത്തില്‍ നിര്‍ബന്ധം പിടിച്ചിരുന്ന അധ്യാപകരുടെ മനോഭാവവും ഇപ്പോള്‍ മാറിയിട്ടുണ്ട്.എന്നാല്‍ ചെറിയ തെറ്റുകള്‍ പ്രത്യേകിച്ചും അക്ഷര-വ്യാകരണതെറ്റുകള്‍ സിവില്‍ സര്‍വീസ് മലയാളം പേപ്പറില്‍ വന്നാല്‍ അവരൊരിക്കലും ക്ഷമിക്കില്ല, മറിച്ചത് ആത്മഹത്യാപരമായിരിക്കും. ഐശ്ചികവിഷയം മാത്രമല്ല, നിര്‍ബന്ധമായും ജയിച്ചിരിക്കേണ്ട ഒരു ഇന്ത്യന്‍ ഭാഷ കൂടിയാണ് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയില്‍ മലയാളം.അതില്‍ ജയിച്ചാല്‍ മാത്രമേ ബാക്കിയുള്ള പേപ്പറുകള്‍ മൂല്യനിര്‍ണ്ണയത്തിനു തിരഞ്ഞെടുക്കൂ.മുന്‍പ് പ്രിലിമിനറി പരീക്ഷയിലുണ്ടായിരുന്ന ഇംഗ്ലീഷ്, മാര്‍ക്കിങ്ങില്‍ പരിഗണിക്കാതെ ഇപ്പോള്‍ ഒഴിവാക്കിയത് മറ്റൊരു തിരിച്ചടിയാണ്.പൊതുവേ ഇംഗ്ലീഷില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്ന മലയാളിക്കുട്ടികള്‍ക്ക് കിട്ടിയ ഈ ഇരുട്ടടി മറികടക്കാന്‍ കഠിനപരിശ്രമത്തിലൂടെ അല്ലാതെ അത്ര എളുപ്പത്തില്‍ കഴിയില്ല. ഇംഗ്ലീഷ് ഭാഷ ഒട്ടും വശമില്ലാത്തവര്‍ക്ക് സിവില്‍ സര്‍വീസിലേക്ക് കടന്നു കൂടാനുള്ള എളുപ്പവഴിയല്ല മലയാളം ഐശ്ചികവിഷയവും പരീക്ഷാമാധ്യമവും.ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് മലയാളത്തിലെഴുതിയാല്‍ കിട്ടും എന്ന് കരുതരുത്.കാരണം സിവില്‍ സര്‍വീസ് പരീക്ഷാതയ്യാറെടുപ്പുകള്‍ക്ക് ലഭ്യമായ ഒട്ടുമിക്ക പുസ്തകങ്ങളും മാസികകളും പത്രങ്ങളും വെബ്സൈറ്റുകളും ഇപ്പോഴും ഇംഗ്ലീഷില്‍ മാത്രമാണ് ലഭ്യം.പ്രത്യേകിച്ചും ഭരണഘടന,സയന്‍സ് ടെക്നോളജി,കാലാവസ്ഥാപഠനം തുടങ്ങിയവയ്ക്കൊന്നും മലയാളം പുസ്തകങ്ങള്‍ അത്ര ലഭ്യമല്ല. ഞാന്‍ മെയിന്‍ പരീക്ഷയില്‍ മലയാളം ഒരു പരീക്ഷാമാധ്യമമായി എടുത്തതിന് കാരണം ഇംഗ്ലീഷിനെക്കാള്‍ എനിക്ക് കൂടുതല്‍ വേഗത്തില്‍ എഴുതാന്‍ കഴിയുക മലയാളമായതിനാലാണ്.
ഞാന്‍ ചെറുപ്പത്തില്‍ പങ്കെടുത്ത ഉപന്യാസമത്സരങ്ങളില്‍ ഒരു മണിക്കൂറില്‍ ഇംഗ്ലീഷില്‍ അഞ്ചു പേജുകള്‍ എഴുതുമ്ബോള്‍ മലയാളത്തില്‍ എട്ടു പേജുകള്‍ വരെ വൃത്തിയായി എഴുതും.മെയിന്‍ പരീക്ഷ അറിവിന്‍റെ മാറ്റുരയ്ക്കലിനൊപ്പം ഒരു എഴുത്തുമത്സരം കൂടിയാണ്.ചിലപ്പോള്‍ ചോദ്യങ്ങള്‍ കൂടുതലും സമയം തീരെ കുറവുമായിരിക്കും.അത്തരം അപ്രതീക്ഷിതമായ നീക്കങ്ങളെ തടയിടാന്‍ മാതൃഭാഷയില്‍ മെയിന്‍ പരീക്ഷ എഴുതുന്നത്‌ ഉപകരിക്കും.ഇംഗ്ലീഷിലും മാതൃഭാഷയിലും ഒരേ പോലെ പ്രശോഭിക്കാന്‍ കഴിയുന്നവര്‍ക്ക് ഇതൊരു മികച്ച സാധ്യതയും കോമ്ബിനേഷനുമായിത്തീരും. ഉയര്‍ന്ന ശമ്ബളവും അധികാരവും ആര്‍ഭാടവും ഒന്നും പ്രതീക്ഷിച്ചു സിവില്‍ സര്‍വീസിലേക്ക് ആരും വരരുത്.ബീക്കണ്‍ ലൈറ്റിന്‍റെ മാസ്മരികത മാത്രമല്ല ഈ ജോലി.സിവില്‍ സര്‍വീസ് ജോലിയ്ക്ക് ഒരു ആത്മീയഭാവമുണ്ട്; വെറുമൊരു ജോലിക്കപ്പുറം സേവനത്തിലൂടെ പ്രയാണം ചെയ്യേണ്ട, അതിലുപരി സ്വയം കണ്ടെത്തുകയും ചെയ്യുന്ന തപസാണിത്.അത് കണ്ടെത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിലാണ് സിവില്‍ സര്‍വീസ് ജോലിയുടെ ത്രില്‍.മറ്റൊരര്‍ത്ഥത്തില്‍ ബ്രഹ്മചാരിയെ പോലെ ജീവിക്കുകയും ഗൃഹസ്ഥാശ്രമം നടത്താന്‍ കഴിയുകയും ചിലപ്പോഴൊക്കെ വാനപ്രസ്ഥത്തില്‍ ലയിക്കുകയും മറ്റു ചിലപ്പോള്‍ സന്യാസിയെപ്പോലെ നിര്‍മമന്‍ ആവുകയും ചെയ്യേണ്ടവനാണ് ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍. അതാഗ്രഹിക്കുന്നവര്‍ക്ക് അതിലേക്ക് ചുവടു വെയ്ക്കാനുള്ള കൈവെള്ളയിലെ അനുഗ്രഹമാണ് മലയാളം.
ഭാഷയെ അതിരറ്റ് ആത്മാര്‍ത്ഥമായി, സ്ഫുടം ചെയ്ത് സ്മര്‍പ്പണഭാവത്തോടെ സ്നേഹിക്കുന്നവര്‍ക്ക്, ഈ പരീക്ഷയില്‍ അത് ആവോളം തിരികെ തരുമെന്ന് തന്നെയാണ് എന്‍റെ വിശ്വാസം;അനുഭവവും.

Share: