വ്യോമസേനയിലെ തൊഴിൽ സാധ്യതകൾ

643
0
Share:

Flight

സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള ലോകമാണ് ഇന്ത്യൻ എയർഫോഴ്‌സ്. ഫൈറ്റർ പൈലറ്റായി മാത്രമല്ല വ്യോമസേനയിൽ തൊഴിലവസരം. മിസൈൽ വിഭാഗവും സിഗ്നൽ, റഡാർ യൂണിറ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വ്യോമസേനയിലെ ഓരോ ജോലിക്കും തിളക്കമേറെ. ഫ്‌ളയിങ്, ടെക്‌നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗങ്ങളിലായാണു വ്യോമസേനയിൽ തൊഴിലവസരം.

ഫ്‌ളയിങ്:
യുദ്ധവിമാനങ്ങളും ഹെലികോപ്‌റ്ററുകളും ചരക്കുവിമാനങ്ങളും പറപ്പിക്കുന്ന പൈലറ്റുമാർ ഈ വിഭാഗത്തിലാണ്. യുദ്ധവിമാനങ്ങളിൽ ആയുധസംവിധാനം കൈകാര്യം ചെയ്യുന്നവരും (വെപ്പൺ സിസ്‌റ്റം ഓപ്പറേറ്റർ) ഉൾപ്പെടും.

ടെക്‌നിക്കൽ:
വിമാനങ്ങളുടെ സാങ്കേതിക ജോലികളും അറ്റകുറ്റപ്പണികളും ഈ വിഭാഗത്തിന്റെ ചുമതലയാണ്. കമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ ചുമതലയും സാങ്കേതിക വിഭാഗത്തിനാണ്.

ഗ്രൗണ്ട് ഡ്യൂട്ടി:
എയർ ട്രാഫിക് കൺട്രോൺ സംവിധാനം ഉൾപ്പെടെയുള്ളവ ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിന്റെ കീഴിലാണ്. കാലാവസ്‌ഥാ പഠനം, വിദ്യാഭ്യാസം, ട്രാഫിക് കൺട്രോൾ, അക്കൗണ്ട്‌സ് തുടങ്ങിയ ചുമതലകൾ ഇവർക്കാണ്.

എൻഡിഎ പരീക്ഷ :

കമ്മിഷൻഡ് ഓഫിസറാകാൻ എൻഡിഎ (നാഷനൽ ഡിഫൻസ് അക്കാദമി) പരീക്ഷയാണു പ്രധാന മാർഗം. എൻഡിഎയിലെ മൂന്നു വർഷത്തെ പരിശീലനത്തിനു ശേഷം എയർഫോഴ്‌സ് അക്കാദമിയിൽ പ്രത്യേക പരിശീലനമുണ്ട്. ഇതിനു ശേഷം ഫ്ലയിങ് ഓഫിസറായി നിയമനം.

തുടർന്ന് അലഹബാദിലെ പൈലറ്റ് പരിശീലന കേന്ദ്രത്തിൽ പ്രത്യേക പരിശീലനം നൽകും. പാരഷൂട്ട് ജംപർമാർക്ക് ആഗ്രയിലും അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലേക്കുള്ളവർക്കു കോയമ്പത്തൂരിലെ എയർഫോഴ്‌സ് അഡ്‌മിനിസ്‌ട്രേറ്റീവ് കോളജിലുമാണു പരിശീലനം. മറ്റു വിഭാഗങ്ങൾക്കുമുണ്ട് ഇതുപോലെ പരിശീലന കേന്ദ്രങ്ങൾ. എയർഫോഴ്‌സ് ട്രെയിനിങ് കമാൻഡിന്റെ ആസ്‌ഥാനം ബെംഗളൂരുവാണ്.

ഡിഗ്രി കഴിഞ്ഞ് സിഡിഎസ്‌ഇ

ബിരുദധാരികൾക്കു കംബൈൻഡ് ഡിഫൻസ് സർവീസ് എക്‌സാമിനേഷൻ (സിഡിഎസ്‌ഇ) വഴിയും പ്രവേശനം തേടാം. എൻസിസി സി സർട്ടിഫിക്കറ്റുള്ളവർക്കും നേരിട്ട് അപേക്ഷിക്കാം.

ടെക്‌നിക്കൽ വിഭാഗത്തിൽ ജോലി ലഭിക്കാൻ എയ്‌റനോട്ടിക്കൽ, ഇലക്‌ട്രോണിക്, മെക്കാനിക്കൽ എൻജിനീയറിങ് മേഖലകളിൽ ബിരുദം ആവശ്യമാണ്. സ്‌ത്രീകൾക്കും അപേക്ഷിക്കാം. എയ്‌റനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രവേശന പരീക്ഷ വഴിയും പ്രവേശനം നേടാം.

എയർമാനായും ചേരാം

ഓഫിസറായി മാത്രല്ല, എയർമാനായും വ്യോമസേനയിൽ ചേരാം. പത്ത്, പ്ലസ് ടു പഠനം പൂർത്തിയാക്കിയവർക്കാണ് അവസരം. നോൺ ടെക്‌നിക്കൽ വിഭാഗങ്ങളിലാകും നിയമനം. മികവു തെളിയിച്ചാൽ മറ്റു ഗ്രൂപ്പുകളിലേക്കു മാറാം. പ്ലസ് ടു പൂർത്തിയാക്കിയവർക്കു ടെക്‌നിക്കൽ വിഭാഗങ്ങളിൽ അവസരമുണ്ട്. എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്കു ടെക്‌നിക്കൽ വിഭാഗത്തിൽ എയർ ക്രാഫ്‌റ്റ്‌സ്‌മാനായി ചേരാം. മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ഓട്ടമൊബീൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്‌ട്രമെന്റേഷൻ ടെക്‌നോളജി എന്നിവയിലായിരിക്കണം ഡിപ്ലോമ.

വൈദ്യപരിശോധന :

വ്യോമസേനയിൽ ചേരുന്നവർക്കു മികച്ച ആരോഗ്യം നിർബന്ധമാണ്. കാഴ്‌ചശക്‌തിയും പ്രത്യേകം പരിഗണിക്കും; പൈലറ്റ് ആകണമെങ്കിൽ ഇതു കൂടുതൽ പ്രധാനം. ഫ്ലൈയിങ് ബ്രാഞ്ചുകാർ ജീവിതത്തിൽ ഒരൊറ്റ പ്രാവശ്യം മാത്രം പങ്കെടുക്കാവുന്ന പൈലറ്റ് ആപ്‌റ്റിറ്റ്യൂഡ് ബാറ്ററി ടെസ്‌റ്റിലും വിജയിക്കണം. നിർദിഷ്‌ട വൈദ്യപരിശോധനയും തൃപ്‌തികരമായാൽ കമ്മിഷൻഡ് ഓഫിസർ ട്രെയിനിങ്ങിനു നിയോഗിക്കപ്പെടും.

വനിതക ൾക്കും അവസരം :

ഫൈറ്റർ പൈലറ്റ് വിഭാഗത്തിലൊഴികെ ഏതു വിഭാഗത്തിലും വനിതകൾക്കും പ്രവേശനം നേടാം. ഹെലികോപ്‌റ്ററുകളും ട്രാൻസ്‌പോർട്ട് ക്രാഫ്‌റ്റുകളും പറത്താൻ ഇന്ന് ഒട്ടേറെ വനിതകളുണ്ടെന്നതാണ് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേകത.

Share: