മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക്ഡൗൺ

Share:

ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്‌ഡൗൺ മെയ് 3 വരെ നീട്ടി. നാളെ മുതൽ ഒരാഴ്‌ച്ച രാജ്യത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവുകളുണ്ടാകും. യാത്രാനിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകില്ല. സ്ഥിതി മോശമായാൽ വീണ്ടും കർശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്ത് വേഗത്തിലാണ് കോവിഡ് കേസുകൾ വർധിച്ചുവരുന്നത്. ഇത്രയെങ്കിലും പിടിച്ചുനിർത്താനായത് ജനങ്ങളുടെ പിന്തുണകൊണ്ടാണ്. മറ്റ് വികസിത രാജ്യങ്ങളേക്കാൾ മെച്ചമാണ് ഇന്ത്യയുടെ നില. രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികൾ എല്ലാം സഹായകരമായി.

കോവിഡ് പ്രതിരോധത്തിൽ രാജ്യം ഇതുവരെ ജയിച്ചു. രാജ്യത്തെ രക്ഷിക്കുക എന്നതാണ് പ്രഥമദൗത്യം. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുകയാണ്. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങൾക്കുണ്ടായ പ്രയാസം മനസ്സിലാക്കുന്നു. ഉത്സവങ്ങൾ മാതൃകാപരമായി ആഘോഷിക്കാനായി.

വൈറസ് എല്ലാ തലത്തിലും തടയണം. ഓരോ ഹോട്ട്‌സ്‌പോട്ടുകളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് കൃത്യമായ വിലയിരുത്തലുകൾ നടത്തും. പുതിയ ഹോട്ട്സ്പോട്ടുകൾ വന്നാൽ, നമ്മുടെ ശ്രമങ്ങൾക്ക് തടസങ്ങൾ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാർച്ച് 24-ന് പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തത്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഏഴിന നിർദേശങ്ങളും പ്രധാനമന്ത്രി നിർദേശിച്ചു.

1. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കുക
2. മുതിർന്ന പൗരന്മാർക്ക് പ്രത്യേക കരുതൽ നൽകുക
3. രോഗപ്രതിരോധം ശക്തമാക്കുക
4. കേന്ദ്രസർക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുക
5. പാവപ്പെട്ടവരെ സഹായിക്കുക
6. തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചു വിടരുത്
7. ആരോഗ്യപ്രവർത്തകരെ മാനിക്കുക, ആദരിക്കുക

ഒഡിഷ, പഞ്ചാബ്, മഹാരാഷ്‌ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങൾ ഇതിനകംതന്നെ അടച്ചിടൽ ഈമാസം 30 വരെ നീട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടച്ചിടൽ തുടരുമെന്ന വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു.

Share: