“ഭിന്നശേഷിയുള്ളവരുടെ അസാധാരണ കഴിവുകൾ തിരിച്ചറിയണം” – ഡോ. എം ആർ തമ്പാൻ

672
0
Share:

ഭിന്നശേഷിയുള്ളവരുടെ അസാധാരണ കഴിവുകൾ തിരിച്ചറിയാനും അത് വളർത്തിയെടുത്ത് സമൂഹത്തിന് പ്രയോജന കരമാക്കാനും നാം തയ്യാറാകണമെന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ . എം ആർ തമ്പാൻ. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി തിരുവനന്തപുരം പാൽക്കുളങ്ങരയിൽ , ഭിന്ന ശേഷിയുള്ള ദമ്പതികൾ നടത്തുന്ന സൂര്യകലാ കേന്ദ്രയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങൾ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഭിന്നശേഷിയുള്ളവർക്ക് അവിശ്വസനീയ മായ ചില കഴിവുകൾ ഉണ്ടാകും. പലപ്പോഴും അത് നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകുന്നു. അവരിലെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന മഹനീയ കൃത്യമാണ് സൂര്യ കലാ കേന്ദ്രം കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ചെയ്തു വരുന്നത് . ഇതിന് സർക്കാരിന്റെ ഭാഗത്തുനിന്നും പിന്തുണ നല്കുന്ന ധാരാളം പദ്ധതികൾ ഉണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്കുന്ന ചില കമ്മിറ്റികളിൽ ഉണ്ടായിരുന്നിട്ടും ഈ ഒരു സ്ഥാപനത്തെക്കുറിച്ച് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. ഒരു സഹായത്തിനും സർക്കാരിനെ സമീപിച്ചിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന ഈ സ്ഥാപനത്തിന് സർക്കാരിന്റെ സഹായത്തോടുകൂടി കൂടുതൽ കാര്യങ്ങൾ നിർവഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പതിനഞ്ച് വർഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് കുട്ടികൾക്ക് കലാപരമായ പരിശീലനം നല്കിയ ഭിന്ന ശേഷിയുള്ള അദ്ധ്യാപകരായ എസ് എസ് ബിമൽ കുമാറിനെയും എസ് ആർ ധന്യയെയും പൂച്ചെണ്ട് നല്കി അഭിനന്ദിച്ചു. മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനം നടത്തി.
സി ആർ എ സെക്രട്ടറി രാജഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാൽക്കുളങ്ങര കൌണ്സിലർ എസ് വിജയ കുമാരി , രാജൻ പി തൊടിയൂർ , അഡ്വക്കേറ്റ് ഓമല്ലൂർ വാസുദേവൻ, സൂര്യകലാകേന്ദ്രം ഡയരക്ടർ സുമംഗലാ ശങ്കരൻ കുട്ടി , ബ്രിന്ദാ സനിൽ തുടങ്ങിയവർ സംസാരിച്ചു.

Share: