പ്രതിഭാ സ്കോളർഷിപ്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ (കെഎസ്എസ്ടിഇ) ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനുമായി വിവിധ സ്കോളർഷിപ്പുകൾ നൽകുന്നു. എട്ടാം ക്ലാസ് മുതൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ വരെയുള്ള പഠനത്തിന് വിവിധ സ്കീമുകൾ അനുസരിച്ച് സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്.
പ്രതിഭാ സ്കോളർഷിപ്: പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടി അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ് കെഎസ്എസ്ടിഇ നൽകുന്ന പ്രതിഭാ സ്കോളർഷിപ്. ശാസ്ത്ര മേഖലയിൽ ഉപരി പഠനം നടത്തുന്നതിനു വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനാണു സ്കോളർഷിപ് നൽകുന്നത്. പ്ലസ്ടു വിന് ആകെ 95 ശതമാനം മാർക്കും സയൻസ് വിഷയങ്ങൾക്കു മാത്രമായി 95 ശതമാനം മാർക്കു വാങ്ങിയവരും അടിസ്ഥാന ശാസ്ത്ര മേഖലയിൽ ഉപരി പഠനം നടത്തുന്നവരുമായിരിക്കണം അപേക്ഷകർ.ബിരുദ വിദ്യാർഥികൾക്ക് ആദ്യ വർഷം 12000 , രണ്ടാം വർഷം 18000 , മൂന്നാം വർഷം 24000 രൂപ, പിജി വിദ്യാർഥികൾക്ക് ആദ്യ വർഷം 40000, രണ്ടാം വർഷം 60000 രൂപ. ഡിഗ്രിതലത്തിൽ 75 ശതമാനം മാർക്ക് നേടിയവർക്കാണ് പിജി പഠനത്തിനു തുടർ സ്കോളർഷിപ്പു ലഭിക്കുക.സ്കോളർഷിപ്പിന് അർഹരാകുന്നവർക്ക് സയൻസ് എന്റിച്ച്മെന്റ് പ്രോഗ്രാം, സമ്മർ ഇന്റേണ്‍ഷിപ് എന്നിവയിലും തിരുവനന്തപുരം ഐസർ നടത്തുന്ന സമ്മർ പ്രോഗ്രാമിലും പങ്കെടുക്കാൻ അവസരം ലഭിക്കും. സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.
സ്കീം ഫോർ പ്രമോട്ടിംഗ് യംഗ് ടാലന്റ്സ് ഇൻ സയൻസ്: പ്രതിഭകളെ കണ്ടെത്താനും പ്രൊജക്ടുകൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായി കെഎസ്എസ്ടിഇയുടെ പദ്ധതിയാണ് സ്കീം ഫോർ പ്രമോട്ടിംഗ് യംഗ് ടാലന്റ്സ് ഇൻ സയൻസ് അഥവാ SP-YTiS. എട്ടാം ക്ലാസ് മുതൽ ബിരുദതലം വരെയുള്ള കുട്ടികളെ കണ്ടെത്തി ശാസ്ത്ര പ്രൊജക്ടുകൾ ചെയ്യാൻ സഹായം നൽകുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. രണ്ടു സ്കീമുകളാണ് ഇതിനു കീഴിൽ ഉണ്ടാകുക. എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ആദ്യ സ്കീം അനുസരിച്ച് സഹായം നൽകുന്നത്. ഒരു സ്കൂളിൽ നിന്നും രണ്ടോ അതിലധികമോ കുട്ടികളുടെ ഗ്രൂപ്പ് രൂപീകരിച്ച് ശാസ്ത്ര പ്രൊജക്ടുകൾ ചെയ്യാൻ സഹായം നൽകും. 5000 രൂപയാണ് അവാർഡ് തുക. ഒരു വർഷമാണ് കാലാവധി. ഡിപ്ലോമ, ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രൊജക്ട് ചെയ്യുന്നതിന് 10000 രൂപ നൽകുന്നതാണ് രണ്ടാമത്തെ പദ്ധതി.ഈ മാസം 21നകം അപേക്ഷിക്കണം.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ടാലന്റ് ഫെയർ, ബാല ശാസ്ത്ര കോണ്‍ഗ്രസ് എന്നിവയിൽ പങ്കെടുക്കുന്നതിനു ഗ്രാന്റും ലഭിക്കും.
ഫെലോഷിപ്പ്: സയന്‍സ്, എന്‍ജിനിയറിംഗ് വിഷയങ്ങളില്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പോസ്റ്റ് ഡോക്ടറല്‍, സ്പെഷല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം.26 ആണ് അവസാന തീയതി.
വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.kscste.kerala.gov.in സന്ദർശിക്കുക.
ഫോണ്‍: +91 + 471 2548223.